'റിച്ചാലിസൺ, എന്താണീ ചെയ്തിരിക്കുന്നത്'; സെർബിയയുടെ നെഞ്ചകം തകർത്ത് റിച്ചാലിസന്റെ തകർപ്പൻ ബൈസിക്കിൾ കിക്ക്

സെർബിയക്കെതിരെയുള്ള റിച്ചാലിസന്റെ തകർപ്പൻ ഗോൾ കാണാം...

Update: 2022-11-24 21:46 GMT
Advertising

ദോഹ: 'റിച്ചാലിസൺ, എന്താണീ ചെയ്തിരിക്കുന്നത്' ഫിഫ വേൾഡ് കപ്പ് ട്വിറ്റർ പേജിൽ താരം ഗോളടിക്കുന്ന വീഡിയോ സഹിതം കുറിച്ച വാക്കുകളാണിത്. സെർബിയ - ബ്രസീൽ മത്സരം കണ്ട ആരും ഈ ചോദ്യം ചോദിച്ചുപോകും. അത്ര മനോഹര ഗോളുകളാണ് റിച്ചാലിസൺ ബ്രസീലിനും ആരാധകർക്കും സമ്മാനിച്ചത്. ആദ്യ പകുതിയിൽ അവസരങ്ങൾ നിരവധി ലഭിച്ചെങ്കിലും മുതലെടുക്കാൻ കഴിയാതിരുന്ന ബ്രസീലിന് രണ്ടാം പകുതിയിൽ റിച്ചാലിസൺ അതിമനോഹര നിമിഷങ്ങൾ നൽകുകയായിരുന്നു. ആദ്യ ഗോൾ റീബൗണ്ട് നൽകിയ പന്തിൽ നിന്നായിരുന്നുവെങ്കിൽ രണ്ടാം ഗോളിലാണ് റിച്ചാലിസൺ തന്റെ പ്രതിഭാവിലാസം പുറത്തെടുത്തത്. മത്സരത്തിലുടനീളം വിംഗിലൂടെ കുതിച്ചുകയറിയ വിനീഷ്യസ് ജൂനിയർ നൽകിയ പാസ് കാലിൽ സ്വീകരിച്ച് തകർപ്പൻ ബൈസിക്കിൾ കിക്കിലൂടെ ഗോൾപോസ്റ്റിലേക്ക് വെടിയുണ്ട പായിക്കുകയായിരുന്നു താരം.

62ാം മിനുട്ടിൽ നെയ്മർ നൽകിയ പാസ് വിനീഷ്യസ് ഗോൾപോസ്റ്റിലേക്ക് ഉതിർത്തെങ്കിലും തിരിച്ചുവന്നു. തുടർന്നാണ് റിച്ചാലിസൺ ആദ്യ ഗോൾ അടിച്ചത്. 73ാം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ നൽകിയ പാസാണ് ബൈസിക്കിൾ കിക്കിലൂടെ താരം സെർബിയൻ പോസ്റ്റിലെത്തിച്ചത്.

ലുസൈലിൽ നടന്ന മത്സരത്തിലുടനീളം ഒട്ടനവധി അവസരങ്ങളാണ് ബ്രസീൽ താരങ്ങൾ പാഴാക്കിയത്. മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. സെർബിയൻ ഗോൾവല കുലുക്കാൻ ലഭിച്ച അവസരങ്ങൾ വിനീഷ്യസിനും റഫിഞ്ഞക്കും ഉപയോഗിക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലും റഫിഞ്ഞ തുറന്ന അവസരം പാഴാക്കി. ഗോളിയ്ക്ക് നേരെ ഷോട്ടുതിർക്കുകയായിരുന്നു. 49ാം മിനുട്ടിൽ നെയ്മറെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് സെർബിയൻ മതിലിൽ തട്ടി പുറത്തുപോയി. നെയ്മർ തന്നെയായിരുന്നു കിക്കെടുത്തത്. ഫൗളിന്റെ പേരിൽ നെമാഞ്ച ഗുഡെൽജ് മഞ്ഞക്കാർഡ് കണ്ടു. 54ാം മിനുട്ടിൽ വിനീഷ്യസ് നൽകിയ പാസും നെയ്മറിന് വലയിലെത്തിക്കാനായില്ല. 59ാം മിനുട്ടിൽ അലകസ് സാൻട്രോയടിച്ച തകർപ്പൻ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. പക്ഷേ പന്ത് വീണ്ടെടുക്കാൻ താരങ്ങളാരുമുണ്ടായിരുന്നില്ല.

സെർബിയൻ താരങ്ങളും അവസരങ്ങൾ ഫലപ്രദമാക്കിയില്ല. തുടക്കത്തിൽ തന്നെ നെയ്മറിനെ വീഴ്ത്തിയതിന് സെർബിയൻ താരത്തിന് മഞ്ഞക്കാർഡ് നേരിടേണ്ടി വന്നു. സ്ട്രഹിഞ്ഞ പവ്ലോവികിനാണ് നടപടി നേരിടേണ്ടിവന്നത്. ഗ്രൂപ്പ് ജിയിലെ മത്സരത്തിൽ ബ്രസീൽ 4-3-3 ഫോർമാറ്റിലും സെർബിയ 3-4-3 ഫോർമാറ്റിലുമാണ് ടീമിനെ ഇറക്കിയിരുന്നത്.

ടീമുകളുടെ ആദ്യ ലൈനപ്പ്

ബ്രസീൽ

അലിസൺ, ഡാനിലോ, തിയാഗോ സിൽവ(ക്യാപ്റ്റൻ), മാർക്വീഞ്ഞോസ്, അലെക്സ് സാൻഡ്രോ, കസെമീറോ, ലുകാസ് പിക്വറ്റ, നെയ്മർ, റിച്ചാലിസൺ, റഫീഞ്ഞ, വിനീഷ്യസ് ജൂനിയർ. കോച്ച് : ടിറ്റെ

സെർബിയ

വഞ്ച മിലിനികോവ്, സ്ട്രഹിഞ്ഞ പവ്ലോവിച്, നികോള മിലെനികോവ്, മിലോസ് വെൽകോവിച്, നെമഞ്ച ഗുഡ്ലേജ്, ആൻഡ്രിജ സികോവിച്, സാസാ ലുകിച്, ഫിലിപ് മ്ളാഡെനികോവ്, അലക്സാണ്ടർ മിത്രോവിക്, ദുസൻ ടാഡിക് (ക്യാപ്റ്റൻ), സെർജെജ് മിലിൻകോവിച് സാവിക്. കോച്ച് ഡ്രാഗൺ സ്റ്റോകോവിച്.

Richarlison's stunning goals against Serbia

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News