ചാമ്പ്യൻസ് ലീഗ് യോഗ്യത കൂടിയില്ലെങ്കിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ കാത്തിരിക്കുന്നത് വൻ നഷ്ടങ്ങൾ

Update: 2024-04-04 11:32 GMT
Editor : safvan rashid | By : Web Desk
Advertising

19 ാം നൂറ്റാണ്ടിലും 20 ാം നൂറ്റാണ്ടി​​​​​െൻറ ആദ്യ ദശകങ്ങളിലും തുണിവ്യവസായത്തിന്​ പേരുകേട്ടിരുന്ന മാഞ്ചസ്​റ്റർ നഗരം പിൽകാലത്ത്​ അറിയപ്പെട്ടത്​ മാഞ്ചസ്​റ്റർ യുണൈറ്റഡി​​​​​െൻറ വിജയകഥകളിലൂടെയായിരുന്നു. 1878 ൽ ലങ്കാഷെയർ ആന്റ് യോർക്ഷെയർ റെയിൽവേയുടെ കീഴിൽ സ്​ഥാപിക്കപ്പെട്ട മാഞ്ചസ്​റ്റർയുണൈറ്റഡ്​ പ്രതിസന്ധികളുടെ തുടക്കകാലത്തിന്​ ശേഷം പതിയെ ലോകഫുട്​ബോളി​​​​​െൻറ നെറുകയിലേക്ക്​ പന്തുതട്ടിക്കയറി. യൂറോപ്പിലെ നിശാക്ലബുകൾ തൊട്ട്​ മലപ്പുറത്തെയും കോഴിക്കോ​െട്ടയും മൈതാനങ്ങളിൽ പന്ത്​തട്ടിയിരുന്നവർ വരെ ഇംഗ്ലീഷ് മൈതാനങ്ങളിലെ യുണൈറ്റഡി​​​​​െൻറ കാൽപന്ത്​ ചലനങ്ങൾക്ക്​ ഇമചിമ്മാതെ കാത്തിരുന്നു.

1947 വരെ ഇംഗ്ലീഷ്​ ലീഗിലും എഫ്​.എ കപ്പിലെയുമെല്ലാം ഏതാനും സീസണുകളിലെ മിന്നലാട്ടങ്ങൾ ഒഴിച്ചുനിർത്തിയാൽ യുണൈറ്റഡിന്​ പറയത്തക്ക നേട്ടങ്ങളൊന്നുമില്ലായിരുന്നു. അതിനുശേഷം ​ഇംഗ്ലീഷ്​ ലീഗി​െല മുൻ നിര ക്ലബായി മാറിയ യുണൈറ്റഡ്​ 1986 ൽ സർ അലക്​സ്​ ഫെർഗൂസൺ കീഴിൽ ലോകത്തെത​ന്നെ ഒന്നാം നമ്പർ ക്ലബായി മാറി. പ്രീമിയർ ലീഗിലും എഫ്​.എ. കപ്പിലുമെല്ലാം തുടർ വിജയങ്ങൾ ശീലമാക്കിയ യുണൈറ്റഡിനെ ലോകം ചുവന്നചെകുത്താന്മാരെന്ന്​ വിളിച്ചു. എന്നാൽ 2013 ൽ ഫെർഗൂസൺ സ്​ഥാനമൊഴിഞ്ഞ ശേഷമുള്ള വർഷങ്ങളിൽ ഒാൾഡ്​ട്രാ​ഫോർഡിൽ നിന്നും വരുന്ന വാർത്തകൾ ഒട്ടും ശുഭകരമായിരുന്നില്ല. ഏത്​ ദിവസവും ആർക്കുമുന്നിലും തോൽക്കുന്ന ശരാശരി ക്ലബ്ബായി യുണൈറ്റഡ്​ മാറി.

മാഞ്ചസ്റ്റർ നഗരത്തിന്റെ കാൽപന്ത് പൈതൃകവുമായി മാഞ്ചസ്റ്റർ സിറ്റി ഉന്നതിയിലേക്ക് കയറുമ്പോൾ നോക്കിയിരിക്കാനായിരുന്നു പ്രതാപികളുടെ വിധി.

പുതിയ സീസണിലും കാര്യമായ മാറ്റങ്ങളൊന്നുമില്ല. 29മത്സരങ്ങളിൽ നിന്നും 48 പോയന്റുമായി ലീഗിൽ 48ാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. തൊട്ടുമുന്നിലുള്ളത് 57 പോയന്റുള്ള ടോട്ടൻഹാം. അഥവാ അഞ്ചാം സ്ഥാനക്കാരായെങ്കിലും ചാമ്പ്യൻസ് ലീഗി​ലേക്ക് കടന്നുകയറുകയെന്ന പ്രതീക്ഷകൾ ഏറെക്കുറെ അസ്ഥാനത്താണ്. ചാമ്പ്യൻസ് ലീഗിൽ പ​ങ്കെടുക്കാനായില്ലെങ്കിൽ യുണൈറ്റഡിന് സംഭവിക്കുക കനത്ത നഷ്ടങ്ങളാണ്.

