എങ്ങോട്ടു പോകുന്നു? ഉത്തരം നൽകാതെ മെസ്സി
"പിഎസ്ജി ഒരു സാധ്യതയാണ്. ഈ നിമിഷം വരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല"
ബാഴ്‌സലോണയിൽ നിന്ന് ഏതു ക്ലബിലേക്ക് പോകുന്നുവെന്ന ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ ഇതിഹാസ താരം ലയണൽ മെസ്സി. പിഎസ്ജിയിലേക്ക് പോകുമെന്ന വാർത്തകളെ, അതൊരു സാധ്യതയാണ് എന്നാണ് താരം വിശേഷിപ്പിച്ചത്.
'പിഎസ്ജി ഒരു സാധ്യതയാണ്. ഈ നിമിഷം വരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. ബാഴ്‌സലോണയുടെ പ്രസ്താവനയ്ക്ക് ശേഷം എനിക്ക് ഒരുപാട് വിളികളെത്തി. ഞങ്ങൾ അതേക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയാണ്' - എന്നായിരുന്നു മെസ്സിയുടെ വാക്കുകൾ.
നൗകാംപിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിതുമ്പലോടെയാണ് താരം തന്റെ അവസാന പ്രസംഗം നടത്തിയത്. 'ഞാനീ ക്ലബിനെ സ്‌നേഹിക്കുന്നു. ഒന്നര വർഷമായി ആരാധകരെ കാണാൻ കഴിയാത്തതിൽ സങ്കടമുണ്ട്. ഇവിടെ നിൽക്കാൻ വേണ്ടി എല്ലാം ചെയ്തു. എന്നാൽ ആയില്ല. 21 വർഷത്തിന് ശേഷം ഭാര്യയും മൂന്നു കാറ്റലൻ കുട്ടികളുമായി ഞാൻ ബാഴ്‌സ വിടുകയാണ്. സ്വന്തം വീടുപോലെയാണ് ഈ നഗരത്തിൽ താമസിച്ചത്. എല്ലാവർക്കും നന്ദി' - മെസ്സി പറഞ്ഞു.
ബാഴ്‌സക്കായി 778 മത്സരങ്ങൾ കളിച്ച താരം 672 ഗോളുകളാണ് അടിച്ചു കൂട്ടിയിട്ടുള്ളത്. ക്ലബിലെ 21 വർഷത്തിനിടെ ആറ് ബാളൻ ഡോറും നേടി. ടീമിനായി 34 ട്രോഫികളും സ്വന്തമാക്കിയിട്ടുണ്ട്.