സഹല്‍ ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഭാവി: വുകുമാനോവിച്ച്
ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ഗോള്‍ നേടിയ ഇന്ത്യന്‍ താരമാണ് ഇപ്പോള്‍ സഹല്‍
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം സഹൽ അബ്ദുസ്സമദിനെ വാനോളം പുകഴ്ത്തി കോച്ച് ഇവാൻ വുകുമാനോവിച്ച്.സഹൽ ഇന്ത്യൻ ഫുട്‌ബോളിന്റേയും കേരളാബ്ലാസ്‌റ്റേഴ്‌സിന്റേയും ഭാവി വാഗ്ദാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ജംഷഡ്പൂർ എഫ്.സിക്കെതിരായ മത്സരത്തിൽ 1-0 ത്തിന് പിന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്‌സിനെ 27ാം മിനിറ്റിൽ സഹലാണ് ഒപ്പത്തിനൊപ്പമെത്തിച്ചത്.
'സഹലിന്റെ കാര്യത്തിൽ ഞാൻ ഏറെ സന്തോഷവാനാണ്.കേരളത്തിൽ അവന് ഒരുപാട് ആരാധകരുണ്ട് എന്ന് എനിക്കറിയാം. ആവശ്യമുള്ള സമയത്തൊക്കെ ടീമിന് സംഭാവനകൾ നൽകാൻ അവന് കഴിയുന്നുണ്ട്. ഇന്ത്യൻഫുട്ബോളിന്‍റേയും കേരളാബ്ലാസ്‌റ്റേഴ്‌സിന്റേയും ഭാവി വാഗ്ദാനമാണ് അവൻ. വുകുമാനോവിച്ച് പറഞ്ഞു.
ഈ സീസണില്‍ ഇതിനോടകം തന്നെ നാല് ഗോളുകൾ സഹൽ സ്‌കോർ ചെയ്ത് കഴിഞ്ഞു. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ഗോള്‍ നേടിയ ഇന്ത്യന്‍ താരമാണ് സഹല്‍ . അതോടൊപ്പം ഐ.എസ്.എല്ലിലെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡും താരത്തിനെ തേടിയെത്തി.
ഒരാഴ്ചയിൽ തന്നെ മൂന്നു വ്യത്യസ്മായ ടീമുകൾക്കെതിരെ താന്‍ ആഗ്രഹിച്ചതുപോലെ ടീമിന് കളിക്കാനായെന്നും തോൽവിയറിയാതെ തുടർച്ചയായ ഏഴാം മത്സരം പൂര്‍ത്തിയാക്കിയത് വലിയ നേട്ടമാണെന്നും കോച്ച് വുകുമാനോവിച്ച് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റഫറിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. 37-ാം മിനിറ്റില്‍ വാസ്‌ക്വസിന്റെ ഷോട്ട് ബോക്‌സില്‍ വെച്ച് ജംഷഡ്പൂർ താരത്തിന്റെ കൈയില്‍ തട്ടിയിരുന്നെങ്കിലും റഫറി പെനാല്‍ട്ടി അനുവദിച്ചില്ല.