വേരുറപ്പിച്ച് ജോ റൂട്ട്; ഇതിഹാസങ്ങളെ മറികടക്കും, റെക്കോര്‍ഡുകള്‍ കടപുഴകും

31 വയസ് മാത്രമുള്ള ജോ റൂട്ടിനെ സംബന്ധിച്ച് ചുരുങ്ങിയത് ആറ് വർഷമെങ്കിലും ഇനിയും കരിയറിൽ ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിനടക്കം പല ഇതിഹാസങ്ങളുടേയും റെക്കോർഡുകൾ തകർക്കാൻ ഏറ്റവും സാധ്യതയുള്ള താരമായാണ് ക്രിക്കറ്റ് ലോകം റൂട്ടിനെ വിലയിരുത്തുന്നത്.

Update: 2022-06-13 06:23 GMT
വേരുറപ്പിച്ച് ജോ റൂട്ട്; ഇതിഹാസങ്ങളെ മറികടക്കും, റെക്കോര്‍ഡുകള്‍ കടപുഴകും
AddThis Website Tools
Advertising

കളിക്കളത്തിലെ പ്രകടനം കൊണ്ട് ഇംഗ്ലീഷ് ക്രിക്കറ്റര്‍മാര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചുകൊണ്ടിരിക്കുന്ന ദിവസങ്ങളാണ് കടന്നുപോകുന്നത്. 39 വയസിലും തീപ്പൊരി ബൌളിങ്ങുമായി കളം നിറയുന്ന ജെയിംസ് ആന്‍ഡേഴ്സണിന്‍റെയും 35 ലും മൂര്‍ച്ച ചോരാതെ വിക്കറ്റുകള്‍ വീഴ്ത്തുന്ന സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെയും പ്രകടനങ്ങള്‍ എതിര്‍ ടീമുകള്‍ ആശ്ചര്യത്തോടെ നോക്കിനില്‍ക്കുമ്പോഴാണ് നിശബ്ദനായി ജോ റൂട്ടും തന്‍റെ പ്രകടനം കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നത്.

മോഡേണ്‍ ഈറയിലെ ഫാബുലസ് ഫോറിലെ പ്രധാനിയാണ് ജോ റൂട്ട്. വിരാട് കോഹ്‍ലി, സ്റ്റീവ് സ്മിത്ത്, കെയിന്‍ വില്യംസണ്‍ എന്നിവരുടെ ഒപ്പം ക്രിക്കറ്റ് മൈതാനങ്ങളെ കോരിത്തരിപ്പിക്കുന്ന ബാറ്റിങ് പ്രതിഭ. പൊതുവേ സൌമ്യനായ റൂട്ട് പക്ഷേ പാഡണിഞ്ഞാല്‍ പിന്നെ ആ സംയമനം പാലിക്കാറില്ല. ഗ്രൌണ്ടിന്‍റെ നാലുപാടും ബൌണ്ടറി പറക്കും... 

ന്യൂസിലന്‍ഡുമായി നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും മിുന്നുന്ന പ്രകടനം ആവര്‍ത്തിക്കുകയാണ് ജോ റൂട്ട്. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടി ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ച റൂട്ട് രണ്ടാം ടെസ്റ്റിലും അതേ പ്രകടനം ആവര്‍ത്തിക്കുകയാണ്. 116 പന്തില്‍ മൂന്നക്കം കടന്ന റൂട്ട് തന്‍റെ കരിയറിലെ ഏറ്റവും വേഗമേറിയ ടെസ്റ്റ് സെഞ്ച്വറിയാണ് നേടിയത്. 27 സെഞ്ച്വറികളോടെ റൂട്ട് സെഞ്ച്വറികളുടെ എണ്ണത്തില്‍ വിരാട് കോഹ്ലിക്കും സ്റ്റീവ് സ്മിത്തിനുമൊപ്പമെത്തി. നിലവില്‍ ടെസ്റ്റ് കളിക്കുന്ന താരങ്ങളില്‍ ഏറ്റവുമധികം സെഞ്ച്വറി കോഹ്ലിയുടേയും സ്റ്റീവ് സ്മിത്തിന്റേയും റൂട്ടിന്റേയും പേരിലാണ് നിലവില്‍. ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തും ഓസ്‌ട്രേലിയന്‍ ഇതിഹാസം അലന്‍ ബോര്‍ഡറും ടെസ്റ്റില്‍ 27 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.

സ്റ്റീവ് സ്മിത്തിനും വിരാട് കോഹ്‍ലിക്കും കാര്യമായ ചലമൊന്നും ഉണ്ടാക്കാന്‍ കഴിയാതെ പോയ വര്‍ഷങ്ങളാണ് കടന്നുപോയത്. എന്നാല്‍ കഴിഞ്ഞ 18 മാസങ്ങളില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ താരമാണ് ജോ റൂട്ട്. രണ്ട് ഡബിള്‍ സെഞ്ച്വറിയും പത്ത് സെഞ്ച്വറികളുമാണ് ഈ കാലയളവില്‍ റൂട്ടിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്. അതില്‍ ആറ് തവണയും സെഞ്ച്വറി നേടിയ ഇന്നിങ്സുകളിലെ സ്കോര്‍ 150 ന് മുകളില്‍ എത്തിക്കാനും താരത്തിനായി.  

കോഹ്ലിക്ക് 2019 നവംബറിന് ശേഷം സെഞ്ച്വറി കണ്ടെത്താനായിട്ടില്ല. സ്റ്റീവ് സമിത്തിനാകട്ടെ 2021 ജനുവരിക്കുശേഷം മൂന്നക്കം കിട്ടാക്കനിയാണ്. ഇവിടെയാണ് റൂട്ട് പത്ത് സെഞ്ച്വറികളുമായി കളം നിറഞ്ഞത്. 119 ടെസ്റ്റുകളില്‍ നിന്നായി 27 സെഞ്ച്വറികള്‍ നേടിയ റൂട്ട് ടെസ്റ്റില്‍ 10000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടുകഴിഞ്ഞു. 31 വയസ് മാത്രമുള്ള ജോ റൂട്ടിനെ സംബന്ധിച്ച് ചുരുങ്ങിയത് ആറ് വർഷമെങ്കിലും ഇനിയും കരിയറിൽ ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിനടക്കം പല ഇതിഹാസങ്ങളുടേയും റെക്കോർഡുകൾ തകർക്കാൻ ഏറ്റവും സാധ്യതയുള്ള താരമായാണ് ക്രിക്കറ്റ് ലോകം റൂട്ടിനെ വിലയിരുത്തുന്നത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News