കീപ്പര്‍ അന്യായമായി അനങ്ങിപ്പോവരുത്!! അഞ്ച് റണ്‍സ് പോയിക്കിട്ടും, വരുന്നത് എട്ടിന്‍റെ പണി
വിപ്ലവകരമായ ചില മാറ്റങ്ങളോടെയാണ് ഐ.പി.എൽ ഇക്കുറി ആരാധകരെ തേടിയെത്തുന്നത്. കളി നിയമങ്ങളിൽ വരുന്ന നിരവധി മാറ്റങ്ങൾ കളിയുടെ ഫലങ്ങളെ പോലും സ്വാധീനിക്കുമെന്ന് ഉറപ്പാണ്
ഐ.പി.എൽ 16ാം എഡിഷന് തിരശീല ഉയർന്ന് കഴിഞ്ഞു.. ക്രിക്കറ്റ് ആരാധകർക്കിനി കളിയാരവങ്ങളുടെ പകലിരവുകളാണ്. രണ്ട് മാസം, പത്ത് ടീമുകൾ.. 12 വേദികൾ.. 74 മത്സരങ്ങൾ. ഒരേ ഒരു ലക്ഷ്യം. ഐ.പി.എല്ലിന്റെ കനകസിംഹാസനം..
ഇംപാക്ട് പ്ലെയർ, ടോസിന് ശേഷം ടീം, റിവ്യൂ മാറ്റങ്ങൾ, പെനാൽട്ടി റൺസ്... .വിപ്ലവകരമായ ചില മാറ്റങ്ങളോടെയാണ് ഐ.പി.എൽ ഇക്കുറി ആരാധകരെ തേടിയെത്തുന്നത്. കളി നിയമങ്ങളിൽ വരുന്ന നിരവധി മാറ്റങ്ങൾ കളിയുടെ ഫലങ്ങളെ പോലും സ്വാധീനിക്കുമെന്ന് ഉറപ്പാണ്.. നോക്കാം ഐ.പി.എൽ 16ാം സീസണിൽ നടപ്പിലാക്കുന്ന അഞ്ച് പുതിയ നിയമങ്ങൾ..
ഇംപാക്ട് പ്ലെയർ
ഇക്കുറി ഐ.പി.എല്ലിൽ നടപ്പിലായ ഏറ്റവും വിപ്ലവകരമായ നിയമമാണ് ഇംപാക്ട് പ്ലെയർ. ഫുട്‌ബോളിലും റഗ്ബിയിലുമൊക്കെ നിലവിലുള്ള സബ്‌സ്റ്റിറ്റിയൂഷന് സമാനമായ നിയമമാണിത്. കളിയുടെ നിർണായക നിമിഷങ്ങളിൽ ഏതെങ്കിലും ഒരു കളിക്കാരെ മാറ്റി പകരം മറ്റൊരു കളിക്കാരനെ ഇറക്കാൻ ടീമുകൾക്ക് ഇനി കഴിയും. ടോസിന് ശേഷം ടീം ലിസ്റ്റ് കൈമാറുമ്പോൾ ലിസ്റ്റിൽ ഇംപാക്ട് പ്ലെയറാക്കാൻ ഉദ്ധ്യേശിക്കുന്ന അഞ്ച് താരങ്ങളുടെ പേര് കൂടി ആഡ് ചെയ്യണം.
ടീമിന് ആവശ്യമുള്ള ഘട്ടത്തിൽ ഒരു കളിക്കാരനെ പിൻവലിച്ച് ഇംപാക്ട് പ്ലെയറെ കളത്തിലിറക്കാം. എന്നാല്‍ കളി 14 ഓവര്‍ പിന്നിടും മുമ്പ് തന്നെ താരത്തെ കളത്തിലിറക്കിയിരിക്കണം. ടീമില്‍ നാല് വിദേശ താരങ്ങളുണ്ടെങ്കില്‍ ഇന്ത്യന്‍ താരങ്ങളെ മാത്രമേ ഇംപാക്ട് പ്ലെയറാക്കാന്‍ കഴിയൂ. ടീമില്‍ വിദേശ താരങ്ങള്‍ നാലില്‍ കുറവാണെങ്കില്‍ വിദേശ താരങ്ങളേയും ഇംപാക്ട് പ്ലെയര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാവും. പകരമിറക്കുന്ന കളിക്കാരന്‍ ബോളറാണെങ്കില്‍ കളത്തിലിറങ്ങിയ ശേഷം അയാള്‍ക്ക് മുഴുവന്‍ ക്വാട്ടയായ നാല് ഓവറുകളും എറിയാം. മുമ്പ് ബിഗ് ബാഷ് ലീഗിലും സയ്യിജ് മുശ്താഖ് അലി ട്രോഫിയിലും ഈ നിയമം പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.
ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈക്കായി കളത്തിലിറങ്ങിയ തുഷാര്‍ ദേശ് പാണ്ഡേ ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ ഇംപാക്ട് പ്ലെയറായി ചരിത്ര പുസ്തകത്തില്‍ ഇടംപിടിച്ചു. അമ്പാട്ടി റായിഡുവിന് പകരക്കാരനായാണ് തുഷാര്‍ ദേശ്‍പാണ്ഡേയെ ചെന്നൈ കളത്തിലിറക്കിയത്. എന്നാല്‍ കളത്തില്‍ അമ്പേ നിരാശപ്പെടുത്തിയ തുഷാര്‍ ഗുജറാത്ത് വിജയത്തില്‍ വലിയ 'ഇംപാക്ടാണ്' സൃഷ്ടിച്ചത്. ബൌളിങ്ങില്‍ 3.2 ഓവര്‍ എറിഞ്ഞ താരം 51 റണ്‍സാണ് വിട്ട് കൊടുത്തത്. ചെന്നൈയുടെ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്നും ഇംപാക്ട് പ്ലെയറെ തെരഞ്ഞെടുത്തതിലെ മോശം തീരുമാനമാണ്.
