അവസാന മത്സരത്തിന് നിൽക്കാതെ മെസി നാട്ടിലേക്ക്; ബാഴ്‌സയിൽ തുടരുമെന്ന് പ്രതീക്ഷ
സൂപ്പർ താരത്തെ തുടർന്നും ബാഴ്‌സ കുപ്പായത്തിൽ കാണാനാവില്ലേയെന്ന ആശങ്കക്കൊപ്പം പ്രതീക്ഷയുമുണ്ട് ആരാധകര്‍ക്ക്
2020-21 ലാലിഗ സീസണിലെ അവസാന മത്സരത്തിൽ ബാഴ്‌സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സി കളിക്കില്ല. നാളെ എയ്ബറിനെതിരെ നടക്കുന്ന മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാൻ കോച്ച് റൊണാൾഡ് കൂമൻ മെസിയെ അനുവദിച്ചതായും ഇന്നുനടന്ന പരിശീലന സെഷനിൽ അർജന്റീനാ താരം പങ്കെടുത്തില്ലെന്നും സ്പാനിഷ് മാധ്യമം മാർക്ക റിപ്പോർട്ട് ചെയ്തു. ജൂൺ മുപ്പതിന് അവസാനിക്കുന്ന ബാഴ്‌സയുമായുള്ള കരാറിൽ ശേഷിക്കുന്ന അവസാന ലീഗ് മത്സരത്തിൽ നിന്നാണ് മെസി വിട്ടുനിൽക്കുന്നത്.
അവസാന മത്സരത്തിലെ ഫലം എന്തായാലും ബാഴ്‌സക്ക് ലീഗ് ജേതാക്കളാകാൻ സാധിക്കില്ല എന്നിരിക്കെ, മധ്യനിരയിലെ സ്ഥിരസാന്നിധ്യമായ യുവതാരം പെഡ്രിക്കും കോച്ച് വിശ്രമം അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ച ശസ്ത്രക്രിയക്ക് വിധേയനായ ഗോൾകീപ്പർ ടെർസ്റ്റഗൻ, പ്രതിരോധ താരം ക്ലമന്റ് ലെങ്‌ലെ എന്നിവരുടെ പേരും നാളത്തെ മത്സരത്തിനുള്ള കളിക്കാരുടെ ലിസ്റ്റിലില്ല. നാളത്തെ മത്സരശേഷം ബാഴ്‌സ കളിക്കാർക്ക് ജൂലൈ രണ്ടാംവാരം വരെ അവധിയാണ്. ഈ കാലയളവിൽ മിക്ക താരങ്ങളും യൂറോ കപ്പ്, കോപ അമേരിക്ക ടൂർണമെന്റുകളിൽ കളിക്കും.
കോപ അമേരിക്കയ്ക്കുള്ള അർജന്റീനാ ടീമിലെ പ്രധാന താരമായ മെസി, ടൂർണമെന്റിനു വേണ്ടിയുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് നേരത്തെ തന്നെ അവധിയെടുത്തത്. കുടുംബത്തോടൊപ്പം താരം ഉടനെ ജന്മനാട്ടിലേക്ക് തിരിക്കുകയും ദേശീയ ടീമിനൊപ്പം ചേരുകയും ചെയ്യും. കരാർ പുതുക്കുന്ന കാര്യത്തിൽ മെസിയും ബാഴ്‌സയും ധാരണയിലെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ, 16 വർഷത്തോളം ടീമിന്റെ നട്ടെല്ലായിരുന്ന സൂപ്പർ താരത്തെ തുടർന്നും ബാഴ്‌സ കുപ്പായത്തിൽ കാണാനാവില്ലേയെന്ന ആശങ്ക ആരാധകർക്കുണ്ട്. അതേസമയം, ബാഴ്‌സ വിടാനാണ് മെസിയുടെ തീരുമാനമെങ്കിൽ സീസണിലെ അവസാന മത്സരം താരം നിർബന്ധമായും കളിക്കുമായിരുന്നുവെന്നും, ഇനിയും ക്ലബ്ബിന്റെ കുപ്പായമണിയുമെന്ന ധാരണയിലാണ് കൂമൻ താരത്തിന് അവധി അനുവദിച്ചത് എന്നും അഭ്യൂഹമുണ്ട്.
ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും നേട്ടങ്ങളുണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ടീമിൽ വലിയ അഴിച്ചുപണി നടത്തുമെന്ന് ബാഴ്‌സ പ്രസിഡണ്ട് ജോൺ ലാപോർട്ട കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിരോധത്തിലും ആക്രമണത്തിലും മികച്ച കളിക്കാരെ എത്തിച്ച് മെസിയെ ക്ലബ്ബിൽ തുടരാൻ പ്രേരിപ്പിക്കുക എന്നതാണ് ലാപോർട്ടയുടെ ലക്ഷ്യം. അർജന്റീന ടീമിലെ സഹതാരവും സുഹൃത്തുമായ സെർജിയോ അഗ്വേറോയെ ടീമിലെത്തിക്കാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനം മെസിയെ കരാർ പുതുക്കാൻ പ്രേരിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ.
അതിനിടെ, കഴിഞ്ഞ സീസണിലെ പോലെ മെസിയെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ ഇംഗ്ലീഷ് ഭീമന്മാരായ മാഞ്ചസ്റ്റർ സിറ്റി ശ്രമം തുടങ്ങിയിട്ടുണ്ട്. സിറ്റിയിൽ ചേരാൻ മെസിക്ക് താൽപര്യമുണ്ടെന്നും താരം ആവശ്യപ്പെടുന്ന റെക്കോർഡ് വേതനം നൽകാൻ അറബ് ഉടമസ്ഥതയിലുള്ള ക്ലബ്ബ് തയ്യാറായാൽ അടുത്ത സീസണിൽ അർജന്റീനാ താരത്തെ ആകാശനീലക്കുപ്പായത്തിൽ കാണാമെന്നുമാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ പറയുന്നത്. ഫ്രീ ഏജന്റാവുന്ന മെസി 25 ദശലക്ഷം പൗണ്ട് (260 കോടി രൂപ) ആണ് ഒരു വർഷത്തെ പ്രതിഫലമായി ആവശ്യപ്പെടുന്നതെന്നും ഒരു വർഷത്തേക്ക് മാത്രമായിരിക്കും പ്രാഥമിക കരാറെന്നും മെസിയുടെ പ്രതിനിധികൾ സിറ്റിയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
Also Read:ടീമിൽ വൻമാറ്റങ്ങളുണ്ടാകുമെന്ന് ബാഴ്‌സ പ്രസിഡണ്ട്; മെസിയുടെ കാര്യത്തിൽ അവ്യക്തത