പാകിസ്താന്‍ ജയിച്ചെന്ന് കരുതിയ മത്സരത്തെ കൈവെള്ളയിലാക്കിയ കൈഫ്
സഹീറിന്റെ പന്തിനെ അയാളുടെ തലക്ക് മുകളിലൂടെ മാലിക് ഉയർത്തിയടിച്ചു. ആ പന്ത് ലാന്റ് ചെയ്യാനൊരുങ്ങുമ്പോൾ ആ പരിസരത്തെങ്ങും ഒരു ഫീൽഡർ പോലുമുണ്ടായിരുന്നില്ല
ക്രിക്കറ്റ് മൈതാനങ്ങളിൽ അരങ്ങേറുന്ന ആവേശപ്പോരുകളുടെ ഗതി നിർണയിക്കുന്ന കൂറ്റനടിക്കാർ. വാലറ്റത്തവശേഷിക്കുന്ന ഒരാളെ കാഴ്ച്ചക്കാരനാക്കി നിർത്തി അയാൾ കളിയുടെ വിധി തീരുമാനിക്കുന്നു. ചിലപ്പോഴൊക്കെ വേഗപ്പന്തുമായി കളം നിറയുന്നവർ എതിരാളികളെ ക്രീസിൽ നിലയുറപ്പിക്കും മുമ്പേ കൂടാരം കയറ്റി അസാധ്യമെന്ന് തോന്നുന്ന ലക്ഷ്യങ്ങളെ എറിഞ്ഞിടുന്നു. എന്നാൽ ചിലപ്പോഴെങ്കിലും മൈതാനങ്ങളിൽ മത്സരങ്ങളുടെ വിധി തീരുമാനിക്കുന്നത് ഫീൽഡർമാരായിക്കും. ബൗണ്ടറിക്കരികിൽ അവർ പറന്നുയർന്ന് കൈപ്പിടിയിലൊതുക്കുന്ന പന്തിനൊപ്പം വിജയം കൂടി കൈവെള്ളയിലിയാട്ടുണ്ടാവും. ഏറ്റവുമൊടുവിൽ ഇന്ത്യ ടി20 ലോകകിരീടം നേടിയത് പോലും അങ്ങനെയൊരു അതിശയ ക്യാച്ചിലൂടെയാണല്ലോ.
ഡേവിഡ് മില്ലർ ലോങ് ഓഫിലേക്ക് അടിച്ചുയർത്തിയ അവസാന ഓവറിലെ ആദ്യ പന്ത് അതിർത്തി കടന്നെന്ന് ഒരുവേള മനസ്സിലുറപ്പിച്ചവരാണ് നമ്മിൽ പലരും. എന്നാൽ ആകാശത്തേക്ക് പറന്നുയർന്ന് സൂര്യകുമാർ യാദവ് അതിനെ കൈവെള്ളയിലാക്കി രോഹിത് ശർമക്കരികിലേക്ക് ഓടിയെത്തി. അയാളുടെ കൈപ്പിടിയിലപ്പോൾ പന്തല്ല ലോകകപ്പാണുണ്ടായിരുന്നത് എന്നാണ് അന്ന് ക്രിക്കറ്റ് പണ്ഡിറ്റുകൾ പലരും പറഞ്ഞു വച്ചത്. ക്യാച്ചസ് വിൻ മാച്ചസ് എന്നത് ആലങ്കാരികമായി പറഞ്ഞു വക്കുന്നോരു വെറുവർത്തമാനമല്ലെന്ന് ഇന്ത്യൻ ആരാധകർ ഒരു പോലെ തിരിച്ചറിഞ്ഞ നിമിഷം. ലോകകപ്പിലെ ഏറ്റവും അവിസ്മരീണ മുഹൂർത്തങ്ങളിൽ ഒന്നായി ആ ക്യാച്ച് ഇപ്പോഴും ഇന്ത്യൻ ആരാധകരുടെ മനസ്സിൽ മായാതെ കിടപ്പുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതിന് സമാനമായി