23 വയസിനിടെ 14 ലോക കിരീടം; അപൂർവ്വ നേട്ടവുമായി അർജന്റീനൻ യുവതാരം

ആറ് വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിൽ ലക്ഷ്യം കാണുന്ന ആദ്യ പ്രീമിയർ ലീഗ് താരവുമായി

Update: 2023-12-23 10:52 GMT
Editor : Sharafudheen TK | By : Web Desk
Advertising

ജിദ്ദ: ലാറ്റിനമേരിക്കൻ ക്ലബ് ഫ്‌ളുമിനൻസിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി ക്ലബ് ലോകകപ്പ് കിരീടത്തിൽ മുത്തമിടുമ്പോൾ അർജന്റീനൻ താരം ജൂലിയൻ അൽവാരസിന് അതൊരു അപൂർവ്വ നേട്ടം കൂടിയായി. രാജ്യത്തിനും ക്ലബിനുമായി 14ാം കിരീടമാണ് യുവതാരം സ്വന്തമാക്കിയത്. അർജന്റീനക്കായി ലോകകപ്പ്, കോപ്പ അമേരിക്ക, ഫൈനലിസിമ എന്നിവയാണ് പ്രധാനനേട്ടം. ക്ലബായ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ക്ലബ് ലോകകപ്പിന് പുറമെ പ്രീമിയർലീഗ്, എഫ്.എ കപ്പ്, ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർകപ്പ് കിരീടം. അർജന്റീനൻ ജഴ്‌സിയിൽ കോപ്പ അർജന്റീന, ലീഗ പ്രൊഫഷണൽ, സൂപ്പർകോപ്പ അർജന്റീന, ട്രോഫിയോ ഡി ചാമ്പ്യൻസ്, കോപ്പ ലിബർടഡോറസ് റീകോപ്പ സുഡമെരിക്കാന കിരീടനേട്ടത്തിലും 23 കാരന്റെ കൈയ്യൊപ്പുണ്ടായിരുന്നു.

ജിദ്ദയിൽ നടന്ന ക്ലബ് ലോകകപ്പ് ഫൈനലിൽ 40ാം സെക്കന്റിൽ ഗോൾനേടിയും ആൽവാരസ് ശ്രദ്ധേയനായി. ക്ലബ് ലോകകപ്പിലെ വേഗതയേറിയ ഗോളായി മാറിയിത്. ആറ് വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിൽ ലക്ഷ്യംകാണുന്ന ആദ്യ പ്രീമിയർ ലീഗ് താരമെന്ന നേട്ടവും ഈ അർജന്റീനക്കാരൻ സ്വന്തമാക്കി. പ്രീമിയർലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്.എ കപ്പ്, കമ്യൂണിറ്റി ഷീൽഡ്, ക്ലബ് വേൾഡ് കപ്പ് എന്നിവയിലാണ് യുവതാരം സിറ്റിക്കായി വലകുലുക്കിയത്. ക്ലബ് ലോകകപ്പ് ഫൈനലിൽ ആൽവരസിന്റെ ഇരട്ടഗോൾ മികവിൽ എതിരില്ലാത്ത നാല് ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്.

2019 ക്ലബ് ലോകകപ്പ് ഫൈനലിൽ ബാഴ്‌സലോണക്കായി ലയണൽ മെസി നേടിയ ഗോളിനെ ഓർമിപ്പിക്കുന്നതായി ആൽവരസിന്റെ ആദ്യഗോൾ. പ്രതിരോധതാരം നഥാൻ ആകെ ഉതിർത്ത ഷോട്ട് പോസ്റ്റിൽതട്ടിതിരിച്ചുവരികയും തക്കം പാർത്തിരുന്ന ആൽവരസ് ശരീരമുപയോഗിച്ച് പന്ത് വലയിലാക്കുകയുമായിരുന്നു. സമാനമായാണ് എസ്റ്റൂഡിയന്റെസിനെതിരായ ഫൈനലിലെ മെസിയുടെ ഗോളും.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News