ടോണി ക്രൂസ്: ഒരു മിഡ്ഫീൽഡ് മാന്ത്രികൻ
വിഖ്യാത പെയിന്റർ കാസ്പർ ഡേവിഡ് ഫ്രീഡിക്കും ടോണി ക്രൂസും ഒരേ നാട്ടുകാരാണ്. രണ്ടും പേരും പിറവിയെടുത്തത് ബാൾട്ടിക് തീരത്തുള്ള ഗ്രീഫ് സ്വാൽഡിൽ. ഒരാൾ അതിമനോഹരമായ ഛായക്കൂട്ടുകളാൽ രാത്രികളെയും നക്ഷത്രങ്ങളെയും വരച്ചുതീർത്തപ്പോൾ മറ്റൊരാൾ തന്റെ കാലുകൾകൊണ്ട് മൈതാനത്ത് അതിമനോഹരമായ വർണക്കൂട്ടുകൾ ചാലിച്ചിട്ടു. ഫ്രീഡിക്കിന്റെ പെയിന്റിങ്ങുകൾ മാഡ്രിഡിലെ മ്യൂസിയങ്ങളിലും ക്രൂസിന്റെ കാലുകൾ തീർത്ത മാരിവില്ലുകൾ മാഡ്രിഡുകാരുടെ ഹൃദയത്തിലും ഉറങ്ങുന്നു.
പശ്ചിമ-ജർമനിക്ക് ഇടയിൽ ഉയർന്നുനിന്നിരുന്ന ബെർലിൻ മതിൽ തകർക്കപ്പെട്ട് രണ്ടുമാസങ്ങൾക്ക് ശേഷമാണ് ടോണി ക്രൂസ് പിറവിയെടുക്കുന്നത്. കായിക പാരമ്പര്യം ക്രൂസിന് ജീനുകളിലൂടെ പടർന്ന് കിട്ടിയതാണ്. അച്ഛൻ റോളണ്ട് ക്രൂസ് ഗുസ്തിയിലും ഫുട്ബോളിലും പ്രാപ്തിതെളിയിച്ചയാൾ. അമ്മ ബ്രിജിറ്റ് ക്രാമറാകട്ടെ, ഒരു പ്രൊഫഷനൽ ബാഡ്മിന്റൺ താരവും. കുഞ്ഞുനാളിലേ ഫുട്ബോൾ സികില്ലുകൾ കാണിച്ചിരുന്ന ക്രൂസ് അതിവേഗം ദേശീയ ശ്രദ്ധയിലെത്തി. പ്രൊഫഷനൽ ഫുട്ബോളിന് പേരുകേട്ട ജർമനിക്കൊത്ത ഒരു പ്രൊഫഷനലായി അവനെ വിലയിരുത്തപ്പെട്ടു. 2006 ലെ യുവേഫ യൂറോപ്യൻ അണ്ടർ സെവന്റീൻ ചാമ്പ്യൻഷിപ്പിൽ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ക്രൂസ് തൊട്ടുപിന്നാലെ ഫിഫ അണ്ടർ സെവന്റീൻ ലോകകപ്പിൽ ഗോൾഡൺ ഗ്ലോബും നേടി വരവറിയിച്ചു. പിന്നീടാ കൗമാരക്കാരനെ കാണുന്നത് ഷൈ്വൻസ്റ്റൈഗറും ലൂക്കാസ് പൊഡോൾസ്കിയും മിറോസ്‍ലാവ് ക്ലോസുമെല്ലാം അണിനിരന്ന ബയേൺ ജേഴ്സിയിലാണ്. 2007ൽ ബുണ്ടസ് ലിഗയിൽ ബയേൺ കുപ്പായമണിയുമ്പോൾ പ്രായം 17 മാത്രം. പക്ഷേ ബയേണിന്റെ അതിഗംഭീരമായ ഫസ്റ്റ് സ്ക്വാഡിൽ അധിക സമയവും ക്രൂസിന് ഇടമുണ്ടായിരുന്നില്ല. അങ്ങനെ ഇടക്കാലത്ത് ലോണിൽ ബയർ ലെവർക്യൂസനിൽ പോയി പന്തുതട്ടി. ലെവർക്യൂസനിലേക്കുള്ള ആ പോക്ക് ക്രൂസിന് ഗുണം ചെയ്തു. ലെവർക്യൂസൺ കോച്ച് ജുപ് ഹിൻകീസ് ക്രൂസിനെ തിരിച്ചറിഞ്ഞിരുന്നു. വൈകാതെ ഹിൻകീസ് ബയേൺ പരിശീലക ചുമതലയേറ്റെടുത്തതോടെ ക്രൂസ് ടീമിലെ സ്ഥിരസാന്നിധമായി. ബുണ്ടെസ് ലിഗയിലും ചാമ്പ്യൻസ്‍ലീഗിലുമെല്ലാം തേരോട്ടം നടത്തിയ ബയേണിന്റെ എഞ്ചിനുകളിലൊന്നായി ക്രൂസ് മാറി. പക്ഷേ ഇടക്കെവിടെയോ താൻ പ്രതിഫലത്തിൽ അനീതി നേരിടുന്നുവെന്ന് ക്രൂസിന് തോന്നിത്തുടങ്ങി.
