"23 വയസ്സുള്ളപ്പോൾ മെസ്സിക്ക് നാല് ബാലന്‍ദ്യോറുകള്‍ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും എംബാപ്പെക്ക് പറഞ്ഞ് കൊടുക്കൂ"; രൂക്ഷ വിമര്‍ശനവുമായി റൂണി
എംബാപ്പെയെ പോലെ ഈഗോയുള്ളൊരു കളിക്കാരനെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്ന് റൂണി
ഫ്രഞ്ച് ലീഗില്‍ മോണ്ടിപ്പെല്ലിയറിനെതിരായ മത്സരത്തിനിടെ ലയണല്‍ മെസ്സിയോട് അപമര്യാദയായി പെരുമാറിയ പി.എസ്.ജി താരം കിലിയന്‍ എംബാപ്പെയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇംഗ്ലീഷ് താരം വെയ്ന്‍ റൂണി. മത്സരത്തില്‍ തന്നെ പെനാല്‍ട്ടി എടുക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് സഹതാരം നെയ്മറിനോട് മൈതാനത്ത് വച്ച് വാക്കേറ്റത്തിലേര്‍പ്പെട്ട എംബാപ്പെ മെസ്സിയെ ചുമലു കൊണ്ട് തള്ളുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. എംബാപ്പെയുടെ അസാധാരണ പെരുമാറ്റത്തില്‍ മെസ്സി അമ്പരന്ന് നില്‍ക്കുന്നതും വിഡിയോയില്‍ കാണാം.
ഇതിനെ വിമര്‍ശിച്ച് നിരവധി താരങ്ങള്‍ ഇതിനോടകം രംഗത്തു വന്നു കഴിഞ്ഞു. താന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇത്രയും ഈഗോയുള്ള കളിക്കാരനെ കണ്ടിട്ടില്ലെന്നും 22 വയസ്സുള്ളപ്പോൾ മെസ്സിക്ക് നാല് ബാലന്‍ ദ്യോറുകള്‍ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും എംബാപ്പെയെ ഓർമ്മിപ്പിച്ച് കൊടുക്കൂ എന്നും വെയ്ന്‍ റൂണി പറഞ്ഞു.
"23 വയസ്സുള്ള ഒരു കളിക്കാരൻ മെസ്സിയെ തള്ളുന്നു.. ഇതിലും വലിയ ഈഗോ എന്‍റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. 22 വയസ്സുള്ളപ്പോൾ മെസ്സിക്ക് നാല് ബാലന്‍ ദ്യോറുകള്‍ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും എംബാപ്പെക്ക് പറഞ്ഞ് കൊടുക്കൂ"- ഡെപാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ റൂണി പറഞ്ഞു. മോണ്ടിപ്പെല്ലിയറിനെതിരായ മത്സരത്തില്‍ 5 - 2 ന് പി.എസ്.ജയിച്ചെങ്കിലും താരങ്ങള്‍ക്കിടയിലുള്ള അസ്വാരസ്യങ്ങളുടെ പേരില്‍ മത്സരം ഏറെ വിവാദമായിരിക്കുകയാണിപ്പോള്‍.