ഹൈദരാബാദിനെ വീഴ്ത്തി: കേരള ബ്ലാസ്റ്റേഴ്‌സ് തലപ്പത്ത്
ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിന്റെ തലപ്പത്ത് എത്തുന്നതും. 42ാം മിനുറ്റിൽ അൽവാരോ വാസ്‌ക്വസ് നേടിയ തകർപ്പൻ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് വിജയവഴിയൊരുക്കിയത്.
പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്.സിയെ തോൽപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിന്റെ തലപ്പത്തേക്ക്. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിനെ ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്. സമനില മത്സരങ്ങൾക്ക് ശേഷമുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ജയമാണിത്. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എൽ പോയിന്റ് ടേബിളിന്റെ തലപ്പത്ത് എത്തുന്നതും.
42ാം മിനുറ്റിൽ അൽവാരോ വാസ്‌ക്വസ് നേടിയ തകർപ്പൻ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് വിജയമൊരുക്കിയത്. മികച്ച രീതിയിലാണ് ഇരു ടീമുകളും പന്ത് തട്ടിയത്. രണ്ട് ടീമുകൾക്കും ആവശ്യത്തിന് അവസരം ലഭിച്ചു. എന്നാൽ അതിലൊന്ന് ഗോളാക്കാൻ കഴിഞ്ഞത് ബ്ലാസ്റ്റേഴ്‌സിനാണെന്ന് മാത്രം. മത്സരത്തിന്റെ ഏഴാം മിനുറ്റിൽ തന്നെ ഫ്രീകിക്കിലൂടെ ഹൈദരാബാദിന് മികച്ചൊരു അവസരം ലഭിച്ചു. ഗാർസിയ എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങുകയായിരുന്നു.
43ാം മിനുറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് വല കുലുക്കുന്നത്. അതും ത്രോയിലൂടെ വന്നൊരു നീക്കമാണ് വാസ്‌ക്വസ് തന്റെ മികച്ചൊരു നീക്കത്തിലൂടെ വലയിലെത്തിക്കുന്നത്. ഖാബ്രയുടെ ത്രോ സഹൽ ഹെഡ് കൊണ്ട് പിറകിലേക്ക് കൊടുക്കുന്നു. ആ നീക്കം മനോഹരമായി വാസ്‌ക്വസ് വലക്കുള്ളിലേക്ക് അടിച്ചുകയറ്റി. ഗോൾ കീപ്പർ കൈവെച്ചെങ്കിലും പന്ത് വലക്കുള്ളിൽ. ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നിലും. വാസ്‌ക്വസ്വാണ് കളിയിലെ താരവും.
രണ്ടാം പകുതിയും എണ്ണം പറഞ്ഞ അവസരങ്ങൾ രണ്ട് സമ്പന്നമായിരുന്നു. എന്നാല്‍ ലീഡ് ഉയർത്താനുള്ള ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങളും ഒപ്പമെത്താനുള്ള ഹൈദരാബാദ് ശ്രമങ്ങളുമെല്ലാം പിഴക്കുകയായിരുന്നു. അതോടെ ബ്ലാസ്റ്റേഴ്‌സിന് അർഹിച്ച ജയം. പത്ത് മത്സരങ്ങൾ പൂർത്തിയായപ്പോൾ നാല് ജയവുമായി 17 പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനത്താണ്. അത്രയും മത്സരങ്ങളും പോയിന്റുമായി മുംബൈ സിറ്റി എഫ്.സിയാണ് രണ്ടാം സ്ഥാനത്ത്. 16 പോയിന്റുാമയി ഹൈദരാബാദ് എഫ്.സിയാണ് മൂന്നാം സ്ഥാനത്ത്. അത്രയും പോയിന്റുമായി ജംഷ്ഡ്പൂർ എഫ്.സി നാലാം സ്ഥാനത്തും.