സാന്റിയാ​ഗോ ബെർണാബ്യൂവിൽ ചെൽസിയെ രണ്ടു ​ഗോളുകൾക്ക് തകർത്ത് റയൽ മാ‍ഡ്രിഡ്

മത്സരത്തിന്റെ 21-ാം മിനുറ്റിൽ കരീം ബെൻസേമയാണ് റയലിന്റെ ആദ്യ ​ഗോൾ നേടിയത്

Update: 2023-04-13 00:33 GMT
Advertising

മാ‍ഡ്രിഡ്: ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിൽ റയൽ മാ‍ഡ്രി‍ഡിനു വിജയം. ചെൽസിയെ എതിരില്ലാത്ത രണ്ടു ​ഗോളുകൾക്കാണ് റയൽ മാ‍ഡ്രി‍ഡ് സ്വന്തം തട്ടകത്തിൽ തകർ‍‍ത്തത്. റയൽ മാ‍ഡ്രി‍ഡിനായി കരീം ബെൻസേമ [21], മാർക്കോ അസെൻസിയോ [74] എന്നിവർ ​ഗോളുകൾ നേടി. മത്സരത്തിലുടനീളം ആക്രമണോത്സുകത ശൈലിയായിരുന്നു റയൽ മാ‍ഡ്രിഡ് പുറത്തെടുത്തത്.

മത്സരത്തിന്റെ 21-ാം മിനുറ്റിൽ കരീം ബെൻസേമയാണ് റയലിന്റെ ആദ്യ ​ഗോൾ നേടിയത്. റോ‍ഡ്രിയുടെ ഷോർട്ടിൽ നിന്ന് വന്ന റീബൗണ്ട് കൃത്യമായി വലയിലെത്തിച്ചായിരുന്നു താരം ​ഗോൾ നേട്ടം ആഘോഷിച്ചത്. അവസാന ഒൻപത് ചാമ്പ്യൻസ് ലീ​ഗ് നോക്കൗട്ട് മത്സരങ്ങളിലെ താരത്തിന്റെ പതിനാലാം ​ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്നതിനിടെ 59-ാം മിനുറ്റിൽ റോ‍‍ഡ്രിയെ ഫൗൾ ചെയ്തതിന് പ്രതിരോധനിരക്കാരൻ ചിൽവെല്ലിന് ചുവപ്പു കാർഡ് കണ്ടത് ചെൽസിക്ക് തിരിച്ചടിയായി. പത്തു പേരായി ചെൽസി ചുരുങ്ങിയതോടെ മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്താൻ റയൽ മാഡ്രിഡിനായി. 74-ാം മിനുറ്റിൽ മാർക്കോ അസെൻസിയോ റയലിന്റെ രണ്ടാം ​ഗോൾ നേടിയതോടെ റയൽ മത്സരത്തിൽ ജയം ഉറപ്പിച്ചു. കഴി‍ഞ തവണത്തെ ചാമ്പ്യൻമാർ ഇത്തവണയും കിരീടം നേടാനുളള ഉറച്ച ലക്ഷ്യത്തിൽ തന്നെയാണ്.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ എ.സി. മിലാൻ നാപ്പോളിയെ എതിരില്ലാത്ത ഒരു ​ഗോളിനു തോൽപ്പിച്ചു. ഇസ്മായിൽ ബെന്നസർ മിലാനായി ​ഗോൾ നേടി. ഈ മത്സരത്തിലും റഫറി റെ‍ഡ് കാർ‍ഡ് പുറത്തെടുത്തിരുന്നു. നാപ്പോളിയുടെ കളിക്കാരൻ അം​ഗുയിസ്സയാണ് 74-ാം മിനുറ്റിൽ റെ‍ഡ് കാർഡ് കണ്ട് പുറത്തു പോയത്.

Tags:    

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News