ഇജ്ജാതി നോട്ടം; റൊണാൾഡോയെ നോക്കിനിന്ന് മെസി; 'ഗോട്ടു'കളുടെ മുഖാമുഖം ആഘോഷമാക്കി സമൂഹമാധ്യമലോകം
രണ്ട് കൊല്ലത്തിന് ശേഷമാണ് ഫുട്ബോൾ ഇതിഹാസങ്ങളടങ്ങുന്ന ടീമുകൾ പരസ്പരം ഏറ്റുമുട്ടിയത്
'മൈതാനിയിലും സ്‌കോർ ഷീറ്റിലും തിരിച്ചെത്താനായതിൽ വളരെ സന്തോഷം, പഴയ ചില സുഹൃത്തുക്കളെ കാണാനായതിലും സന്തോഷം' റൊണാൾഡോ മത്സരത്തിൽ നിന്നുള്ള ചിത്രങ്ങൾ സഹിതം ട്വിറ്ററിൽ കുറിച്ചു. സെർജിയോ റാമോസ്, നെയ്മർ തുടങ്ങിയവരൊക്കെ റൊണാൾഡോയുടെ സുഹൃത്തുക്കളാണ്. മത്സരം നേരിട്ടും ടെലിവിഷനിലൂടെയും നിരവധി പേരാണ് കണ്ടത്.
മത്സരത്തിൽ പി.എസ്.ജിയാണ് വിജയിച്ചത്. നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് മെസിയും നെയ്മറും എംബാപ്പെയും ഉൾപ്പെടുന്ന സംഘത്തിന്റെ ജയം. റിയാദ് കിംഗ് ഫഹദ് ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ രണ്ട് ഗോൾ നേടിയ ക്രിസ്റ്റ്യാനോയായിരുന്നു മാൻ ഓഫ് ദി മാച്ച്. ക്രിസ്റ്റിയാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് 200 മില്യൺ യു.എസ്. ഡോളർ ഇടപാടിൽ അൽനസ്‌റിൽ എത്തിയതോടെ മെസിയുമായി ഇനിയൊരു ഏറ്റുമുട്ടൽ ഉണ്ടാകില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ പി.എസ്.ജി സൗദിയിൽ സൗഹൃദ മത്സരത്തിനെത്തിയതോടെ ഇതിന് അവസരമൊരുങ്ങുകയായിരുന്നു.
സൗദിയിലെ മുൻനിര ക്ലബ്ബുകളായ അൽഹിലാലിന്റെയും അൽനസ്‌റിന്റെയും സംയുക്ത സഖ്യമാണ് ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിൽ പി.എസ്.ജിയെ നേരിട്ടത്. മത്സരം തുടങ്ങി രണ്ടര മിനിറ്റിൽ തന്നെ സൂപ്പർ താരം ലയണൽ മെസി ഗോൾ നേടി. പി.എസ്.ജിക്ക് ഒരു ഗോൾ ലീഡ്.
സൗദി ക്ലബ്ബിലേക്ക് കുടിയേറിയ ശേഷമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. കാണാനെത്തിയ അറുപതിനായിരത്തിലേറെ വരുന്ന കാണികളെ റോണോ നിരാശപ്പെടുത്തിയില്ല. 31 ആം മിനിറ്റിൽ പി.എസ്.ജി ഗോളിയുടെ കൈപ്രയോഗത്തിൽ വീണ ക്രിസ്റ്റ്യാനോക്ക് പെനാൽറ്റിയുടെ അവസരം ലഭിച്ചു, ഗോളടിച്ചു. സൗദിക്കായി നേടിയ ഗോളോടെ കളി ആവേശാരവത്തിലായി ഗാലറി. 38 ആം മിനിറ്റിൽ സൗദിയുടെ അൽ ദോസരിയെ അപകടകരമാം വിധം ഫൗൾ ചെയ്തതിന് പി.എസ്.ജി താരം ബെർനാടിന് റെഡ് കാർഡ് ലഭിച്ചു. പിന്നെ 10 പേരെ വെച്ചായിരുന്നു പി.എസ്.ജിയുടെ കളി. പക്ഷേ കളിക്കളം കണ്ടത് ഗോൾ മഴ. 42 ആം മിനിറ്റിൽ പി.എസ്.ജിക്കായി മാർകിഞ്വോസ് ലക്ഷ്യം കണ്ടു. നാൽപത്തിയഞ്ചാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം നെയ്മർ പാഴാക്കി.
