ചാംപ്യന്‍സ് ലീഗ് തോല്‍വിയില്‍ മെസിക്കെതിരെ പ്രതിഷേധം; പണികൊടുക്കാൻ പി.എസ്.ജി ആരാധകർ

വമ്പൻതുക ശമ്പളം വാങ്ങിയിട്ട് അതിന്റെ മെച്ചമൊന്നും മൈതാനത്ത് കാണുന്നില്ലെന്നാണ് പി.എസ്.ജി ആരാധകക്കൂട്ടായ്മയായ 'കളക്ടീവ് അൾട്രാസ് പാരിസി'ന്റെ വിമർശനം

Update: 2023-03-17 12:15 GMT
Editor : Shaheer | By : Web Desk
Advertising

പാരിസ്: സൂപ്പർ താരം ലയണൽ മെസിയുടെ പി.എസ്.ജി കരാർ ഉടൻ അവസാനിക്കാനിരിക്കുകയാണ്. ഇനിയുമൊരു അങ്കത്തിന് പി.എസ്.ജിയുടെ നീലക്കുപ്പായത്തിൽ മെസി ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയം ഉയരുന്നതിനിടെയാണ് ആരാധകരുടെ അപ്രതീക്ഷിതനീക്കം. ഞായറാഴ്ച ലിഗ് വണ്ണിൽ റെന്നിനെതിരെ നടക്കുന്ന മത്സരത്തിൽ മെസിക്കെതിരെ പി.എസ്.ജി ഫാൻസിന്റെ പ്രതിഷേധമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞയാഴ്ച ബയേൺ മ്യൂണഇക്കിനെതിരെ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിലും നാണംകെട്ട തോൽവി നേരിട്ടാണ് പി.എസ്.ജി ചാംപ്യൻസ് ലീഗിൽനിന്ന് പുറത്തായത്. മത്സരത്തിൽ ടീമിന്റെ നിരാശാജനകമായ പ്രകടനത്തിൽ മെസിയും പ്രതിയാണെന്നാണ് ആരാധകരുടെ പക്ഷം. ഇതോടൊപ്പം ചാംപ്യൻസ് ലീഗ് പരാജയത്തിന്റെ ഉത്തരവാദിത്തവും സൂപ്പർതാരത്തിനാണെന്ന നിലപാടിലാണ് ഒരു വിഭാഗം ആരാധകർ.

ഇതിനിടെ, താരത്തിന്റെ കരാർ ക്ലബ് പുതുക്കിയേക്കുമെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തുന്നതെന്ന് 'ഗോൾ ഡോട്ട് കോം' റിപ്പോർട്ട് ചെയ്തു. വമ്പൻതുക ശമ്പളം വാങ്ങിയിട്ട് അതിന്റെ മെച്ചമൊന്നും മൈതാനത്ത് കാണുന്നില്ലെന്നാണ് പി.എസ്.ജി ആരാധകക്കൂട്ടായ്മയായ 'കളക്ടീവ് അൾട്രാസ് പാരിസി'ന്റെ പ്രധാന വൃത്തങ്ങൾ പറഞ്ഞത്. മെസിക്കെതിരെ കൂക്കുവിളികളുണ്ടാകുമെന്ന് ഇവർ അറിയിച്ചു.

സ്പാനിഷ് മാധ്യമമായ 'മുണ്ടോ ഡിപോർടിവോ' ആണ് ആരാധകരുടെ പ്രതിഷേധനീക്കം ആദ്യമായി പുറത്തുവിട്ടത്. കഴിഞ്ഞ വർഷം റയൽ മാഡ്രിഡിനെതിരായ മോശം പ്രകടനത്തിനു പിന്നാലെ മെസിക്കും നെയ്മറിനുമെതിരെ കളക്ടീവ് അൾട്രാസ് പാരിസിന്റെ പ്രതിഷേധം നടന്നിരുന്നു. സമാനമായ നീക്കമായിരിക്കും ഇത്തവണയുണ്ടാകുക എന്നാണ് സൂചന. അതേസമയം, പാരിസ് മാധ്യമമായ 'ആർ.എം.സി സ്‌പോർട്ട്' റിപ്പോർട്ടർ ആർതർ പേരറ്റ് വാർത്തകൾ തള്ളിക്കളഞ്ഞു. ഇത്തരമൊരു നീക്കം നടക്കുന്നില്ലെന്നാണ് അദ്ദേഹം വിശദീകരിച്ചത്. എന്നാൽ, കളക്ടീവ് അൾട്രാസ് പാരിസ് നേതാക്കളെ ഉദ്ധരിച്ചാണ് തങ്ങളുടെ വാർത്തയെന്ന് 'മുണ്ടോ ഡിപോർട്ടിവോ'യും പ്രതികരിച്ചു.

അതിനിടെ, പി.എസ്.ജിയിൽ കരാർ കാലാവധി തീരാനിരിക്കെ വമ്പൻ തുകയ്ക്ക് താരത്തെ സ്വന്തമാക്കാൻ സൗദി ക്ലബ് നീക്കം നടത്തുന്നതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. മെസിയുടെ മാനേജറും പിതാവുമായ ജോർജ് മെസി കഴിഞ്ഞ ദിവസം സൗദിയിലെത്തിയിരുന്നു. ക്ലബ് കൂടുമാറ്റ നീക്കത്തിന്റെ ഭാഗമായാണ് ജോർജിന്റെ സൗദിയാത്രയെന്നാണ് സ്പാനിഷ് സ്പോർട്സ് മാധ്യമമായ 'മാഴ്സ' റിപ്പോർട്ട് ചെയ്തത്.

റിയാദിൽ കായികരംഗത്തെ പ്രമുഖരുമായി ജോർജ് മെസി കൂടിക്കാഴ്ച നടത്തുന്ന വാർത്ത സൗദി സ്പോർട്സ് റിപ്പോർട്ടറായ അഹ്മദ് ഇജ്ലാൻ ആണ് പുറത്തുവിട്ടത്. മഹ്ദ് സ്പോർട്സ് അക്കാദമി തലവനും സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ആൽഫൈസൽ രാജകുമാരന്റെ അടുത്തയാളുമായ പ്രൊഫസർ അബ്ദുല്ല ഹമ്മാദുമായാണ് കഴിഞ്ഞ ദിവസം ജോർജ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്കായി ജോർജ് എത്തുന്നതിന്റെ ദൃശ്യങ്ങളും അഹ്മദ് ഇജ്ലാൻ പുറത്തുവിട്ടിരുന്നു.

Summary: PSG fans association 'Collectif Ultras Paris' planning to whistle Lionel Messi after their Champions League exit

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News