പി.എസ്.ജിയിൽ കലാപം? സഹതാരങ്ങളോട് കലിപ്പടക്കി നെയ്മർ; മാനേജ്‌മെന്‍റുമായും വാക്കേറ്റം

മാഴ്‌സെയ്ക്കു പിന്നാലെ കഴിഞ്ഞ ദിവസം മൊണാക്കോയോടും പി.എസ്.ജി നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു

Update: 2023-02-12 15:48 GMT
Editor : Shaheer | By : Web Desk
Advertising

മാഡ്രിഡ്: തുടർതോൽവികൾക്കു പിന്നാലെ പി.എസ്.ജിയിൽ കലാപമെന്ന് റിപ്പോർട്ട്. സൂപ്പർ താരം നെയ്മർ മോശം പ്രകടനത്തിന് ടീമംഗങ്ങളോട് കലിപ്പടക്കിയതായി ഫ്രഞ്ച് മാധ്യമമായ 'ലിക്വിപ്' റിപ്പോർട്ട് ചെയ്തു. ക്ലബിന്റെ സ്‌പോർടിങ് ഉപദേഷ്ടാവായ ലൂയി കാംപോസുമായും വാക്കേറ്റമുണ്ടായതായി വെളിപ്പെടുത്തലുണ്ട്.

കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗിൽ പി.എസ്.ജി മൊണാക്കോയോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. മൊണാക്കോ പി.എസ്.ജി ഗോൾവലയിൽ മൂന്ന് തവണ ലക്ഷ്യം കണ്ടപ്പോൾ ഒറ്റ ഗോൾ മാത്രമാണ് ക്രിസ്റ്റഫ് ഗാൾട്ടിയറിന്റെ സംഘത്തിന് മടക്കാനായത്. ഫ്രഞ്ച് ലീഗ് കപ്പിൽ മാഴ്‌സെയോട് തോറ്റ് പുറത്തായതിനു പിന്നാലെയായിരുന്നു വീണ്ടും ടീമിന്റെ മോശം പ്രകടനം.

പരിക്കേറ്റ സൂപ്പർ താരങ്ങളായ ലയണൽ മെസിയും കിലിയൻ എംബാപ്പെയും ഇല്ലാതെയായിരുന്നു മൊണാക്കോയോട് പി.എസ്.ജി ഇറങ്ങിയത്. നെയ്മർ മാത്രമായിരുന്നു മുന്നിൽനിന്ന് നയിക്കാനുണ്ടായിരുന്നത്. എന്നാൽ, മത്സരത്തിൽ സഹതാരങ്ങളുടെ മോശം പ്രകടനമാണ് നെയ്മറിനെ പ്രകോപിപ്പിച്ചത്.

പാസ് കൃത്യമായി നൽകുന്നതിൽ വീഴ്ച വരുത്തിയ വിറ്റിഞ്ഞയോടും എകിറ്റികെയോടും നേരിൽ തന്നെ നെയ്മർ കലിപ്പ് തീർത്തു. എതിർ ഗോൾപോസ്റ്റിനു തൊട്ടടുത്തുവരെ പന്തെത്തിയിട്ടും ക്ലിയർ ചെയ്യുന്നതിൽ വരുത്തിയ പിഴവും നെയ്മർ ചൂണ്ടിക്കാട്ടി. ബ്രസീലിലെ സഹതാരമായ ഡിഫൻഡർ മാർക്വിഞ്ഞോസും നെയ്മറിനൊപ്പം കൂടി. ടീം ഉപദേഷ്ടാവ് കാംപോസുമായും വാക്കേറ്റമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ടീമിന്റെ മോശം പ്രകടനത്തിൽ കാംപോസ് ടീമംഗങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

സീസണിൽ പി.എസ്.ജിയുടെ മൂന്നാമത്തെ തോൽവിയായിരുന്നു മൊണാക്കോയ്‌ക്കെതിരെ. ഇതോടെ ഫ്രഞ്ച് ലീഗ് പോയിന്റ് പട്ടികയിൽ രണ്ടാം ടീമായ മാഴ്‌സെയുമായുള്ള വ്യത്യാസം അഞ്ചായി കുറഞ്ഞിരിക്കുകയാണ്. പട്ടികയിൽ 54 പോയിന്റുമായി പി.എസ്.ജി ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും മാഴ്‌സെ 49ഉം മൊണാക്കോ 47ഉം പോയിന്റുകളുമായി തൊട്ടുപിറകെയുണ്ട്. ചാംപ്യൻസ് ലീഗിൽ ചൊവ്വാഴ്ച ബയേൺ മ്യൂണിക്കുമായാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Summary: Neymar and Marquinhos slammed team-mates Vitinha and Hugo Ekitike and argued with sporting director Luis Campos after his team's loss to Monaco and Marseille

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News