നെയ്മർ സൗദിയിലെത്തുമോ? മെസിക്കുശേഷം അൽഹിലാലിന്റെ പുതിയ നീക്കം

നെയ്മറിനെ ടീമിലെത്തിക്കാനുള്ള ദൗത്യവുമായി ഒരു സംഘത്തെ കഴിഞ്ഞ വെള്ളിയാഴ്ച അൽഹിലാൽ പാരിസിലേക്ക് അയച്ചിരുന്നു

Update: 2023-06-11 16:38 GMT
Editor : Shaheer | By : Web Desk
Neymar to Saudi Arabia? Neymar wanted by Al-Hilal, Neymar, Al-Hilal, Saudi Arabia
AddThis Website Tools
Advertising

റിയാദ്: ലയണൽ മെസി കൈവിട്ട ശേഷം മറ്റൊരു വമ്പൻ സ്രാവിനെ വലവീശിപ്പിടിക്കാൻ സൗദി ക്ലബ് അൽഹിലാൽ. ബ്രസീൽ സൂപ്പർ താരം നെയ്മറിനെയാണ് ക്ലബ് നോട്ടമിടുന്നത്. താരത്തിന്റെ ടീമുമായി ഹിലാൽ വൃത്തങ്ങൾ ചർച്ച ആരംഭിച്ചുകഴിഞ്ഞതായി 'ഗോൾ ഡോട്ട് കോം' റിപ്പോർട്ട് ചെയ്യുന്നു.

പി.എസ്.ജിയിലെ മോശം അനുഭവങ്ങളെ തുടർന്ന് ക്ലബ് വിടുകയാണെന്ന് നെയ്മർ വ്യക്തമാക്കിയതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്വന്തം വീടിനുമുന്നിലെ പി.എസ്.ജി ആരാധകരുടെ പ്രതിഷേധമടക്കം താരത്തെ ചൊടിപ്പിച്ചിട്ടുണ്ട്. താരത്തെ റിലീസ് ചെയ്യാൻ പി.എസ്.ജി നേരത്തെ താൽപര്യം അറിയിക്കുകയും ചെയ്തതാണ്. ഇതോടെ മാഞ്ചസ്റ്റർ യുനൈറ്റഡ് ഉൾപ്പെടെയുള്ള ടീമുകൾ നെയ്മറിനെ സ്വന്തമാക്കാൻ നീക്കം നടത്തിയിരുന്നു.

എന്നാൽ, മെസി നീക്കം പരാജയപ്പെട്ടതോടെയാണ് ഇപ്പോൾ അൽഹിലാലും നെയ്മറിനുനേരെ നോട്ടമെറിഞ്ഞിരിക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്താനായി അൽഹിലാൽ ഒരു സംഘത്തെ കഴിഞ്ഞ വെള്ളിയാഴ്ച പാരിസിലേക്ക് അയച്ചിരുന്നതായി 'സി.ബി.എസ് സ്‌പോർട്‌സ്' റിപ്പോർട്ട് ചെയ്യുന്നു. 45 മില്യൻ യൂറോ(ഏകദേശം 398 കോടി രൂപ) വാർഷികശമ്പളമാണ് ഹിലാൽ താരത്തിന് നൽകുന്ന ഓഫറെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

2017ൽ നെയ്മറിനെ സ്വന്തമാക്കിയ തുകയിൽനിന്ന് വമ്പൻ നഷ്ടമായിരിക്കും പി.എസ്.ജിക്കുണ്ടാകുക. എന്തു നഷ്ടം സഹിച്ചാലും താരത്തെ കൈമാറാനാണ് മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, യൂറോപ്യൻ ക്ലബുകളടക്കം ആരിൽനിന്നും ഇതുവരെ ഔദ്യോഗികമായ ഓഫറുകൾ പി.എസ്.ജിക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

ന്യൂകാസിൽ, ചെൽസി തുടങ്ങിയ അടക്കമുള്ള പ്രീമിയർ ലീഗ് കരുത്തന്മാർ നെയ്മറിനെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നു. ഇതിനിടെയാണ് ബ്രസീൽ ദേശീയ സംഘത്തിലെ സഹതാരം കാസെമിറോയുടെ നേതൃത്വത്തിൽ നെയ്മറിനെ യുനൈറ്റഡിലെത്തിക്കാനുള്ള നീക്കം സജീവമായത്. താരത്തെ ലോണിൽ സ്വീകരിക്കാനാണ് യുനൈറ്റഡ് ലക്ഷ്യമിടുന്നതെങ്കിൽ സ്ഥിരം കരാറിലാണ് പി.എസ്.ജിയുടെ നോട്ടം.

കണങ്കാലിനു പരിക്കുമായി മാസങ്ങളായി കളത്തിനു പുറത്താണ് നെയ്മർ. മിക്ക സീസണുകളിലും പരിക്കിനെ തുടർന്ന് പി.എസ്.ജിക്കായി മുഴുവൻ മത്സരങ്ങളിലും ഇറങ്ങാനാകാറില്ല. ടീം ആരാധകരുടെ നിരാശയ്ക്കു പുറമെ ടീം മാനേജ്മെന്റിന്റെയും പ്രധാന ആശങ്കയും ഇതു തന്നെയാണ്. വൻതുക നൽകി താരത്തെ കൂടെനിർത്തിയിട്ടും ഒരു സീസണിലും ടീമിന് ഉപകാരപ്പെടാത്തതാണ് പുനരാലോചനയ്ക്ക് പി.എസ്.ജിയെ പ്രേരിപ്പിച്ചത്.

Summary: Neymar wanted by Al-Hilal as Saudi club sends representatives to Paris for talks after missing out on Lionel Messi

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News