അത്ഭുത ജയം: റയൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
- ആദ്യപാദത്തിൽ 4-3 ന് ജയിച്ച മാഞ്ചസ്റ്റർ സിറ്റി രണ്ടാം പാദത്തിന്റെ സിംഹഭാഗവും കളിയിൽ ആധിപത്യം സ്ഥാപിച്ചെങ്കിലും അവസാന മിനുട്ടുകളിൽ കൈവിടുകയായിരുന്നു
മാഡ്രിഡ്: കൈവിട്ടു പോയെന്നുറപ്പിച്ച ഇഞ്ചുറി ടൈമിൽ തിരിച്ചു പിടിച്ച് റയൽ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. സ്വന്തം തട്ടകമായ സാന്റിയാഗോ ബർനെബുവിൽ മാഞ്ചസ്റ്റർ സിറ്റിയെ 3-1 ന് തോൽപിച്ചാണ് കാർലോ ആൻസലോട്ടിയുടെ സംഘം കലാശപ്പോരിന് അർഹത നേടിയത്. 90 മിനുട്ട് പിന്നിടുമ്പോൾ ഒരു ഗോളിന് പിന്നിലായിരുന്ന റയൽ ഇഞ്ചുറി ടൈമിൽ റോഡ്രിഗോയിലൂടെ രണ്ടു ഗോൾ മടക്കി കളി എക്സ്ട്രാ ടൈമിലേക്ക് നീട്ടി. എക്സ്ട്രാ ടൈമിൽ പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചു കരീം ബെൻസെമ വിജയം സമ്മാനിക്കുകയും ചെയ്തു.
ആദ്യപാദത്തിൽ 4-3 ന് ജയിച്ച മാഞ്ചസ്റ്റർ സിറ്റി രണ്ടാം പാദത്തിന്റെ സിംഹഭാഗവും കളിയിൽ ആധിപത്യം സ്ഥാപിച്ചെങ്കിലും അവസാന മിനുട്ടുകളിൽ കൈവിടുകയായിരുന്നു. 73ആം മിനുട്ടിൽ മെഹ്‌റസിന്റെ ഗോൾ കൂടി വന്നതോടെ അവർ 5-3 ന് മുന്നിലെത്തിയിരിന്നു. 85 മിനുട്ടിൽ മെഹ്‌റസിനെ പിൻവലിക്കാനുള്ള കോച്ച് പെപ് ഗർഡിയോളയുടെ തീരുമാനം തിരിച്ചടിച്ചു.
ടോണി ക്രൂസിനു പകരക്കാരനായി ഇറങ്ങിയ റോഡ്രിഗോ 90 മിനുട്ടിൽ കരീം ബെൻസമയുടെ പാസിൽ നിന്നാണ് ആദ്യം ഗോളടിച്ചത്. നിമിഷങ്ങൾക്കുള്ളിൽ ഡാനി കർവാഹലിന്റെ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ ബ്രസീലിയൻ താരം സമനില ഗോളും നേടി.
തന്നെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി 95ആം മിനുട്ടിൽ ബെൻസെമ ഗോളാക്കിയതോടെ കളി റയലിന്റെ നിയന്ത്രണത്തിലായി. അവസാനം വരെ ഗോൾ വഴങ്ങാതെ പിടിച്ചുനിന്ന് അവർ ജയം ഉറപ്പാക്കുകയും ചെയ്തു.
മെയ് 29ന് ഫ്രാൻസിലെ യൂൾ റീമേ സ്റ്റേഡിയത്തിലാണ് റയലും ലിവർപൂളും തമ്മിലുള്ള ഫൈനൽ.