ലാ ലിഗ: റയോ വല്ലെക്കാനോക്കെതിരെ ബാഴ്‌സലോണയ്ക്ക് സമനിലത്തുടക്കം
കളിയുടെ അവസാന നിമിഷങ്ങളിൽ ബുസ്‌കെറ്റ്‌സ് ചുവപ്പ് കാർഡ് വാങ്ങിയത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി
സ്പാനിഷ് ലീഗിൽ ബാഴ്‌സലോണയ്ക്ക് സമനിലയോടെ തുടക്കം. റയോ വല്ലെക്കാനോയാണ് ബാഴ്‌സയെ ഗോൾരഹിത സമനിലയിൽ തളച്ചത്. കളിയുടെ അവസാന നിമിഷങ്ങളിൽ ബുസ്‌കെറ്റ്‌സ് ചുവപ്പ് കാർഡ് വാങ്ങിയത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി. കളിയിൽ 68 ശതമാനവും നിയന്ത്രിച്ചത് ബാഴ്‌സയായിരുന്നുവെങ്കിലും ടീമിന് ഗോളുകൾ കണ്ടെത്താനായില്ല. മത്സരത്തിൽ ലഭിച്ച എട്ടു കോർണറുകൾ ഉപയോഗപ്പെടുത്താനും ടീമിനായില്ല. ആകെ 30 ഫൗളുകളാണ് മത്സരത്തിൽ നടന്നത്.
19 വർഷത്തിന് ശേഷം ആദ്യമായാണ് ബാഴ്‌സലോണ മൂന്ന് ലീഗ് മത്സരങ്ങളിൽ ഗോൾ നേടാതെ പോകുന്നത്.
അതേസമയം, ഫ്രഞ്ച് ലീഗിൽ തുടർച്ചയായ രണ്ടാം ജയത്തോടെ പിഎസ്ജി ഒന്നാമതെത്തി. മൊണ്ട്‌പെല്ലിയറിനെ രണ്ടിനെതിരെ അഞ്ച് ഗോളിനാണ് തോൽപ്പിച്ചത്. പിഎസ്ജിക്കായി നെയ്മർ ഇരട്ട ഗോൾ നേടി.
അതിനിടെ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. എതിരില്ലാത്ത നാല് ഗോളുകൾക്ക് ബ്രെൻറ് ഫോർഡാണ് ടീമിനെ നാണക്കേടിലാഴ്ത്തിയത്. തുടരെ രണ്ടാം മത്സരത്തിലാണ് യുണൈറ്റഡ് തോൽവി നേരിടുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ യുണൈറ്റഡ് കീഴടങ്ങുകയായിരുന്നു. കൗണ്ടർ അറ്റാക്കുകളുമായി ബ്രെന്റ്‌ഫോർഡ് ഒന്നിന് പിറകെ ഒന്നായി നാല് ഗോളുകൾ കണ്ടെത്തുകയായിരുന്നു.
അതിനിടെ, തുടർച്ചയായ രണ്ടാം ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ബേൺമൗത്തിനെതിരെ മറുപടിയില്ലാത്ത നാല് ഗോളുകൾ നേടി ആധികാരികമായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജയം. ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ച ആഴ്‌സണലാണ് രണ്ടാമത്. വാശിയേറിയ പോരാട്ടത്തിലാണ് ആഴ്‌സണൽ ലെസ്റ്റർ സിറ്റിയെ കീഴടക്കിയത്. രണ്ട് ഗോളും രണ്ട് അസിസ്റ്റുമായി ഗബ്രിയേൽ ജെസ്യൂസ് തിളങ്ങിയപ്പോൾ രണ്ടിനെതിരെ നാലു ഗോളുകളാണ് ആഴ്‌സണൽ നേടിയത്. ലീഗിൽ ഇന്ന് ചെൽസി ടോട്ടനത്തേയും ലിവർപൂൾ ക്രിസ്റ്റൽ പാലസിനേയും നേരിടും.
La Liga: Barcelona draw against Rio Vallecano