എന്നാൽ അമ്പതാം മിനിറ്റിലെ തകർപ്പൻ ഗോളോടെ ക്രിസ്റ്റ്യാനോ വീണ്ടും സമനില പിടിച്ചു. 52 ആം മിനിറ്റിൽ എംബാപ്പെയുടെ കിടിലൻ പാസിൽ റാമോസിൻറെ ഫിനിഷിങ്. മത്സര സ്‌കോർ 3-2. 56 ആം മിനിറ്റിൽ സൗദിയുടെ ജാംഗിൻറെ ഗോളോടെ വീണ്ടും സമനില പിടിച്ചു. അറുപതാം മിനിറ്റിൽ ഹാൻഡ്‌ബോളിന് ലഭിച്ച പെനാൽറ്റി എംബാപ്പെ വലയിലെത്തിച്ചു. സ്‌കോർ ലീഡ് 4-3 ലെത്തി. 78 ആം മിനിറ്റിൽ എകിടികെയുടെ ഗോളോടെ പി.എസ്.ജി വിജയമുറപ്പിച്ചു.പക്ഷേ, മത്സരത്തിൻറെ അധിക സമയത്ത് 94 ആം മിനിറ്റിൽ സൗദിക്കായി ടലിസ്‌കയുടെ ഗോളോടെ പി.എസ്.ജിയുടെ ജയത്തിൻറെ മാറ്റു കുറച്ചു സൗദി. തകർപ്പൻ ഗോൾ നേടിയ ക്രിസ്റ്റ്യാനോയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. സൗദി ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി മേധാവി തുർക്കി ആലു ശൈഖ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. മെസിയുൾപ്പെടെ വൻ താരനിരയെ ലോകകപ്പിന് ശേഷം കാണാനായ സന്തോഷത്തിലായിരുന്നു ആരാധകർ. ഒപ്പം അരങ്ങേറ്റം ഗംഭീരമാക്കാനായതി ആവേശത്തിലാണ് ക്രിസ്റ്റ്യാനോ ആരാധകർ. അൽ നസ്‌റുമായി കരാർ ഒപ്പു വെച്ച ക്രിസ്റ്റ്യാനോക്ക് ഇതുവരെ ക്ലബ്ബിന് വേണ്ടി ഇറങ്ങാനായിട്ടില്ല.
അർജൻറീന, ബാഴ്സലോണ, പി.എസ്.ജി ടീമുകൾക്കായാണ് മെസി കളിച്ചിട്ടുള്ളത്. എന്നാൽ പോർച്ചുഗൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവാൻറസ് ടീമുകൾക്കായാണ് റൊണാൾഡോ കളിച്ചത്. അൽനസ്റിനായി ഇപ്പോൾ കളിക്കാനിരിക്കുന്നു. ഇരുതാരങ്ങളും ഇതിന് മുമ്പ് ആകെ 36 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. ഇവയിൽ മെസ്സിപ്പട 16 വിജയം നേടിയപ്പോൾ ക്രിസ്റ്റിയാനോ സംഘം 11 വിജയവും ഒമ്പത് സമനിലയുമാണ് നേടിയത്.
2008 ഏപ്രിൽ 23ന് ചാമ്പ്യൻസ് ലീഗിൽ നടന്ന ബാഴ്സലോണ - മാഞ്ചസ്റ്റർ യുനൈറ്റഡ് പോരാട്ടമാണ് ഇരുവർക്കുമിടയിൽ നടന്ന ആദ്യ മത്സരം. 2020 ഡിസംബറിലാണ് ഒടുവിൽ ഇരു ഇതിഹാസങ്ങളും നേർക്കുനേർ ഗ്രൗണ്ടിൽ കണ്ടത്. ഈ മത്സരത്തിൽ മെസിയുടെ ബാഴ്‌സലോണയെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് റൊണാൾഡോയുടെ യുവാൻറസ് തോൽപ്പിച്ചിരുന്നു. പെനാൽറ്റിയിലൂടെ രണ്ട് ഗോളാണ് റൊണാൾഡോ അന്ന് അടിച്ചിരുന്നത്.
social media world celebrated the clash of football legends Cristiano Ronaldo and Messi.