പ്രതിഫലം പകുതിയായി കുറച്ചു: ലയണൽ മെസ്സി ബാഴ്‌സലോണയിൽ തുടരും
ജൂൺ അവസാനത്തോടെ മെസ്സിയും ബാഴ്‌സലോണയും തമ്മിലുള്ള കരാർ ഔദ്യോഗികമായി അവസാനിച്ചിരുന്നു
ലയണൽ മെസ്സി ബാഴ്‌സലോണയിൽ തന്നെ തുടരും. പ്രതിഫലം പകുതിയായി കുറച്ചതോടെയാണ് തീരുമാനമായത്. അഞ്ച് വർഷത്തേക്കാണ് പുതിയ കരാറെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂൺ അവസാനത്തോടെ ലയണൽ മെസ്സിയും ബാഴ്സലോണയും തമ്മിലിള്ള കരാർ ഔദ്യോഗികമായി അവസാനിച്ചിരുന്നു.
നിലവിലെ പ്രതിഫലം വെട്ടിക്കുറയ്ക്കാതെ പുതിയ കരാര്‍ സാധ്യമല്ലെന്ന് ലാലീഗ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ട് മെസ്സിയുടെ പുതിയ കരാർ ലാലിഗ അംഗീകരിച്ചിരിക്കുകയാണ്. മെസ്സിയുടെ കരാർ ലാലിഗ അംഗീകരിച്ചതോടെ ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്.
മെസ്സിയുമായുള്ള കരാർ കാലാവധിക്കു മുമ്പേ പുതുക്കുന്നതിൽ ബാഴ്‌സലോണ പരാജയപ്പെട്ടതോടെ ഇതിഹാസതാരം ഫ്രീ ഏജന്റായിരുന്നു. ഒരു ക്ലബ്ബിലും അംഗമല്ല എന്നതുമാത്രമല്ല, ബാഴ്‌സയുമായുള്ള അവസാന കരാർ വെച്ചു നോക്കുമ്പോൾ വൻ സാമ്പത്തിക നഷ്ടവും താരം നേരിട്ടിരുന്നു. പ്രതിദിനം ഒരുലക്ഷം യൂറോ (88 ലക്ഷം രൂപ) ആണ് പ്രതിഫല ഇനത്തിൽ മാത്രം മെസ്സിയുടെ നഷ്ടം; അതായത്, ഓരോ മണിക്കൂറിലും 3.6 ലക്ഷം!
2005 ജൂൺ 24 അഥവാ 18-ാം ജന്മദിനത്തിലാണ് മെസ്സി ബാഴ്‌സയുമായി സീനിയർ പ്ലെയർ എന്ന നിലയ്ക്കുള്ള ആദ്യത്തെ കരാർ ഒപ്പുവെക്കുന്നത്. അതിനുശേഷം ക്ലബ്ബ് മുൻകൈയെടുത്തുതന്നെ പലതവണ കരാർ പുതുക്കുകയായിരുന്നു.