ടോസ് ഇട്ടതിന് ശേഷം മാത്രം പ്ലേയിങ് ഇലവന്‍
ക്രിക്കറ്റില്‍ നാളിത് വരെ ടോസ് ഇടുന്നതിന് മുമ്പ് തന്നെ ടീം പ്രഖ്യാപിക്കണമെന്ന നിയമമാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ ഐ.പി.എല്ലില്‍ ഇനി ഈ നിയമമില്ല. ടോസ് ഫലം അറിഞ്ഞതിന് ശേഷം മാത്രം ടീമുകൾ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചാൽ മതിയാവും. പിച്ചിന്റെ സ്വഭാവം ടോസ് ഫലം ഇവയെ മുൻനിർത്തി ടീമുകൾക്ക് കോമ്പിനേഷനിൽ മാറ്റം വരുത്താം. അതിനാൽ ടോസിന് മുമ്പേ ക്യാപ്റ്റന്മാർക്ക് രണ്ട് ടീം കോമ്പിനേഷനുകൾ കയ്യിൽ കരുതാനാവും. ഒന്ന് ബോളിങ്ങ് ലഭിച്ചാൽ ഇറക്കേണ്ടതും മറ്റൊന്ന് ബാറ്റ് ചെയ്യേണ്ടി വരികയാണെങ്കിൽ ഇറക്കേണ്ടതും. ടോസ് ആനുകൂല്യം ഒരിക്കലും കളിയുടെ ഫലത്തെ സ്വാധീനിക്കരുതെന്നതിനെ മുൻനിർത്തിയാണ് ഐ.പി.എല്ലിൽ ഇക്കുറി പുതിയ നിയമം കൊണ്ടുവരുന്നത്. മുമ്പ് സൗത്ത് ആഫ്രിക്കൻ ടി 20 ലീഗിലും ഈ നിയമം നടപ്പിലാക്കി വിജയിച്ചിട്ടുണ്ട്.
കീപ്പറും ഫീല്‍ഡറും ഇനി അന്യായമായി അനങ്ങിപ്പോവരുത്!!
ബോള്‍ ചെയ്ത് കൊണ്ടിരിക്കേ വിക്കറ്റ് കീപ്പര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും ഇനി അന്യായ ചലനങ്ങളുണ്ടാക്കാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ പന്ത് ഡെഡ് ബോളായി കരുതും. കൂടാതെ അഞ്ച് റണ്‍സ് പെനാല്‍ട്ടിയായി അനുവദിക്കുകയും ചെയ്യും. ഇത് ചിലപ്പോള്‍ കളിയുടെ ഫലത്തെ തന്നെ ബാധിക്കാം എന്നതിനാല്‍ ക്യാപ്റ്റന്‍മാര്‍ കരുതിയിരുന്നേ മതിയാവൂ.
റിവ്യൂ മാറ്റം
ഡിസിഷന്‍ റിവ്യൂ സിസ്റ്റവുമായി ബന്ധപ്പെട്ടാണ് ഐ.പി.എല്ലിലെ പ്രധാന നിയമ മാറ്റങ്ങളില്‍ ഒന്ന്. നാളിതുവരെ വിക്കറ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലാണ് കളിക്കാര്‍ ഡി.ആര്‍.എസ് ഉപയോഗപ്പെടുത്തിയിരുന്നതെങ്കില്‍ ഇനി മുതല്‍ വൈഡും നോബോളുമൊക്കെ ഡി.ആര്‍.എസ്സിന്‍റെ പരിതിയില്‍ വരും. വൈഡുമായും നോബോളുമായും ബന്ധപ്പെട്ട് കളിക്കാര്‍ക്ക് സംശയമുണ്ടെങ്കില്‍ റിവ്യൂ സിസ്റ്റം ഉപയോഗപ്പെടുത്താം. ഒരു ടീമിന് രണ്ട് തവണയാണ് ഡി.ആര്‍.എസ്സിനെ ആശ്രയിക്കാനാവുക.
കുറഞ്ഞ ഓവര്‍ നിരക്കിന് ഇനി കളിക്കളത്തില്‍ തന്നെ പണികിട്ടും
കുറഞ്ഞ ഓവര്‍ നിരക്കിന് മുമ്പ് കളി കഴിഞ്ഞ ശേഷമായിരുന്നു ടീമുകള്‍ക്ക് പണി കിട്ടിയിരുന്നത്. ഐ.പി.എല്‍ പെരുമാറ്റ ചട്ടപ്രകാരം ക്യാപ്റ്റന്‍മാര്‍ പിഴയടക്കുന്നതായിരുന്നു പതിവ്. എന്നാല്‍ ഇനിമുതല്‍ കളിക്കളത്തിനകത്ത് വച്ച് തന്നെ പണി കിട്ടും. നിശ്ചിത സമയത്ത് ഇനി ഓവര്‍ എറിഞ്ഞ് തീര്‍ക്കാനായില്ലെങ്കില്‍ അടുത്ത ഓരോ ഓവറിലും 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് നാല് ഫീല്‍ഡര്‍മാരെ മാത്രമേ നില്‍ക്കാന്‍ അനുവദിക്കൂ. ഇത് ബാറ്റിങ്ങ് ടീമിന് ഗുണം ചെയ്യും.
.