സ്‌കോട്ട്‌ലൻഡ് ശൈലി ശരിയില്ല, തോൽവിക്ക് കാരണം നീളമുളള പുല്ല്
എന്നെ സംബന്ധിച്ചിടത്തോളം ഇത് ഫുട്ബോൾ അല്ല - റോഡ്രി
സ്‌കോട്ട്‌ലൻഡ് ശൈലി ശരിയില്ല, തോൽവിക്ക് കാരണം നീളമുളള പുല്ല്
യൂറോ 2024 യോഗ്യതാ മത്സരത്തിലെ തോൽവിക്ക് ശേഷം സ്‌കോട്ട്‌ലൻഡിനെ കുറ്റപ്പെടുത്തി മാഞ്ചസ്റ്റര്ർ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രി. അവർ കളിക്കുന്ന രീതിയാണിത്, പക്ഷേ എനിക്ക് ഇത് അസംബദ്ധമായാണ് തോന്നുന്നത്, എപ്പോഴും സമയം പാഴാക്കുന്നു, ഞങ്ങളെ പ്രകോപിപ്പിക്കുന്നു, എല്ലായ്പ്പോഴും അവർ വീഴും. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഫുട്ബോൾ അല്ല"; മറ്റൊരു താരമായ ഡേവിഡ് ഗാർസിയ തോൽവിക്കുളള കാരണമായി പറയുന്നത് മൈതാനത്തെ പുല്ലിന്റെ നീളകൂടുതലാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്‌ഫീൽഡർ സ്കോട്ട് മക്‌ടോമിനയുടെ ഇരട്ട ഗോളുകളുടെ മികവിൽ സ്‌കോട്ട്‌ലൻഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സ്പെയിനിനെ പരാജയപ്പെടുത്തിയിരുന്നു. 39 വർഷത്തിന് ശേഷം സ്‌കോട്ട്‌ലൻഡിന് സ്‌പെയിനിനെതിരായ ആദ്യ വിജയമാണിത്. 2016ൽ ഫ്രാൻസിൽ നടന്ന ടൂർണമെന്റിന് മുന്നോടിയായി, 2014-ൽ സ്ലോവാക്യയോട് 2-1ന് പരാജയപ്പെട്ടതിനു ശേഷം യൂറോ യോഗ്യതാ മത്സരത്തിൽ ആരും സ്‌പെയിനിനെ പരാജയപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ 38 യൂറോപ്യൻ യോഗ്യതാ മത്സരങ്ങളിൽ 34 -ലും വിജയിക്കാനും മൂന്ന് സമനിലകൾ നേടോനും
സ്പെയിനിന് കഴിഞ്ഞിരുന്നു. എന്നാൽ ഹാംപ്ഡൻ പാർക്കിൽ അവർ അസ്വസ്ഥരായി, സ്‌കോട്ട്‌ലൻഡ് ശൈലിയോട് പിടിച്ചു നിൽക്കാൻ അവർക്ക് കഴിഞ്ഞില്ല. കഴിഞ്ഞ കുറച്ചു കാലമായി സ്പെയിൻ നേരിടുന്ന ഗോൾ സ്കോറിങ് പ്രശ്നം ഇപ്പോഴും അവരെ വേട്ടയാടുന്നുണ്ട്. മികച്ച നിലയിൽ ബോൾ കൈവശം വെക്കുന്നുണ്ടെങ്കിലും ഗോൾ കണ്ടെത്താൻ കഴിയുന്നില്ല. സ്‌കോട്ട്‌ലൻഡിനെതിരായ മത്സരത്തിലും 75 ശതമാനത്തോളം പന്ത് കൈവശം വെച്ചത് സ്പെയ്ൻ തന്നെയായിരുന്നു. പരമ്പരാഗത ശൈലിയിൽ നിന്ന് മാറ്റം വരുത്താതെ കളിക്കുന്നത് കഴിഞ്ഞ യൂറോകപ്പിലും, ലോകകപ്പിലും ടീമിനു തിരിച്ചടിയായിരുന്നു.