ചാമ്പ്യൻസ് ലീഗിൽ പ​ങ്കെടുക്കുന്ന ടീമുകൾക്കായി യുവേഫ വിലയിരുത്തിയ 2.1 ബില്യൺ യൂറോയിൽ നിന്നുള്ള വിഹിതം യുണൈറ്റഡിന് ലഭിക്കില്ല എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. അടുത്ത വർഷം ടീമുകളു​ടെ എണ്ണം വർധിക്കുന്നതോടെ പ​ങ്കെടുക്കുന്നവർക്കുള്ള തുക 2.5 ബില്യൺ യൂറോയാക്കാനിരിക്കുകയാണ് യുവേഫ. ചാമ്പ്യൻ ലീഗിലെ പെർഫോമൻസും പ്രതിനിധീകരിക്കുന്ന രാജ്യത്തിന്റെ ടെലിവിഷൻ മാർക്കറ്റും അടക്കമുള്ളവ കൂടി പരിഗണിച്ചാകും യുവേഫ തുക അനുവദിക്കുക. പോയവർഷം ജേതാക്കളായ മാഞ്ച്സറ്റർ സിറ്റിക്ക് 134.9 മില്യൺ യൂറോയുടെ വമ്പൻ തുകയാണ് ലഭിച്ചത്.

കൂടാതെ ചാമ്പ്യൻ സ്‍ലീഗിൽ പ​​​ങ്കെടുക്കാനാകാതെ വന്നാൽ ടെലിവിഷൻ മാർക്കറ്റിലും വമ്പൻ തിരിച്ചടി യുണൈറ്റഡിന് നേരിടേണ്ടി വരും. ഇനി യൂറോപ്പ്യൻ ലീഗിൽ കളിച്ചാലും ഈ നഷ്ടം നികത്താൻ മാഞ്ചസ്റ്ററിനാകില്ല. ഉദാഹരണമായി ചാമ്പ്യൻസ് ലീഗിലെ എട്ടു മത്സരങ്ങളും വിജയിച്ചാൽ 46.4 മില്യൺ യൂറോ യുണൈറ്റഡിന് നേടാം. അത്രയും മത്സരങ്ങൾ യൂറോപ്പ ലീഗിൽ വിജയിച്ചാലും ലഭിക്കുക 9.45 യൂറോ മാത്രം. കൂടാതെ ടെലിവിഷൻ റവന്യൂവിലും ടിക്കറ്റ് റസീപ്റ്റിലും വലിയ നഷ്ടം നേരിടുകയും ചെയ്യും.

വരുമാനം കുറയുന്നതോടെ താരങ്ങളുടെ ശമ്പളവും വെട്ടിച്ചുരുക്കാൻ ടീം മാനേജ്മെന്റ് നിർബന്ധിതരാകും. അവസാനമായി യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാകാതെ വന്നപ്പോൾ താരങ്ങളുടെ ശമ്പളത്തിൽ 25 ശതമാനം വെട്ടിക്കുറച്ചിരുന്നു. ശമ്പളം വെട്ടിക്കുറന്നതോടെ ക്ലബിൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന കാസിമിറോയുടെ ആഴ്ചയിലുള്ള വരുമാനം 350,000 യൂറോയിൽ നിന്നും 262,5000ലേക്കും റാഷ്ഫോഡിന്റേത് മൂന്നുലക്ഷം യൂറോയിൽ നിന്നും 225000 ലേക്കും താഴും. ഇത് താരങ്ങളെ ക്ലബ് വിടാൻ പ്രേരിപ്പിക്കുമെന്നും പറയപ്പെടുന്നു.

പ്രതിഭാധനരായ കൗമാരക്കാർക്ക് യുണൈറ്റഡിനോട് താൽപര്യമില്ല എന്നതാണ് മറ്റൊരു പ്രതിസന്ധി. റിയൽ മാഡ്രിഡിൽ സൂപ്പർ താരമായി വളർന്ന ജൂഡ് ബെല്ലിങ്ങാമിനെ പതിനേഴാം വയസ്സിൽ യുണൈറ്റഡിലെത്തിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും താരത്തിന് താൽപര്യമില്ലായിരുന്നുവെന്ന് മുൻ കോച്ച് ഒലെ സോൾഷ്യർ വെളിപ്പെടുത്തിയിരുന്നു. ആർ.ബി സോൾസ്ബർഗിനായി കളിച്ചുകൊണ്ടിരിക്കെ എർലിങ് ഹാളണ്ടിനെയും ടീം നോക്കിയിരുന്നുവെങ്കിലും ആ വർഷം ചാമ്പ്യൻസ് ലീഗിൽ പ​​ങ്കെടുക്കാൻ സാധ്യതയില്ലാത്ത യുണൈറ്റഡിൽ ചേരാൻ വിസമ്മതിക്കുകയായിരുന്നു. താരതമ്യേന യുണൈറ്റഡിനേക്കാൾ ചെറുക്ലബായ ഡോർട്ട്മുണ്ടിലേക്കാണ് ഇരുവരും ചേക്കേറിയത്. എങ്കിലും ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗിൽ കളിക്കുമെന്ന ഉറപ്പാണ് അവരെ അതിന് പ്രേരിപ്പിച്ചത്.

ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലെങ്കിൽ കോച്ച് ടെൻഹാഗിന്റെ തൊപ്പി തെറിക്കാനും സാധ്യതയേറെയാണ്. പത്തുവർഷത്തിനിടയിൽ പലവിധ പരിശീലകരെ മാറ്റിപ്പരീക്ഷിച്ച യുണൈറ്റഡ് ഇനി ആരെ കൊണ്ടുവരുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Web Desk

contributor

Similar News