അൽ അഹ്‌ലിയെ തകർത്ത് റയൽമാഡ്രിഡ് ക്ലബ്ബ് ഫുട്‌ബോൾ ലോകകപ്പ് ഫൈനലിൽ
87ാം മിനുറ്റിൽ ലൂക്ക മോഡ്രിച്ച തൊടുത്തൊരു പെനല്‍റ്റികിക്ക് തടിത്ത് അല്‍ അഹ്ലി വമ്പ് കാട്ടുകയും ചെയ്തു.
മാഡ്രിഡ്: ഫിഫ ക്ലബ് ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് റയൽ മാഡ്രിഡ്. സെമിയിൽ ഈജിപ്ത് ക്ലബ്ബ് അൽ അഹ്‌ലിയെ 4-1ന് തകർത്താണ് യൂറോപ്യന്‍ ചാമ്പ്യന്മാരായ റയലിന്റ ഫൈനൽ പ്രവേശനം. ഇതിനു മുമ്പ് നാലു തവണ ക്ലബ് ലോകകപ്പ് കിരീടം നേടിയിട്ടുള്ള ടീമാണ് റയൽ മാഡ്രിഡ്.
നാൽപ്പത്തി രണ്ടാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറാണ് അൽ അഹ്‌ലി പ്രതിരോധം പൊളിച്ചത്. ആദ്യ പകുതിയുടെ അവസാനംവരെ ഗോളടിപ്പിക്കാതെ നോക്കിയത് അൽ അഹ്‌ലിക്ക് ആശ്വാസമായി. എന്നാല്‍ 46ാം മിനുറ്റില്‍ തന്നെ റയല്‍ മാഡ്രിഡ് ലീഡ് ഉയര്‍ത്തി. ഫെഡ്രിക്കോ വാൽവർഡയാണ് അഹ്‌ലി വലയിൽ പന്ത് എത്തിച്ചത്. അതിനിടെ 65ാം മിനുറ്റിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് അഹ്ലി ഒപ്പമെത്താനുള്ള ശ്രമമായി.
ടുണീഷ്യന്‍ താരം അലി മാലൗലാണ് പിഴക്കാതെ, പെനൽറ്റി ഗോളിലേക്ക് തിരിച്ചുവിട്ടത്. ഒരു ഗോളിന്റെ ലീഡോടെ റയൽ പിന്നീടും പന്ത് തട്ടിയെങ്കിലും അഹ്‌ലി 'കട്ടക്ക്' പിടിച്ചുനിന്നു. അതിനിടെ ലഭിച്ച അവസരങ്ങൾ പൂർണതയിലെത്തിക്കാനുമായില്ല. 87ാം മിനുറ്റിൽ ലൂക്ക മോഡ്രിച്ച തൊടുത്തൊരു പെനല്‍റ്റികിക്ക് തടുത്ത് അല്‍ അഹ്ലി വമ്പ് കാട്ടുകയും ചെയ്തു.
2-1ന്റെ വിജയം ആഘോഷിക്കാൻ റയൽ മാഡ്രിഡ് ഒരുങ്ങവെയാണ് ഇഞ്ച്വറി ടൈമിൽ രണ്ട് ഗോളുകൾ കൂടി പിറക്കുന്നത്. ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനുറ്റിൽ റോഡ്രിഗോയും എട്ടാം മിനുറ്റിൽ പകരക്കാരനായി വന്ന സെർജിയോ അരിബാസും ലക്ഷ്യം കണ്ടതോടെ 4-1ന്റെ വലിയ വിജയം ആഘോഷിക്കാന്‍ റയലിനായി. സൗദി അറേബ്യൻ ക്ലബ്ബ് അൽ ഹിലാലുമായിട്ട് ശനിയാഴ്ചയാണ് റയലിന്റെ ഫൈനല്‍.