15 രാജ്യങ്ങള്‍, ഏഴായിരം കിലോമീറ്റര്‍, 9 മാസങ്ങള്‍; നടന്ന് നടന്ന് സാന്റിയാഗോ ലോകകപ്പിന്
9 മാസമെടുത്ത് ലോകകപ്പ് കിക്കോഫ് വിസിലിന് മുമ്പ് ഖത്തറിലേക്ക് എത്തുന്ന രീതിയിലാണ് ക്രമീകരണം
ദോഹ: 15 രാജ്യങ്ങള്‍, ഏഴായിരം കിലോമീറ്റര്‍,9 മാസങ്ങള്‍... സ്പെയിന്‍കാരനായ സാന്റിയാഗോ സാഞ്ചസ് കൊഗേദര്‍ നടന്നുതടങ്ങി. ഫുട്ബോളിന്റെ കളിമുറ്റമായ മാഡ്രിഡില്‍ നിന്നും ലോകഫുട്ബോളിന്റെ മഹോത്സവ നഗരിയായ ദോഹയിലേക്ക്. ഓരോ ചുവടുകളും ഫുട്ബോളിന്റെ ആരവത്തിലേക്കുള്ള അകലം കുറയ്ക്കും.
മാഡ്രിഡിലെ മറ്റാപിനോനെറ സ്റ്റേഡിയത്തില്‍ നിന്നാണ് പ്രയാണത്തിന്റെ തുടക്കം. ഖത്തര്‍ എംബസിയിലെത്തി അംബാസഡറുടെ അനുഗ്രഹവും വാങ്ങി. ഈ ചിത്രങ്ങള്‍ അംബാസഡര്‍ ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. സ്പാനിഷ് ഫുട്ബോള്‍ ക്ലബായ റയല്‍ മാഡ്രിഡിന്റെ കടുത്ത ആരാധകനായ സാന്റിയാഗോ സാഹസിക യാത്രകളെയും ഇഷ്ടപ്പെടുന്നു. 9 മാസമെടുത്ത് ലോകകപ്പ് കിക്കോഫ് വിസിലിന് മുമ്പ് ഖത്തറിലേക്ക് എത്തുന്ന രീതിയിലാണ് ക്രമീകരണം. യാത്രക്കിടയില്‍ വിശ്രമിക്കുന്നതിന് ആവശ്യമായ ടെന്റും ഭക്ഷണം തയ്യാറാക്കാനുള്ള സംവിധാനങ്ങളുമെല്ലാം കൂടെ കരുതിയിട്ടുണ്ട്. എന്തായാലും ഇങ്ങനെയൊരു യാത്രയെ കുറിച്ച് പറയുമ്പോള്‍ ആരും മൂക്കത്ത് വിരല്‍ വെക്കാനൊന്നും പോകേണ്ട. കക്ഷിക്ക് ഇതൊരു സ്ഥിരം പരിപാടിയാണ്. 2019 ല്‍ സ്പാനിഷ് സൂപ്പര്‍ കപ്പിന് സൌദി അറേബ്യ വേദിയായപ്പോള്‍ മാഡ്രിഡില്‍ നിന്നും റിയാദിലേക്ക് സൈക്കിള്‍ യാത്ര നടത്തിയും സാന്റിയാഗോ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.