ട്വിസ്റ്റിൽ വീണ്ടും ട്വിസ്റ്റ്: വാറിൽ കുരുങ്ങി അർജൻറീന; മൊറോക്കോക്ക് അവിശ്വസനീയ ജയം
പാരിസ്: ഒളിമ്പിക്സ് ഫുട്ബോളിലെ നാടകീയ മത്സരത്തിന് അതിനാടകീയ അന്ത്യം. മൊറോക്കോക്കെതിരെ അവസാന മിനുറ്റിൽ അർജൻറീന നേടിയ ഗോൾ വാർ പരിശോധനയിൽ റദ്ദാക്കിയതോടെ സമനിലയെന്ന് വിധികുറിച്ച മത്സരത്തിൽ മൊറോക്കോക്ക് അവിശ്വസനീയ ജയം.
116ാം മിനുറ്റിൽ മലേനോയിലൂടെ അർജൻറീന സമനില ഗോൾ നേടിയതിന് പിന്നാലെ കാണികൾ അക്രമാസക്തമായതിനെത്തുടർന്ന് മത്സരം നിർത്തിവെച്ചിരുന്നു. എന്നാൽ ഒരു മണിക്കൂറിന് ശേഷം ശേഷിക്കുന്ന ഏതാനും നിമിഷങ്ങൾക്കായി മത്സരം പുനരാരംഭിക്കുകയായിരുന്നു. 3മിനുറ്റ് സമയത്തേക്കാണ് മത്സരം പുനരാരംഭിച്ചത്. തുടർന്ന് വാർപരിശോധനയിൽ അർജൻറീന നേടിയത് ഗോളല്ലെന്ന് തെളിയുകയായിരുന്നു. ഇതോടെ 2-1 എന്ന സ്കോർ നിലയിൽ മൊറോക്കോ വിജയിച്ചു കയറി. ജീവിതത്തിൽ കണ്ട ഏറ്റവും വലിയ സർക്കസാണിതെന്ന് അർജൻറീന കോച്ച് ഹാവിയർ മാഷറാനോ മത്സരശേഷം പ്രതികരിച്ചു.
ആവേശപ്പോരിൽ മൊറോക്കോക്കെതിരെ അർജൻറീന അവസാന നിമിഷം സമനില പിടിച്ചെടുത്തുവെന്ന് തോന്നിച്ചിരുന്നു. രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം ഉജ്ജ്വലമായി പൊരുതിക്കയറിയ അർജൻറീന അവസാന നിമിഷങ്ങളിൽ മൊറോക്കൻ ഗോൾമുഖം വിറപ്പിച്ചു. സൂഫിയാനെ റഹിമിയുടെ ഇരട്ട ഗോളുകളാണ് മൊറോക്കോക്ക് തുണയായത്.
ഹാവിയർ മഷറാനോയുടെ ശിക്ഷണത്തിലെത്തിയ അർജൻറീന സംഘത്തിൽ ജൂലിയൻ അൽവാരസ്, നികൊളാസ് ഒട്ടമെൻഡി തുടങ്ങിയ പ്രധാന താരങ്ങളും മൊറോക്കൻ സംഘത്തിൽ അഷ്റഫ് ഹക്കിമി, ഗോൾകീപ്പർ മുനിർ മുഹമ്മദി അടക്കമുള്ളവരുമുണ്ടായിരുന്നു. ആദ്യ പകുതി അവസാനിരിക്കെ സുന്ദരമായ മുന്നേറ്റത്തിനൊടുവിലായിരുന്നു മൊറോക്കോയുടെ ആദ്യഗോൾ. അകോമാച്ച് നൽകിയ ബാക്ക് ഹീൽ പാസിൽ എൽ കനൗസ് നൽകിയ ക്രോസ് റഹീമി വലയിലേക്ക് തൊടുക്കുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് ഏതാനും മിനുറ്റുകൾക്ക് ശേഷം പെനൽറ്റിയിലൂടെയായിരുന്നു രണ്ടാംഗോൾ.
ഗോൾ വീണതോടെ അർജൻറീന ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടിയെങ്കിലും മൊറോക്കൻ പ്രതിരോധക്കോട്ടയിലും ഗോൾകീപ്പറിലും മുന്നേറ്റങ്ങൾ തട്ടിത്തെറിച്ചു. 67ാം മിനുറ്റിൽ സിമിയോണിയിലൂടെ അർജൻറീന ഒരു ഗോൾ മടക്കി. ഇതോടെ മൊറോക്കോ പ്രതിരോധത്തിലൂന്നിയത് അർജൻറീന നന്നായി മുതലെടുത്തു. ഇഞ്ച്വറി ടൈം 15 മിനുറ്റോളം നീണ്ടതും അർജൻറീനക്ക് തുണയായി. ഒടുവിൽ അന്തിമ വിസിലൂതാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു മലേനോ അർജൻറീനക്ക് ‘ആശ്വാസം’ നൽകിയത്. രണ്ടുതവണ ബാറിൽ തട്ടിയെത്തിയ പന്ത് മെദിന വലയിലേക്ക് തൊടുക്കുകയായിരുന്നു. ശനിയാഴ്ച ഇറാഖിനെതിരെയാണ് അർജൻറീനയുടെ അടുത്ത മത്സരം.