കൈവിട്ട് പോകുമായിരുന്ന മത്സരങ്ങളെ അതിശയ ക്യാച്ചുകൾ കൊണ്ട് തിരികെ കൊണ്ടുവന്ന നിമിഷങ്ങൾ പലതുമുണ്ടായിട്ടുണ്ട്. മുഹമ്മദ് കൈഫ്... ഇന്ത്യൻ ക്രിക്കറ്റിലെ പറക്കും മനുഷ്യൻ എന്നാണ് ഒരു കാലത്ത് അയാളറിയപ്പെട്ടിരുന്നത്. ഫീൽഡിലെ അതിശയ പ്രകടനങ്ങൾക്കൊപ്പം ജോണ്ടി റോഡ്‌സിന്റെ പേര് മാത്രം ചേർത്തു വായിക്കപ്പെട്ടിരുന്ന കാലത്ത് ഇന്ത്യ മൈതാനങ്ങളിൽ മറ്റൊരു പറക്കും മനുഷ്യനെ അവതരിപ്പിച്ചു. അയാളെ കടന്ന് പന്തിനെ അതിർത്തി കടത്താൻ ബാറ്റർമാർക്ക് ഏറെ വിയർപ്പൊഴുക്കേണ്ടി വന്നു. അസാമാന്യമായ മെയ് വഴക്കത്തോടെ കൈഫ് വായുവിൽ പറന്നുയരുന്നത് ഇമയടക്കാതെ ഗാലറികൾ കണ്ടു നിന്നു.
വർഷം 2004. ഇന്ത്യയുടെ പാകിസ്താൻ പര്യടനം. ആദ്യ ഏകദിനത്തിനായി കറാച്ചി ഒരുങ്ങി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആതിഥേയർക്ക് മുന്നിൽ ഒരു റൺ മല തന്നെ പടുത്തുയർത്തി. വിരേന്ദർ സെവാഗും സച്ചിനും ക്രീസിലേക്ക്. ആദ്യ വിക്കറ്റിൽ 69 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ഇന്ത്യൻ ഓപ്പണിങ് സഖ്യം 9ാം ഓവറിൽ വേർപിരിഞ്ഞു. സച്ചിനെ കൂടാരം കയറ്റിയത് ശുഐബ് അക്തർ. എന്നാൽ ക്യാപ്റ്റൻ ഗാംഗുലിയെ കൂട്ടുപിടിച്ച് വീരു ഇന്ത്യൻ സ്‌കോർ വേഗത്തിൽ ചലിപ്പിച്ചു. 79 റൺസുമായി സെവാഗ് മടങ്ങുമ്പോൾ സ്‌കോർബോർഡിൽ 142 റൺസ് തെളിഞ്ഞിരുന്നു. പിന്നീട് ക്രീസിലെത്തിയ ദ്രാവിഡും ഗാംഗുലിയും ചേർന്ന് 24ാം ഓവറിൽ സ്‌കോർ 200 കടത്തി. ഗാംഗുലി പുറത്തായ ശേഷം ക്രീസിലെത്തിയ യുവി വന്നപോലെ മടങ്ങി.
എന്നാൽ ആറാമനായി ക്രീസിലെത്തിയ കൈഫിനെ കൂട്ടുപിടിച്ച് ദ്രാവിഡ് സ്‌കോർവേഗം കൂട്ടി. ഒടുവിൽ സെഞ്ച്വറിക്ക് ഒരു റൺ് അകലെ അക്തറിന് മുന്നിൽ ദ്രാവിഡ് വീണു. 56 പന്തിൽ 46 റൺസുമായി കൈഫ് ഇന്ത്യൻ ഇന്നിങ്‌സിന് നിർണായക സംഭാവന നൽകി. 50 ഓവർ പൂർത്തിയാവുമ്പോൾ ഇന്ത്യ സ്‌കോർബോർഡിൽ 349 റൺസ് ചേർത്തിരുന്നു.
