ക്ലീൻ ഷീറ്റ് പോളണ്ട്; ഗോളടിക്കാൻ വിയർക്കുമോ മെസ്സിപ്പട?
2022 ലേതടക്കം അവസാന മൂന്നു ലോകകപ്പ് മത്സരങ്ങളിലും ക്ലീൻ ഷീറ്റുമായാണ് പോളണ്ട് ഇന്ന് നിർണായക മത്സരത്തിൽ അർജൻറീനക്കെതിരെയിറങ്ങുന്നത്
ദോഹ: 2022 ലേതടക്കം അവസാന മൂന്നു ലോകകപ്പ് മത്സരങ്ങളിലും ക്ലീൻ ഷീറ്റുമായാണ് പോളണ്ട് ഇന്ന് നിർണായക മത്സരത്തിൽ അർജൻറീനക്കെതിരെയിറങ്ങുന്നത്. ഗ്രൂപ്പ് സിയിൽ മെക്‌സിക്കേക്കെതിരെ കളിച്ച ആദ്യ മത്സരം ഗോൾരഹിത സമനിലയായിരുന്നു. മികച്ച പ്രകടനം നടത്തുന്ന സൗദിക്കെതിരെ രണ്ടു ഗോൾ ലെവൻഡോവ്‌സ്‌കിയും സംഘവും അടിച്ചുകയറ്റി. പക്ഷേ ഒരൊണ്ണം പോലും വഴങ്ങിയില്ല. ഖത്തർ ലോകകപ്പിൽ പോളണ്ടിന് അടുത്ത റൗണ്ടിലെത്താൻ സമനില മതിയാകും. അതിനാൽ അർജൻറീനയെ ഗോളടിക്കാതെ പിടിച്ചുകെട്ടാൻ ലെവൻഡോവ്‌സ്‌കിയും സംഘവും പരമാവധി ശ്രമിക്കും. നാല് പോയിന്റാണ് ലെവൻഡോസ്‌കിക്കും സംഘത്തിനുമുള്ളത്. സമനിലയായാൽ അഞ്ച് പോയിന്റുമായി അവർക്ക് പ്രീക്വാർട്ടർ ഉറപ്പിക്കാം.
സൗദിക്കെതിരെ ഇരട്ട സേവുകളുമായി പോളണ്ട് ഗോൾകീപ്പർ വോയ്സിയെച്ച് ചെഷ്നി ആരാധകരെ ഞെട്ടിച്ചിരുന്നു. ഒന്നാം പകുതിയുടെ അധിക സമയത്ത് സലീം അൽ ദൗസരി അടിച്ച പെനാൽറ്റിയാണ് ചെസ്നി സേവ് ചെയ്തത്. റീ ബൗണ്ട് ചെയ്ത പന്ത് അൽ ബുറൈക്ക് വീണ്ടും അടിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും ചെഷ്നി അതും തട്ടിയകറ്റി. ഖത്തർ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഷോട്ട് ഓൺ ടാർഗറ്റുകൾ സേവ് ചെയ്ത ഗോളിയും ചെഷ്നിയാണ്. നേരിട്ട ഒമ്പത് ഷോട്ട് ഓൺ ടാർഗറ്റും അദ്ദേഹം രക്ഷപ്പെടുത്തി.
ലോകകപ്പിൽ പോളണ്ടിന്റെ ഏഴു മത്സരങ്ങളിൽ തെക്കേ അമേരിക്കൻ ടീമുകൾക്കെതിരെയുള്ള ആദ്യ നാലെണ്ണവും അവർ വിജയിച്ചിരുന്നു. എന്നാൽ അവസാന മൂന്നെണ്ണവും ഒരു ഗോൾ പോലുമടിക്കാനാകാതെ അവർ പരാജയപ്പെടുകയായിരുന്നു. അതേസമയം, യൂറോപ്യൻ ടീമുകൾക്കെതിരെ കളിച്ച അവസാന രണ്ടു മത്സരങ്ങളിലും അർജൻറീന നേരിട്ടത് തോൽവിയായിരുന്നു. ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിനും ഫ്രാൻസിനെതിരെ 4-3നുമാണ് ടീം തോറ്റത്.
ലോകകപ്പിൽ മൂന്നമതാണ് പോളണ്ടും അർജൻറീനയും ഏറ്റുമുട്ടുന്നത്. 1974ൽ 3-2ന് പോളണ്ട് ജയിച്ചപ്പോൾ 1978ൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അർജൻറീന വിജയിച്ചു. ആകെയുള്ള 11 മത്സരങ്ങളിൽ ആറെണ്ണത്തിലും നീലപ്പടയാണ് വിജയിച്ചത്. മൂന്നെണ്ണത്തിലായിരുന്നു പോളണ്ടിന്റെ വിജയച്ചിരി. 2011 ജൂണിലാണ് ഏറ്റവുമൊടുവിൽ ടീമുകൾ മുഖാമുഖമെത്തിയത്. അന്ന് 2-1 ന് പോളണ്ടായിരുന്നു ജയിച്ചത്.
ഇന്ന് പോളണ്ടിനെതിരെ തോറ്റാൽ മെസിയും സംഘവും പ്രീക്വാർട്ടർ കാണാതെ പുറത്താകും. സമനിലയായാൽ ഗ്രൂപ്പിലെ രണ്ടാം മത്സരഫലത്തെ ആശ്രയിക്കണം. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ പോളണ്ടിനെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും അർജന്റീന ലക്ഷ്യമാക്കുന്നില്ല. ജയിച്ചാൽ ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീക്വാർട്ടർ കടക്കാം. തോറ്റാൽ നാട്ടിലേക്ക് മടങ്ങാം. സമനിലയിലായാൽ സൗദി-മെക്‌സിക്കോ മത്സര ഫലത്തെ ആശ്രയിച്ചിരിക്കും സ്‌കലോണിയുടെ സംഘത്തിന്റെ ഭാവി.
മെക്‌സിക്കോക്കെതിരായ വിജയം ടീമിന് വലിയ ഊർജം പകർന്നതായും വിജയത്തിന് വേണ്ടി പോരാടുമെന്നും കോച്ച് ലയണൽ സ്‌കലോണി ദോഹയിൽ പറഞ്ഞു. പോളണ്ട് മികച്ച ടീമാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് തങ്ങൾക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും പ്രതിരോധനിരക്കാരൻ ലിസാൻഡ്രോ മാർട്ടിനസ് വ്യക്തമാക്കി. മെക്‌സിക്കോക്തിരെ ഗോൾ നേടുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്ത എൻസോ ഫെർണാണ്ടസിനെ ഇന്ന് ആദ്യ ഇലവനിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്. എന്നാൽ പ്രതിരോധത്തിന് കാര്യമായ ഊന്നൽ നൽകിയുള്ള കളി ശൈലിക്ക് തന്നെയാകും കോച്ച് സ്‌കലോണി ഇന്നും പിന്തുടരുക. സൗദി-മെക്സിക്കോ മത്സരത്തിൽ സൗദി ജയിച്ചാൽ രണ്ടാം സ്ഥാനക്കാരയാവും പോളണ്ടിന്റെ( അർജന്റീനക്കെതിരെ സമനിലയായാൽ) പ്രീ ക്വാർട്ടർ പ്രവേശം. മെക്‌സിക്കോ ജയിച്ചാലും പോളണ്ടിന്റെ പ്രീക്വാർട്ടർ പ്രവേശനത്തെ ബാധിക്കില്ല.
Poland, who have kept a clean sheet in the last three World Cup matches, will face Argentina in a crucial match today.