മൈതാനത്തുനിന്ന് കണ്ണീരണിഞ്ഞ് മെസ്സിയുടെ മടക്കം; സങ്കടം സന്തോഷമാക്കി കോപ കിരീടധാരണം
അവസാന കോപ ചാമ്പ്യൻഷിപ്പിലാണ് മെസി ബൂട്ടുകെട്ടിയത്.
ഫ്‌ളോറിഡ: കളിമൈതാനത്ത് ആരാധകരെ കണ്ണീരണിയിച്ച് വീണ്ടും ലയണൽ മെസ്സി. കോപ അമേരിക്ക കലാശ പോരിൽ കാലിന് പരിക്കേറ്റ് മെസ്സി കളം വിട്ടത് നൊമ്പരമായി. 35ാം മിനിറ്റിൽ കൊളംബിയൻ ബോക്‌സിനുള്ളിൽ നടന്ന കൂട്ടപൊരിച്ചിലിനിടെ വീണാണ് പരിക്കേറ്റത്. ടച്ച് ലൈനിൽ നിന്ന് ഷോട്ടുതിർക്കാൻ ശ്രമിക്കുന്നതിനിടെ കൊളംബിയൻ താരം സാന്റിയാഗോ ഏരിയസിന്റെ പരുക്കൻ ടാക്ലിങിൽ മെസ്സി വീഴുകയായിരുന്നു.
അൽപസമയത്തിനകം കളത്തിൽ തിരിച്ചെത്തിയ മെസ്സിയ്ക്ക് 63ാം മിനിറ്റ് വരെ മാത്രമാണ് തുടരാനായത്. വേദനകൊണ്ട് ഗ്രൗണ്ടിൽ വീണ സൂപ്പർ താരത്തെ പിൻവലിക്കാൻ ലയണൽ സ്‌കലോണി നിർബന്ധിതമാകുകയായിരുന്നു. കണ്ണീരോടെ കളം വിട്ട മെസി ഡഗൗട്ടിലിരുന്ന് കരയുന്ന ദൃശ്യങ്ങൾ ആരാധകരെയും ഈറനണിയിക്കുന്നതായി. മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്‌റ്റേഡിയത്തിലെ ആരാധകരെ ആഘോഷതിർമപ്പിലെത്തിച്ച് എക്‌സ്ട്രാ ടൈമിൽ ലൗത്താരോ മാർട്ടിനസിന്റെ ഗോളിൽ നീലപട കിരീടത്തിൽ മുത്തമിട്ടപ്പോൾ മെസിയുടെ സങ്കടം ആഹ്ലാദത്തിലേക്ക് വഴിമാറി. 16ാം കോപ്പ കിരീടമാണ് മെസിയും സംഘവും സ്വന്തമാക്കിയത്.