അക്കാലത്ത് 350 റൺസ് വിജയലക്ഷ്യം അക്ഷരാർത്ഥത്തിൽ ഒരു ബാലികേറാ മലയായിരുന്നു. അതിനാൽ തന്നെ പാകിസ്താന്റെ തിരിച്ചടിയെ ഇന്ത്യ ഭയന്നേയില്ല. എന്നാൽ സൗരവ് ഗാംഗുലിയുടെ കണക്കു കൂട്ടലുകൾ മുഴുവൻ തെറ്റിച്ച് കറാച്ചിയിൽ പാക് നായകൻ ഇൻസമാമുൽ ഹഖും മുഹമ്മദ് യൂസുഫും ചേർന്ന് ഇന്ത്യയെ അതേ നാണയത്തിൽ തിരിച്ചടിച്ചു. 102 പന്തിൽ 122 റൺസെടുത്ത പാക് നായകൻ 42ാം ഓവറിൽ കളംവിടുമ്പോൾ സ്‌കോർ 300 കടന്നിരുന്നു. യൂനിസ് ഖാനും അബ്ദു റസാഖും തകർത്തടിച്ച് തുടങ്ങിയതോടെ പാക് ആരാധകർ ആവേശത്തിലായി. തുടരെ രണ്ടോവറുകളിൽ യൂനിസ് ഖാനും റസാഖും കൂടാരം കയറിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ ഉയർന്നു. അതേ സമയം ക്രീസിലപ്പോഴും പാകിസ്താന് വിജയപ്രതീക്ഷ നൽകി ശുഐബ് മാലിക്കുണ്ടായിരുന്നു.
അവസാന രണ്ടോവറിൽ പാകിസ്താന് ജയിക്കാൻ വേണ്ടത് വെറും 17 റൺസ്. ക്രീസിൽ മുഈൻ ഖാനും മാലികും. സഹീർ ഖാനെറിഞ്ഞ 49ാം ഓവറിലെ അഞ്ചാം പന്ത്. ഇപ്പോൾ പാകിസ്താൻ ജയിക്കാൻ വേണ്ടത് എട്ട് പന്തിൽ വെറും 10 റൺസ്. സഹീറിന്റെ പന്തിനെ അയാളുടെ തലക്ക് മുകളിലൂടെ മാലിക് ഉയർത്തിയടിച്ചു. ആ പന്ത് ലാന്റ് ചെയ്യാനൊരുങ്ങുമ്പോൾ ആ പരിസരത്തെങ്ങും ഒരു ഫീൽഡർ പോലുമുണ്ടായിരുന്നില്ല. അതിനാൽ തന്നെ പന്ത് സേഫായി ലാന്റ് ചെയ്യുമെന്ന് മാലിക് മനസ്സിലുറപ്പിച്ചു. എന്നാൽ മുഹമ്മദ് കൈഫും ഹേമന്ദ് ഒരു വലിയ ശ്രമത്തിന് മുതിർന്നു. ബൗണ്ടറി ലൈനിലായിരുന്ന ഇരുവരും രണ്ട് വ്യത്യസ്ത ദിശകളിൽ നിന്ന് ആ പന്ത് പിടിച്ചെടുക്കാൻ പറന്നെത്തി.
കൈഫിന്‍റെ പാച്ചിൽ ലോങ് ഓഫിൽ നിന്നായിരുന്നെങ്കിൽ ലോങ് ഓണിൽ നിന്നാണ് ബദാനി കുതിച്ചെത്തിയത്. പന്ത് ലാന്റ് ചെയ്യാനൊരുങ്ങവെ ഇരുവരും ഒരു പോലെ കൈ വിരിച്ചു. ഓട്ടത്തിനിടെ ബദാനി കൈഫുമായി കൂട്ടിയിടിച്ചു. ആ പന്ത് ഉറപ്പായും കൈവിട്ട് പോകുമെന്ന് സകലരും കരുതിയ ഘട്ടത്തിൽ ബദാനിക്ക് മുകളിലൂടെ പന്തിനെ കൈപ്പിടിയിലൊതുക്കി കൈഫ് ഗ്രൗണ്ടിൽ വീണു. പിന്നെ പിടിവിടാത്ത പന്തുമായി സഹീറിനടുത്തേക്ക് അലറിയോടിയെത്തി.
