ഷൂട്ടൗട്ടിൽ വീണു, ആഫ്‌കോണിൽ ഈജിപ്ഷ്യൻ ട്രാജഡി

ഇതോടെ സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ കിരീട സ്വപ്‌നവും പൊലിഞ്ഞു

Update: 2024-01-29 06:10 GMT
Editor : Sharafudheen TK | By : Web Desk
Advertising

സാൻപെഡ്രോ: അഫ്രിക്കൻ നേഷൺസ് കപ്പിൽ കിരീട പ്രതീക്ഷയുമായി ഇറങ്ങിയ ഈജിപ്തിന് കണ്ണീരോടെ മടക്കം. നോക്കൗട്ടിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് (8-7) തോൽവി നേരിട്ടത്. ഇതോടെ സൂപ്പർതാരം മുഹമ്മദ് സലാഹിന്റെ കിരീട സ്വപ്‌നവും പൊലിഞ്ഞു. അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തിൽ മുഴുവൻ സമയവും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെ അധിക സമയത്തേക്ക് നീളുകയായിരുന്നു.

പ്രാഥമിക റൗണ്ട് മത്സരത്തിനിടെ പരിക്കേറ്റ ലിവർപൂൾ താരം മുഹമ്മദ് സലാഹ് വരും മത്സരങ്ങളിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ അവസാന 16ൽ തന്നെ ടീം തോറ്റ് പുറത്തായി. 37ാം മിനിറ്റിൽ മെസ്ചാക് എലിയയിലൂടെ കോംംഗോയാണ് ആദ്യം വലകുലുക്കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ലഭിച്ച പെനാൽറ്റിയിലൂടെ മുസ്തഫ മുഹമ്മദ്(45+1) സമനില പിടിച്ചു.

രണ്ടാം പകുതിയിൽ വിജയഗോളിനായി ഇരുടീമുകളും പോരാടിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ മത്സരം എക്‌സ്ട്രാ സമയത്തേക്ക് നീണ്ടു. 97ാം മിനിറ്റിൽ മുഹമ്മദ് ഹംദി ഷറഫ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഈജിപ്തിന് തിരിച്ചടിയായി. അവസാന മിനിറ്റുകളിൽ പത്തുപേരായാണ് ടീം പോരാടിയത്. ഷൂട്ടൗട്ടിൽ ഈജിപ്ത് വീണു. അവസാന കിക്കെടുത്ത ഗോൾ കീപ്പർ മുഹമ്മദ് അബു ഗാബേലിന് പിഴച്ചു. കോംഗോ ഗോളൾകീപ്പർ ലയണൽ എംപാസി ലക്ഷ്യത്തിലെത്തിച്ചു. 2010ലാണ് അവസാനമായി ഈജിപ്ത് ആഫ്‌കോൺ കിരീടത്തിൽ മുത്തമിട്ടത്. സലാഹ് അരങ്ങേറുന്നതിന് മുൻപായിരുന്നു ഈ നേട്ടം.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News