മെസിയും റാമോസും: ആ അഡാറ് കോംബോ ഇന്നിറങ്ങുമോ?

പരിക്ക് സമ്മാനിച്ച സാമാന്യം ദീർഘമായ അവധിക്കുശേഷം ആരോഗ്യം വീണ്ടെടുത്ത സെർജിയോ റാമോസ് പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് സംഘത്തിൽ ഇടംനേടി

Update: 2021-11-24 06:15 GMT
Editor : André | By : Web Desk
Advertising

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയ്ക്കു ശേഷം ഫുട്‌ബോൾ ലോകം കാണാൻ കാത്തിരിക്കുന്ന നിമിഷം ഇന്ന് യാഥാർത്ഥ്യമാകാൻ സാധ്യത. സ്പാനിഷ് ലീഗിലെ ബദ്ധവൈരികളായ ബാഴ്‌സലോണയുടെയും റയൽ മാഡ്രിഡിന്റെയും ഇതിഹാസതാരങ്ങൾ, ലയണൽ മെസിയും സെർജിയോ റാമോസും ഇന്ന് ഒന്നിച്ച് ബൂട്ടുകെട്ടുന്നത് കാണാനാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പരിക്ക് സമ്മാനിച്ച സാമാന്യം ദീർഘമായ അവധിക്കുശേഷം ആരോഗ്യം വീണ്ടെടുത്ത സെർജിയോ റാമോസ് പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് സംഘത്തിൽ ഇടംനേടിയതോടെയാണ് ലാലിഗയിലെ പഴയ എതിരാളികൾ ഇന്ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഇറങ്ങാനുള്ള സാധ്യത തെളിഞ്ഞത്. ഇന്ത്യൻ സമയം രാത്രി 1.30 ന് മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്‌റ്റേഡിയത്തിലാണ് കിക്കോഫ്.

കരാർ പുതുക്കാൻ റയൽ മാഡ്രിഡ് വിസമ്മതിച്ചതിനെ തുടർന്നാണ് റാമോസ് കഴിഞ്ഞ സീസണൊടുവിൽ സ്പാനിഷ് ലീഗ് വിട്ട് ഫ്രഞ്ച് ലീഗിലേക്ക് കൂടുമാറിയത്. പ്രിയപ്പെട്ട 4-ാം നമ്പർ കുപ്പായം നൽകി പി.എസ്.ജി താരത്തിന് അർഹിച്ച വരവേൽപ്പ് നൽകുകയും ചെയ്തു. ട്രാൻസ്ഫർ കാലയളവിലെ നാടകീയതയ്‌ക്കൊടുവിൽ ലയണൽ മെസി ബാഴ്‌സ വിട്ടെത്തിയതോടെ, വീറുറ്റ പഴയ എതിരാളികളുടെ പുതിയ തട്ടകമായി പി.എസ്.ജി മാറി. പാരിസിൽ വീട് ശരിയാകുന്നതുവരെ മെസിക്ക് തന്റെ വീട്ടിൽ താമസിക്കാമെന്ന് പ്രഖ്യാപിച്ച റാമോസ് പുതിയ സൗഹൃദത്തിന് ഊഷ്മളമായ തുടക്കമിടുകയും ചെയ്തു.

ട്രാൻസ്ഫറിനു മുന്നോടിയായി നടത്തിയ മെഡിക്കലിൽ റാമോസിന്റെ ആരോഗ്യത്തിൽ പി.എസ്.ജി മെഡിക്കൽ ടീം പൂർണതൃപ്തി പ്രകടിപ്പിച്ചെങ്കിലും തുടയിലെ പരിക്ക് താരത്തെ മൈതാനത്തു നിന്ന് വിട്ടുനിൽക്കാൻ നിർബന്ധിതനായിക്കി. സ്‌പെയിനിന്റെ യൂറോകപ്പ് സംഘത്തിലും റാമോസിന് ഇടംനേടാൻ കഴിഞ്ഞില്ല. അതിനിടെ, റാമോസുമായുള്ള കരാർ റദ്ദാക്കാൻ പി.എസ്.ജി ആലോചിക്കുന്നു എന്നുവരെ അഭ്യൂഹങ്ങളുണ്ടായപ്പോൾ അവയെല്ലാം നിഷേധിച്ചുകൊണ്ട് പി.എസ്.ജി സ്‌പോർട്ടിങ് ഡയറക്ടർ ലിയനാർഡോ രംഗത്തുവരികയും ചെയ്തു.


കഴിഞ്ഞയാഴ്ചയാണ് റാമോസ് പരിശീലനം നടത്താനുള്ള ആരോഗ്യം വീണ്ടെടുത്തത്. നാന്റസിനെതിരായ ലീഗ് മത്സരത്തിനു മുമ്പ് പരിശീലനത്തിനിറങ്ങിയ താരത്തെ പക്ഷേ, കോച്ച് മൗറിഷ്യോ പൊചറ്റിനോ ടീമിൽ ഉൾപ്പെടുത്തിയില്ല. എന്നാൽ, ചാമ്പ്യൻസ് ലീഗിനായി മാഞ്ചസ്റ്ററിലേക്ക് യാത്ര ചെയ്യാനുള്ള ടീമിൽ റാമോസ് ഇടം നേടിയതോടെയാണ് മെസിയും റാമോസും ഒന്നിച്ചു കളിക്കുന്നത് കാണാമെന്ന ആരാധകരുടെ പ്രതീക്ഷ വീണ്ടും നിറമണിയുന്നത്.

എന്നാൽ, 16 വർഷം റയൽ മാഡ്രിഡിന്റെ പ്രതിരോധം കാത്ത സ്പാനിഷ് താരത്തിന് മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പ്ലെയിങ് ഇവലനിൽ ഇടംനേടാൻ കഴിയുമോ എന്നകാര്യം ഉറപ്പായിട്ടില്ല. പരിശീലന സെഷനിൽ നല്ല പുരോഗതി കാണിച്ച താരത്തിന് പി.എസ്.ജി കുപ്പായത്തിൽ അരങ്ങേറാനുള്ള അർഹതയുണ്ടെന്നും എന്നാൽ, കുറെയധികം കാര്യങ്ങൾ പരിഗണിച്ച ശേഷമേ പ്ലെയിങ് ഇലവനെ തീരുമാനിക്കുകയുള്ളൂ എന്നുമാണ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പൊചെറ്റിനോ പറഞ്ഞത്.

ഗ്രൂപ്പ് എയിൽ അപരാജിതരായ പി.എസ്.ജി എട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. പി.എസ്.ജിയോട് തോറ്റെങ്കിലും മറ്റ് മത്സരങ്ങളല്ലാം ജയിച്ച മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ന് ജയിക്കാൻ കഴിഞ്ഞാൽ പി.എസ്.ജിക്ക് പ്രീക്വാർട്ടർ ഉറപ്പിക്കാൻ കഴിയും.

Summary: Sergio Ramos is included in the PSG team travelled to Manchester to play Uefa Champions League group match with Manchester City. Will fans' wait for a Messi - Ramos combo materialize tonight?

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News