മാഞ്ചസ്റ്റർ യുനൈറ്റഡ് വലവിരിച്ചുവെങ്കിലും ആഭ്യന്തര കാരണങ്ങളാൽ നടന്നില്ല. അങ്ങനെയാണ് പിന്നീട് ക്രൂസിന്റെ എല്ലാമെല്ലാമായി മാറിയ ദി ഡോൺ എന്ന് ആരാധകർ വിളിക്കുന്ന കാർലോ അഞ്ചലോട്ടി ക്രൂസിനെ മാഡ്രിഡിലോട്ട് വിളിക്കുന്നത്. അതുവരെ ക്രൂസ് ഒരു അറ്റാക്കിങ് മിഡ്ഫീൽഡറുടെ റോളാണ് ചെയ്തിരുന്നതെങ്കിൽ റയലിൽ മറ്റൊരു പണിയാണ് ഏറ്റെടുക്കേണ്ടയിരുന്നത്. ബെയ്ൽ, ബെൻസേമ, ക്രിസ്റ്റ്യാനോ എന്നീ അതികായരടങ്ങിയ മുൻനിരയാക്കാളേറേ ക്രൂസിനെ വേണ്ടത് കുറച്ചുകൂടെ ഡിഫൻസീവ് ഉത്തരവാദിത്തങ്ങളിലാണെന്ന് കോച്ച് പറഞ്ഞു. തനിക്ക് അധികം പരിചമില്ലാത്ത പണിയാണെങ്കിലും ക്രൂസ് കോച്ചിന്റെ പ്രതീക്ഷകൾക്കൊത്ത് കോട്ടകെട്ടി.
2016ൽ സിനദിൻ സിദാൻ കസെമിറോയെയും മോഡ്രിച്ചിനെയും ക്രൂസിന് കൂട്ടായി എത്തിച്ചതോടെ അതൊരു പെർഫെക്ട് ട്രിയോയായി മാറി. തുടരെ മൂന്ന് ചാമ്പ്യൻസ്‍ലീഗ് കിരീടങ്ങളിലാണ് റയൽ പിന്നീട് മുത്തമിട്ടത്. റയൽ ടീം പലകുറി പൊളിച്ചുപണിതപ്പോളും ക്രൂസ് അനിഷേധ്യനായി തുടർന്നു.
‘‘റയൽ മാഡ്രിഡ് എന്നും ക്രൂസിന്റെ താളത്തിലാണ് കളിക്കുന്നത്. ക്രൂസ് സ്ളോ ഡൗൺ ചെയ്യുമ്പോൾ ഞങ്ങളും സ്ളോവാകും. ക്രൂസ് വേഗത കൂട്ടുമ്പോൾ ഞങ്ങളും വേഗത്തിലാക്കും’’ - ക്രൂസിനെക്കുറിച്ച് കസെമിറോ പറഞ്ഞ ഈ വാക്കുകൾ അയാളാരാണെന്ന് അടിവരയിടുന്നു.പോയ സീസണിലും അയാളുടെ പാസിങ് അക്യുറസി 94.5 എന്ന അവിശ്വസനീയ നമ്പറിലാണ്. അവസാനത്തെ അഞ്ചുസീസണുകളിലും അത് 93.5ന് താഴെ പോയിട്ടില്ല. മാഡ്രിഡിന്റെ തലയും താളവും ശ്വാസവും അയാളായി മാറി.