കറാച്ചി ഗാലറി ശ്വാസമടക്കിപ്പിടിച്ചാണാ കാഴ്ച കണ്ടു നിന്നത്. ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അതിശയ ക്യാച്ചുകളിലൊന്നാണ് അന്നവിടെ പിറന്നത്. ഒപ്പം ഇന്ത്യയുടെ വിജയവും. അവസാന ഓവറിൽ ജയിക്കാൻ എട്ട് റൺസ് വേണമായിരുന്ന പാകിസ്താൻ ഒടുക്കം അഞ്ച് റൺസകലെ സ്വന്തം മണ്ണിൽ ഇന്ത്യക്ക് മുന്നിൽ ആയുധം വച്ച് കീഴടങ്ങി.
യുവരാജ് സിങ്ങും മുഹമ്മദ് കൈഫും മൈതാനത്തുണ്ടെങ്കിൽ അവർ സേവ് ചെയ്യുന്ന റൺസ് ഇന്ത്യയുട വിജയങ്ങളിൽ ഏറെ നിർണായകമായിരിക്കും എന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ ദാദ സൗരവ് ഗാംഗുലിക്ക് ഉറച്ച് വിശ്വസിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ഗാംഗുലി കൈഫിനെ കുറിച്ച് ഒരിക്കൽ പറഞ്ഞ വർത്തമാനം ഇതിനോട് ചേർത്ത് വായിക്കണം.
''കൈഫ് ബാറ്റ് ചെയ്യുമ്പോൾ 30 മുതൽ 40 റൺസ് വരെയൊക്കെ മാത്രമായിരിക്കും സ്‌കോർബോർഡിന് സംഭാവന നൽകുക. എന്നാൽ അയാൾ ചുരുങ്ങിയത് 30 റൺസെങ്കിലും ഫീൽഡിൽ ഇന്ത്യക്കായി ഓരോ മത്സരങ്ങളിലും സേവ് ചെയ്യുന്നുണ്ട്. എനിക്കതാണ് വേണ്ടത്''
അതെ മുഹമ്മദ് കൈഫ് ഇന്ത്യൻ ക്രിക്കറ്റിന്റെ ജോണ്ടി റോഡ്‌സായിരുന്നു. 26ാംം വയസിൽ അവസാനമായി ഇന്ത്യൻ ജഴ്‌സിയണിഞ്ഞ അയാൾക്ക് തന്റെ കളിക്കാലങ്ങൾക്ക് നേരത്തേ അടിവരയിടേണ്ടി വന്നു. വെറും ആറ് വർഷം കൊണ്ടാണ് ഫീൽഡിൽ പകരക്കാരില്ലാത്ത വന്മരമായി ഇന്ത്യൻ ക്രിക്കറ്റിൽ അയാൾ പടർന്ന് പന്തലിച്ചത്. കളിച്ചത് 13 ടെസ്റ്റുകളും 125 ഏകദിനങ്ങളും. ലോർഡ്‌സിൽ നാറ്റ്വെസ്റ്റ് ട്രോഫി വിജയത്തിന് ശേഷം ജേഴ്‌സി ഊരിക്കറക്കുന്ന ദാദയുടെ ചിത്രം ക്രിക്കറ്റിനെ ഭ്രാന്തമായി പ്രണയിക്കുന്ന മനുഷ്യർ എങ്ങനെ മറക്കാനാണ്. ആ ഐതിഹാസിക വിജയത്തിലേക്ക് ബാറ്റ് വീശിയ കൈഫിനെയും. അങ്ങനെയെത്രയെത്ര ഓർമകൾ.