ഇത് ശരിക്കും കൊമ്പന്മാർ, ഇക്കുറി തിടമ്പേറ്റുമോ?
ഓരോ വർഷത്തെയും ഐഎസ്എൽ സീസൺ ആരംഭിക്കുമ്പോഴും വലിയ പ്രതീക്ഷയോടെയാണ് ടീമും ആരാധകരും എത്താറുള്ളത്
മലയാളി ഫുട്‌ബോൾ പ്രേമികളുടെ മനസ്സിലേക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു വികാരമായി പടരാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഓരോ വർഷത്തെയും ഐഎസ്എൽ സീസൺ ആരംഭിക്കുമ്പോഴും വലിയ പ്രതീക്ഷയോടെയാണ് ടീമും ആരാധകരും എത്താറുള്ളത്. എന്നാൽ പല സീസണുകളിലും ബ്ലാസ്റ്റേഴ്‌സ് വലിയ പരാജയമായിരുന്നു.
രണ്ട് തവണ ഫൈനലിസ്റ്റുകളായെങ്കിലും ഇതുവരെ കപ്പിൽ മുത്തമിടാൻ കൊമ്പന്മാർക്ക് സാധിച്ചിട്ടില്ല. പല സീസണുകളിലും ലോകോത്തര താരങ്ങളെ ടീമിൽ എത്തിച്ചെങ്കിലും പോയിന്റ് പട്ടികയിൽ പിന്നിൽ നിൽക്കാൻ മാത്രമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ യോഗം.എന്നാൽ, നിലവിലെ സീസണിൽ കഥ മാറിയിരിക്കുന്നു. എതിർ ടീം ആരായാലും അവരെ തകർക്കുന്ന പ്രകടനമാണ് മഞ്ഞപ്പട ഇതുവരെ പുറത്തെടുത്തിരിക്കുന്നത്. മുന്നേറ്റത്തിലെ മികവും മിഡ്ഫീൽഡിലെ ക്രിയാത്മകതയും പ്രതിരോധത്തിലെ കരുത്ത് ഒരുമിച്ച് ചേർന്ന പ്രകടനമാണ് അവർ പുറത്തെടുക്കുന്നത്.
മുന്നേറ്റത്തിൽ അൽവാരോ വാസ്‌കസും പെരേര ദിയാസും സഹലും ഗോളടിച്ച് കൂട്ടുമ്പോൾ, പ്രതിരോധത്തിലെ വിള്ളൽ നോക്കി മുന്നേറ്റത്തിലേക്ക് പന്ത് എത്തിക്കാൻ അദ്രിയാൻ ലൂണയും ജീക്‌സണും പരിശ്രമിക്കുന്നു. എതിർ ടീമിന്റെ മുന്നേറ്റം തടയാൻ സിപ്പോവികും കാബ്രയും ജസലും മാർക്കോ ലെസ്‌കോവിക്കും കഠിന്വാധാനം നടത്തുന്നുമ്പോൾ ഈ കൊമ്പന്മാരെ തളയ്ക്കുക അത്ര എളുപ്പമല്ല.
ഇതുവരെ കളിച്ച 11 മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് തോൽവി അറിഞ്ഞത്. അഞ്ച് ജയവും അഞ്ച് സമനിലയുമായി പോയിന്റ് പട്ടികയിൽ ഒന്നാമനായി നിൽക്കുമ്പോൾ ഏതൊരു ബ്ലാസ്‌റ്റേഴ്‌സ് ആരാധകനും കൊതിക്കുന്നുണ്ട് ഈ വർഷത്തെ കിരീടം. അവരുടെ ആഗ്രഹം നിറവേറ്റാൻ ഈ ടീമിന് സാധിക്കും. ഇവർക്കേ സാധിക്കൂ!.