2014ൽ ലോകകിരീടത്തിൽ ജർമനി ആധികാരികമായി മുത്തമിട്ടപ്പോൾ ജർമൻ എഞ്ചിന് എണ്ണ പകർന്നത് ക്രൂസായിരുന്നു. പെർഫോമൻസ് ഇൻഡക്സുകൾ പ്രകാരം ആ ലോകകപ്പിലെ
താരമായി ക്രൂസിനെ വിലയിരുത്തിവരുമുണ്ട്. ബെർലിൻ മതിലിന്റെ തകർച്ചയും ക്രൂസിന്റെ കരിയറും തമ്മിലൊരു ബന്ധമുണ്ട്. കാരണം ക്രൂസ് ജനിക്കുന്നത് ഫുട്ബോളിന് പേരുകേട്ട ലോകടീമുകളെ വിറപ്പിച്ചിരുന്ന വെസ്റ്റ് ജർമനിയിലല്ല. കമ്യൂണിസ്റ്റുകൾ ഭരിച്ചിരുന്ന ഈസ്റ്റ് ജർമനിയിലായിരുന്നു ക്രൂസ് ജനിക്കേണ്ടത്. 2014ൽ ജർമൻ ടീം കപ്പുയർത്തുമ്പോൾ ലോകകപ്പ് വിജയിക്കുന്ന ഒരേയൊരു ഈസ്റ്റ് ജർമനിക്കാരനായാണ് അയാളെ സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയത്.
ജർമനിക്കായി ഏറ്റവും തെളിച്ചത്തോടെ ക്രൂസിനെ കണ്ടത് 2018ൽ റഷ്യയിലെ സോച്ചിയിലാണ്. സ്വീഡനുമായുള്ള ഗ്രൂപ്പ് മത്സരം 1-1ന് തുടരുന്നു. ആദ്യ മത്സരം മെക്സിക്കോയോട് തോറ്റ ജർമനിക്ക് വിജയം അനിവാര്യമാണ്. പക്ഷേ സ്വീഡിഷ് പ്രതിരോധമതിന് സമ്മതിക്കുന്നില്ല. മത്സരം ഇഞ്ച്വറി ടൈമും പിന്നിട്ട് 95 മിനുറ്റിലെത്തിയിരിക്കുന്നു. ഇനി വിജയിക്കണമെങ്കിൽ അസാധാരണമായി എന്തെങ്കിലും സംഭവിക്കണം. അല്ലെങ്കിൽ മേഘങ്ങളിൽ നിന്നുമൊരു രക്ഷകൻ വരണം. ജർമൻ ആരാധകരുടെ പ്രതീക്ഷകളുടെ മൂലയിൽ നിന്നും ക്രൂസ് കിക്കെടുക്കുന്നു. അസാധാരണ പൊസിഷനിൽ നിന്നുമൊരു അസാധാരണ ഗോൾ. തലച്ചോറും കാലുകളും ഒരേ സമയം സമന്വയിച്ചൊരു അത്ഭുനിമിഷം. ഇൻസ്പ്രറേഷനൽ മൊമന്റ് ഫ്രം ടോണി ക്രൂസ് എന്ന് കമന്ററി അലറി വിളിച്ചു. വരുന്ന യൂറോയിൽ ജർമൻ ജേഴ്സിയിലും ജൂൺ 2ന് വെംബ്ലിയിൽ റയൽ ജഴ്സിയിും അയാൾ തന്റെ അവസാന ഡാൻസിനായി എത്തുന്നു. നന്ദി ക്രൂസ്. നിങ്ങൾ നൽകിയതിനെല്ലാം.