റൊണാൾഡോക്ക് അടുത്ത ചാമ്പ്യൻസ് ലീഗ് നഷ്ടമാകുമോ?
ഈ സാഹചര്യത്തിലാണ് സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ കൂടുമാറല്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചാ വിഷയമാകുന്നത്
തുടർച്ചയായി ഒമ്പത് തവണ ഇറ്റലിയിൽ ലീഗ് കിരീടം നേടിയ യുവന്റസിന്റെ ആധിപത്യം അവസാനിക്കുകയാണ്. യുവന്റസിന് ഈ സീസണിൽ ലീഗ് കിരീടം നഷ്ടമാകും. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്റർ മിലാൻ ബഹുദൂരം മുന്നിലാണ്. ഒന്നാമതുള്ള ഇന്റർ മിലാന് ഇപ്പോൾ 33 കളികളിൽ 79 പോയിന്റാണ് ഉള്ളത്. രണ്ടാമതുള്ള അറ്റലാന്റയ്ക്ക് 68 പോയിന്റും. 5 മത്സരങ്ങൾ മാത്രമാണ് ലീഗിൽ അവശേഷിക്കുന്നത്. എല്ലാ മത്സരങ്ങളും അറ്റലാന്റ ജയിച്ചാലും അവർക്ക് 83 പോയിന്റിൽ മാത്രമെ എത്താൻ സാധിക്കുകയുള്ളൂ. രണ്ട് കളികൾ ജയിച്ചാൽ കിരീടം ഉറപ്പിക്കാം. അവസാനമായി 2009-10 സീസണിൽ ആയിരുന്നു ഇന്റർ സീരി എ കിരീടം നേടിയത്.
നാലാം സ്ഥാനത്തുള്ള യുവന്റസിനും അഞ്ചാം സ്ഥാനത്തുള്ള എ.സി മിലാനും 66 പോയിന്റാണുള്ളത്. അതുകൊണ്ട് തന്നെ യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ തുലാസിലാണെന്നർഥം. ഈ സാഹചര്യത്തിലാണ് സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ കൂടുമാറല്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചാ വിഷയമാകുന്നത്. ഇറ്റാലിയന്‍ ക്ലബ് യുവന്റസും തമ്മിലുള്ള കരാര്‍ കാലാവധി അവസാനിക്കുന്നതിനു മുമ്പ് കൂടുമാറാനാണു ക്രിസ്‌റ്റ്യാനോ ആലോചിക്കുന്നത്. യുവന്റസിനായി കളിച്ച അവസാന മൂന്ന് മത്സരങ്ങളിലും സ്കോർ ചെയ്യുന്നതിൽ റൊണാൾഡോ പരാജയപ്പെട്ടിരുന്നു.
ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടാതിരിക്കുന്നതു ക്രിസ്‌റ്റ്യാനോയെ സംബന്ധിച്ച് ആലോചിക്കാനാവുന്നതല്ല. മൂന്ന് വ്യത്യസ്‌ത ക്ലബുകള്‍ക്കു വേണ്ടി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുകയെന്ന ലക്ഷ്യവുമായാണു ക്രിസ്‌റ്റ്യാനോ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റലിയിലെത്തിയത്. സീസണിന്റെ തുടക്കത്തില്‍ മികച്ച ഫോമിലായിരുന്നെങ്കിലും പിന്നീട് താരം നിറംമങ്ങി.