മധ്യനിരയിൽ നിർണായക സൈനിങ്; മോണ്ടിനെഗ്രോ താരത്തെയെത്തിച്ച് ബ്ലാസ്റ്റേഴ്‌സ്

യൂറോപ്പിലെ വിവിധ ക്ലബുകൾക്കായി കളത്തിലിറങ്ങിയിട്ടുണ്ട്

Update: 2025-01-15 15:09 GMT
Editor : Sharafudheen TK | By : Sports Desk
Advertising

കൊച്ചി: മോണ്ടിനെഗ്രോ താരം ഡുഷാൻ ലഗാറ്റോറുമായി കരാർ ഒപ്പുവെച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്ലിൽ നിലനിൽപ്പിനായുള്ള പോരാട്ടം നടത്തുന്ന മഞ്ഞപ്പടയുടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിങാണിത്. 2026 മെയ് വരെ ഒരു വർഷം നീണ്ടു നിൽക്കുന്ന കരാറാണ് ഡിഫൻസീവ് മിഡ്ഫീൽഡറുമായി ഒപ്പുവെച്ചത്. ഹംഗേറിയൻ ക്ലബ് ഡെബ്രസെനി വിഎസ്സിയിൽ നിന്നാണ് താരത്തെ മലയാളി ക്ലബ് റാഞ്ചിയത്. ലഗാറ്റോറിനായി ബ്ലാസ്റ്റേഴ്സ് എത്ര തുകയാണ് മുടക്കിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

 30 കാരനെ എത്തിക്കുന്നതിലൂടെ മധ്യനിരയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാകുമെന്നാണ് മാനേജ്‌മെന്റ് കരുതുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡർക്ക് പുറമെ സെൻട്രൽ ബാക്കായും കളിക്കാൻ കഴിയും. മിലോസ് ഡ്രിൻസിചിന് പിന്നാലെയാണ് മറ്റൊരു മോണ്ടിനെഗ്രോ താരം ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തുന്നത്.

 യൂറോപ്പിലെ വിവിധ ക്ലബുകളിലായി 300 ഓളം മത്സരങ്ങളിൽ താരം കളത്തിലിറങ്ങിയിട്ടുണ്ട്. മോണ്ടെനെഗ്രോ സീനിയർ, അണ്ടർ 19, 21 ടീമുകൾക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്. 2011ൽ മാണ്ടിനെഗ്രിയൻ ക്ലബ് എഫ്‌കെ മോഗ്രനുവേണ്ടി കളത്തിലറങ്ങിയ താരം 10 ഗോളും സ്‌കോർ ചെയ്തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി താരം ഉടൻ സ്‌ക്വാർഡിനൊപ്പം ചേരും. മികച്ച താരങ്ങളെ സൈൻ ചെയ്യാത്ത മാനേജ്‌മെന്റ് നടപടിക്കെതിരെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട നിസഹകരണം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മോണ്ടിനെഗ്രിയൻ താരത്തിന്റെ സൈനിങ്. സ്വന്തം തട്ടകമായ കലൂർ ജവഹൽ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ഒഡീഷ എഫ്.സിയെ ബ്ലാസ്റ്റേഴ്‌സ് തോൽപിച്ചിരുന്നു. നിലവിൽ പോയന്റ് ടേബിളിൽ എട്ടാംസ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News