കലിപ്പടക്കണം, കപ്പടിക്കണം; റയൽ മാഡ്രിഡിനോട് ചില കണക്കുകൾ തീർക്കാനുണ്ടെന്ന് മുഹമ്മദ് സലാഹ്
കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനോട് ലിവർപൂൾ പരാജയപ്പെട്ടിരുന്നെങ്കിലും 2017-18 ലെ ഫൈനലായിരിക്കും സലാഹിനെ വേട്ടയാടുന്നത്
റയൽ മാഡ്രിഡിനോട് ചില കണക്കുകൾ തീർക്കാനുണ്ടെന്ന് ലിവർപൂളിന്റെ സൂപ്പർ താരം മുഹമ്മദ് സലാഹ്. ചാമ്പ്യൻ ലീഗ് സെമിഫൈനലിൽ റയൽ മാഡ്രിഡ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ഫൈനലിൽ എത്തിയതിന് തുടർന്നായിരുന്നു ഇൻസ്റ്റാഗ്രാമിലൂടെ സലായുടെ പ്രതികരണം. വിയ്യാറയലിനെ പരാജയപ്പെടുത്തി ലിവർപൂളും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സ്ഥാനമുറപ്പിച്ചിരുന്നു.
കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനോട് ലിവർപൂൾ 3-1ന് പരാജയപ്പെട്ടിരുന്നു. എന്നാൽ 2017-18 ലെ ഫൈനലായിരിക്കും സലാഹിനെ വേട്ടയാടുന്നത്. തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി വന്ന റയലിനെയായിരുന്നു ക്ലോപ്പിന്റെ ലിവർപൂളിന് നേരിടേണ്ടി വന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും സലായും തമ്മിലുള്ള പോരാട്ടമായിരിക്കും എന്ന് കരുതിയ മത്സരത്തിൽ ദൗർഭാഗ്യങ്ങളായിരുന്നു ലിവർപൂളിനെയും സലാഹിനെയും കാത്തിരുന്നത്. സെർജിയോ റാമോസിന്റെ കടുത്ത ഫൗളിനെ തുടർന്ന് പരിക്കേറ്റ സലാഹിന് 30 മിനിറ്റിനുള്ളിൽ തന്നെ ഗ്രൗണ്ട് വിടേണ്ടി വന്നു. സലാഹിന്റെ അഭാവത്തിൽ റയലിന് വിജയം എളുപ്പമായിരുന്നു, ഗാരത് ബെയിലിന്റെ ഇരട്ടഗോളുകളും കരീം ബെൻസേമയുടെ മറ്റൊരു ഗോളും മാഡ്രിഡിന് 3-1ന്റെ ജയം സമ്മാനിച്ചു.
റാമോസ് സാന്റിയാഗോ ബെർണബ്യൂ വിട്ട് പാരീസ് സെന്റ് ജെർമെയ്നിലേക്ക് ചേക്കറിയെങ്കിലും, 2018ലേറ്റ തോൽവിയുടെ നിരാശ പരിഹരിക്കാനും ലിവർപൂളിനെ മറ്റൊരു ചാമ്പ്യൻസ് ലീഗ് വിജയത്തിലേക്ക് നയിക്കാനും സലാഹ് ആഗ്രഹിക്കുന്നുണ്ട്. സലാഹ് കലിപ്പടക്കുമോ അതോ റയലിന്റെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് മറ്റൊന്ന് കൂടി കൂട്ടിച്ചേർക്കുമോ എന്നറിയാൻ ഫുട്ബോൾ ആരാധകർ മെയ് 29 വരെ കാത്തിരിക്കേണ്ടി വരും.