'സഹൽ അത്ഭുതപ്പെടുത്തുന്നു': ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച്

ഐഎസ്എല്ലില്‍ ജംഷഡ്‌പൂരിനെതിരായ ഗോളോടെ സഹൽ അബ്‌ദുല്‍ സമദ് മികച്ചൊരു നേട്ടവും സ്വന്തമാക്കിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരമെന്ന നേട്ടമാണ് സഹല്‍ സ്വന്തമാക്കിയിരുന്നത്.

Update: 2022-03-15 06:17 GMT
Editor : rishad | By : Web Desk
Advertising

ഫൈനൽ ബർത്തുറപ്പിക്കാൻ സമനില മാത്രം ബാക്കിയിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദിനെ പുകഴ്ത്തി പരിശീലകൻ ഇവാൻ വുകോമാനോവിച്ച്. വിദേശ താരങ്ങളുമായുള്ള സഹലിന്റെ ധാരണ അത്ഭുതപ്പെടുത്തുന്നതാണെന്ന് വുകോമാനോവിച്ച് പറഞ്ഞു. സഹൽ അബ്ദുൾ സമദിന്‍റെ മിന്നും ഗോളിൽ ആദ്യപാദം സ്വന്തമാക്കിയ ആവേശമാണ് ബ്ലാസ്റ്റേഴ്‌സിനും ആരാധകര്‍ക്കും.

സഹലിന്റെ അവസാന ഗോൾ നോക്കുകയാണെങ്കിൽ നിങ്ങൾക്ക് ഇക്കാര്യം വ്യക്തമാകും. നോക്കാതെയാണ് അവൻ ഓടിയത്. എന്നാൽ പന്ത് എപ്പോൾ വരുമെന്ന കൃത്യമായ ധാരണ അവനുണ്ട്, ഇത് അത്ഭുതപ്പെടുത്തുന്നതാണ്. കളിച്ചും മറ്റുള്ളവർക്ക് പന്ത് എത്തിച്ചുമുള്ള സഹലിന്റെ നീക്കങ്ങൾ കാണുന്നതിൽ സന്തോഷമുണ്ടെന്നും ഇവാൻ വുകോമാനോവിച്ച് കൂട്ടിച്ചേർത്തു.

ഐഎസ്എല്ലില്‍ ജംഷഡ്‌പൂരിനെതിരായ ഗോളോടെ സഹൽ അബ്‌ദുല്‍ സമദ് മികച്ചൊരു നേട്ടവും സ്വന്തമാക്കിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരമെന്ന നേട്ടമാണ് സഹല്‍ സ്വന്തമാക്കിയിരുന്നത്. 13 ഗോളുമായി ഇയാൻ ഹ്യൂമിനൊപ്പമാണ് സഹൽ മൂന്നാം സ്ഥാനത്തുള്ളത്. 12 ഗോൾ നേടിയ അഡ്രിയൻ ലൂണയെ മറികടന്നാണ് സഹലിന്‍റെ മുന്നേറ്റം. 16 ഗോൾ നേടിയ ബെര്‍ത്തലോമ്യു ഒഗ്ബചേയും 14 ഗോൾ നേടിയ സി കെ വിനീതുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.   

അതേസമയം പരിശീലകന്‍ ഇവാന്‍ വുകിമിനോവിച്ചിന്റെ തന്ത്രങ്ങള്‍ അടുത്തിടെ സഹല്‍ വെളിപ്പെടുത്തിയിരുന്നു. എല്ലാവരേയും എങ്ങനെയാണ് കാണേണ്ടതെന്നും ഇവാന് കൃത്യമായി അറിയാമെന്ന് പറഞ്ഞ സഹൽ, എല്ലാവരേയും ഒരു പോലെ, ഏറ്റവും മികച്ച രീതിയിലാണ് അദ്ദേഹം ട്രീറ്റ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇവാന്റെ ഈ ഒരു രീതിയാണ് ഇക്കുറി ടീമിന്റെ ഈ മികച്ച റിസൾട്ടിന് കാരണമെന്നായിരുന്നു സഹല്‍ അഭിപ്രായപ്പെട്ടിരുന്നത്. എല്ലാ വിജയങ്ങളും ടീം വളരെ മികച്ച രീതിയിൽ ആഘോഷിക്കാറുണ്ടെന്നും സഹൽ വ്യക്തമാക്കിയിരുന്നു. 

ഐ.എസ്.എല്‍ രണ്ടാം പാദ സെമിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെ നേരിടുന്നത് വൈകിട്ട് ഏഴരയ്ക്ക് ഗോവയിലെ തിലക് മൈതാനിയിലാണ്. ആദ്യ പാദത്തിൽ ഒരു ഗോളിന് ജയിച്ചാതിനാൽ ഇന്ന് സമനില നേടിയാലും ബ്ലാസ്റ്റേഴ്സിന് ഫൈനലിലെത്താം. ഒരു സ്വപ്നത്തേലേക്കുള്ള പ്രയാണത്തിന്റെ നിർണായക വഴിയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. കലാശപ്പോരിലേക്ക് ടിക്കറ്റുറപ്പിക്കാൻ മഞ്ഞപ്പടയ്ക്ക് വേണ്ടത് ഒരു സമനില മാത്രം. ഷീൾഡ് വിന്നേഴ്സായി തലപ്പൊക്കത്തോടെയെത്തിയ ജംഷഡ്പൂരിനെ സഹലിന്റെ ഗോളിൽ ആദ്യ പാദത്തിൽ ബ്ലാസ്റ്റേഴ്സ് മറികടന്നിരുന്നു.


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News