'റോണോയില്ലാതെ ജയിക്കാമെന്ന് കരുതിയോ?'; പോര്‍ച്ചുഗല്‍ കോച്ചിനെ കടന്നാക്രമിച്ച് ഇതിഹാസ താരം ലൂയി ഫിഗോ
പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ലൂയി ഫിഗോ.
ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണോൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്ന പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസിന്റെ തീരുമാനത്തിനെതിരെ ഇതിഹാസ താരം ലൂയി ഫിഗോ. ക്രിസ്റ്റ്യാനോയെ ബഞ്ചിൽ ഇരുത്തിയത് തെറ്റായിപ്പോയെന്നും അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ടീം മാനേജ്‌മെന്റിന് മാറി നിൽക്കാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ലോകകപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് ഫിഗോയുടെ പ്രതികരണം.
'ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബഞ്ചിലിരുത്തി നിങ്ങൾക്ക് ലോകകപ്പ് ജയിക്കാനാകില്ല. സ്വിറ്റ്‌സർലാൻഡിനെതിരെയുള്ള വിജയം മികച്ചതായിരുന്നു. എന്നാൽ അത് എല്ലാ കളിയിലും ചെയ്യാനാകുമോ? ഇല്ല. ക്രിസ്റ്റ്യാനോയെ ബഞ്ചിലിരുത്തിയത് തെറ്റായിരുന്നു. ഈ പരാജയത്തിൽ കോച്ചിനും മാനേജ്‌മെന്റിനും ഉത്തരവാദിത്വമുണ്ട്' - അദ്ദേഹം പറഞ്ഞു.
പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ലൂയി ഫിഗോ. ക്ലബ് ഫുട്‌ബോളിൽ ബാഴ്‌സലോണ, റയൽ മാഡ്രിഡ്, ഇന്റർ മിലാൻ തുടങ്ങിയ വമ്പന്മാർക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്. രണ്ടായിരത്തിലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവുമാണ്.
മൊറോക്കോയ്‌ക്കെതിരെയുള്ള നിർണായ മത്സരത്തിൽ സ്വിറ്റ്‌സർലാൻഡിനെതിരെ കളിച്ച അതേ ടീമിനെയാണ് സാന്റോസ് കളത്തിലിറക്കിയിരുന്നത്. മത്സരത്തിന്റെ 51-ാം മിനിറ്റിൽ റൂബൻ നെവസിന് പകരമായാണ് താരം മൈതാനത്തിറങ്ങിയത്. എന്നാൽ ലക്ഷ്യം കാണാനായില്ല. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പറങ്കിപ്പടയുടെ തോൽവി. കളിക്കു ശേഷം കരഞ്ഞാണ് റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടത്.
ലോകകിരീടം നേടാനാകാതെയാണ് റൊണാൾഡോ ലോകകപ്പിൽനിന്ന് വിടവാങ്ങുന്നത്. മുപ്പത്തിയേഴുകാരനായ അദ്ദേഹം ഇനിയൊരു ലോകകപ്പിൽ കളിക്കാനുള്ള സാധ്യതയുമില്ല. കളിക്കു ശേഷം ഏകനായാണ് താരം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. ചില മൊറോക്കൻ കളിക്കാർ അദ്ദേഹത്തിന്റെ അടുത്തെത്തി ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു.