ഐ.എസ്.എല്‍; ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവന്മരണപോരാട്ടം
ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നെയിന്‍ എഫ്.സിക്കെതിരെ
ഐ.എസ്.എല്ലിൽ ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ചെന്നെയിൻ എഫ്.സി പോരാട്ടം. സീസണിൽ മൂന്ന് മത്സരങ്ങൾ മാത്രം അവശേഷിക്കെ ഇനിയുള്ള മത്സരങ്ങൾ മുഴുവൻ ബ്ലാസ്റ്റേഴ്‌സിന് ജീവന്മരണ പോരാട്ടങ്ങളാണ്. നന്നായി കളിച്ചിട്ടും കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എ.ഫ് സിയോട് തോൽവി വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി സാധ്യതകൾ മങ്ങിയിരുന്നു. അതിനാൽ വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തില്‍ പ്രതീക്ഷിക്കുന്നില്ല.
സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സീസൺ അവസാനത്തോടടുക്കുമ്പോൾ ബ്ലാസ്‌റ്റേഴ്‌സിന് എന്താണ് സംഭവിച്ചത് എന്നോർത്ത് തലയിൽ കൈവക്കുകയാണ് ആരാധകർ. 17 കളികളിൽ നിന്ന് ഏഴ് വിജയങ്ങളും ആറ് സമനിലകളും നാല് തോൽവികളുമുൾപ്പെടെ 27 പോയിന്റുമായി അഞ്ചാം സ്ഥാനത്താണിപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്.
അതേ സമയം സെമി ഫൈനൽ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ച ചെന്നൈയിൻ എ.ഫ്‌സി ആശ്വാസ ജയത്തിന് വേണ്ടിയാവും ഇന്നിറങ്ങുക. ഐ.എസ്.എല്ലിൽ കഴിഞ്ഞ ആറു മത്സരങ്ങളിൽ ചെന്നൈയിന് വിജയിക്കാനായിട്ടില്ല. ഒരു മാസം മുമ്പ് നോർത്ത് ഈസ്റ്റിനെതിരെ നേടിയ വിജയമാണ് ഈ സീസണിൽ ചെന്നൈയിന്റെ അവസാന വിജയം.
പരിക്കേറ്റ നിഷു കുമാറും ജീക്സൺ സിംഗും പരിക്കിൽ നിന്ന് സുഖം പ്രാപിച്ചു വരികയാണെങ്കിലും ചെന്നൈക്കെതിരായ മത്സരത്തിൽ ഇവരുടെ ലഭ്യത സംബന്ധിച്ച ബ്ലാസ്റ്റേഴ്സിന്‍റെ ഔദ്യോഗീക സ്ഥിതീകരണം വന്നിട്ടില്ല. എന്നാൽ എ.ടി.കെ ക്കെതിരെ ചുവപ്പ് കാർഡ് കണ്ട് പുറത്തായ ടീമിന്‍റെ കുന്തമുന പെരേറ ഡയസ്സ് ടീമിൽ തിരിച്ചെത്തും. സീസണിൽ ഒരു തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിനെ തകർത്തിരുന്നു.