പി.എസ്.ജിയിൽ അതൃപ്തൻ, മെസി ബാഴ്‌സയിലേക്ക്? ചർച്ച തുടങ്ങിയെന്ന് റിപ്പോർട്ട്

ബോർഡോയ്‌ക്കെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ ആരാധകർ മെസിയെ കൂവി വിളിച്ചിരുന്നു.

Update: 2022-03-14 10:08 GMT
Editor : André | By : Web Desk
Advertising

ഒരു വർഷത്തെ ഇടവേളക്കു ശേഷം സൂപ്പർ താരം ലയണൽ മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതായി സൂചന. ലാലിഗയിലെ തന്റെ സ്‌കോറിങ് റേറ്റ് പി.എസ്.ജിയിൽ നിലനിർത്തുന്നതിൽ ബുദ്ധിമുട്ടുന്ന അർജന്റീനാ താരം, ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ ഫ്രഞ്ച് ക്ലബ്ബ് പുറത്തായതോടെയാണ് ചുവടുമാറ്റത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെസിയുടെ പിതാവും ഏജന്റുമായ ജോർജ് മെസി ബാഴ്‌സലോണയുമായി പ്രാഥമികഘട്ട ചർച്ച ആരംഭിച്ചുവെന്നും വരും ആഴ്ചകളിൽ ഇക്കാര്യത്തിൽ പുതിയ സംഭവവികാസങ്ങൾ ഉണ്ടാകുമെന്നും ഫുട്‌ബോൾ റിപ്പോർട്ടറായ ജെറാർഡ് റൊമേറോ പറയുന്നു.

കഴിഞ്ഞ സീസൺ അവസാനത്തിലെ നാടകീയ സംഭവങ്ങൾക്കൊടുവിൽ ബാഴ്‌സ വിട്ട മെസി, പി.എസ്.ജിക്കു വേണ്ടി ഇതുവരെ ഏഴ് ഗോൾ മാത്രമാണ് നേടിയത്. പത്ത് ഗോളുകൾക്ക് വഴിയൊരുക്കി ഫ്രഞ്ച് ക്ലബ്ബിൽ തന്റെ പ്ലേമേക്കിങ് വൈദഗ്ധ്യം പ്രകടമാക്കുന്നുണ്ടെങ്കിലും ഈ ഫോമിൽ താരവും ആരാധകരും തൃപ്തരല്ല. അതിനിടെ, ആദ്യപാദം ജയിച്ചതിനു ശേഷം റയൽ മാഡ്രിഡിനോട് തോറ്റ് ചാമ്പ്യൻസ് ലീഗിൽ നിന്നു പുറത്താവുക കൂടി ചെയ്തത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി.

ഈ അപമാനം ജീവിതത്തിലാദ്യം

ചാമ്പ്യൻസ് ലീഗിൽ നിന്നു പുറത്തായതിനു ശേഷം നടന്ന ബോർഡോയ്‌ക്കെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ ആരാധകർ മെസിയെ കൂവി വിളിച്ചിരുന്നു. ദുർബലരായ ബോർഡോയ്‌ക്കെതിരെ പി.എസ്.ജി മൂന്ന് ഗോളിന് ജയിച്ചെങ്കിലും മെസി പന്ത് തൊടുമ്പോഴെല്ലാം ഒരുവിഭാഗം ആരാധകർ കൂവലോടെയാണ് പ്രതികരിച്ചത്. ഏഴ് തവണ ബാളൻ ഡോർ ജേതാവായ സൂപ്പർ താരത്തിന് ഇത്തരമൊരനുഭവം ജീവിതത്തിൽ ആദ്യമായിരുന്നു.

കരാർ പുതുക്കാൻ ബാഴ്‌സലോണ തയാറാകാതിരുന്നതോടെ കഴിഞ്ഞ ജൂണിൽ ഫ്രീ ഏജന്റായാണ് മെസി പി.എസ്.ജിയിൽ ചേർന്നത്. രണ്ട് വർഷത്തെ കരാറാണ് ഫ്രഞ്ച് ക്ലബ്ബുമായി താരത്തിനുള്ളത്. മൂന്നു വർഷം ക്ലബ്ബിൽ നിൽക്കുകയാണെങ്കിൽ 110 ദശലക്ഷം യൂറോ ആണ് താരത്തിന് പ്രതിഫലം ലഭിക്കുക; ആദ്യവർഷം 30 ദശലക്ഷവും പിന്നീടുള്ള വർഷങ്ങളിൽ 40 വീതവും. ഇതിനു പുറമെ പി.എസ്.ജി ലോയൽറ്റി ബോണസായി 15 ദശലക്ഷവും ലഭിക്കും.

എളുപ്പമല്ല കാര്യങ്ങൾ

നടപ്പുസീസണിന്റെ അവസാനത്തിൽ മെസി പി.എസ്.ജി വിടാൻ തീരുമാനിച്ചാൽ തന്നെ താരത്തെ സ്വന്തമാക്കുക ബാഴ്‌സലോണയ്ക്ക് എളുപ്പമാവില്ല. കരാർ കാലാവധി പൂർത്തിയാകാത്തിനാൽ വൻതുക റിലീസ് ക്ലോസ് നൽകിയാലേ താരത്തെ വിട്ടുകിട്ടുകയുള്ളൂ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ബാഴ്‌സ ഇതിനു മുതിരാൻ സാധ്യത തീരെയില്ലെന്ന് ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ പറയുന്നു. യുവതാരം എർലിങ് ഹാളണ്ടിനു വേണ്ടി ബാഴ്‌സ ശ്രമം ശക്തമാക്കുന്ന സാഹചര്യത്തിൽ, മെസിയെ തിരികെ കൊണ്ടുവരിക എന്നത് ബാഴ്‌സയുടെ പ്രധാന ലക്ഷ്യവുമല്ല.

2022-23 സീസൺ അവസാനത്തോടെ ഫ്രീ ഏജന്റാവുന്ന മെസിയെ അപ്പോൾ ബാഴ്‌സലോണ സ്വന്തമാക്കിയേക്കുമെന്ന സൂചന നേരത്തെയുണ്ട്. ഒരു സീസൺ ബാഴ്‌സയിൽ കളിച്ച ശേഷം മെസി അമേരിക്കയിലെ മേജർ ലീഗ് സോക്കറിലേക്ക് കൂടുമാറുമെന്നും ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള മയാമി എഫ്.സി, മെസിക്കു വേണ്ടി ഇപ്പോഴേ ചരടുവലി നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News