ഒന്‍പത് ഇന്നിങ്സുകള്‍, 807 റണ്‍സ്, ആവറേജ് 100+; ഇത് ബ്രൂട്ടല്‍ ബ്രൂക്ക്ര്
അരങ്ങേറിയത് മാസങ്ങള്‍ക്ക് മുന്‍പ്, കളിച്ചത് ആകെ ഒന്‍പത് ഇന്നിങ്സുകള്‍, സ്കോര്‍ ചെയ്തത് 807 റണ്‍സ്...! ആവറേജ് നൂറ് റണ്‍സിനും മുകളില്‍.
ഹാരി ബ്രൂക്ക്... ഈ പേര് ഓര്‍മയില്‍ വെച്ചുകൊള്‍ക... ടെസ്റ്റ് ക്രിക്കറ്റിന്‍റെ കാലം കഴിഞ്ഞുവെന്ന് വിധിയെഴുതിയ ക്രിക്കറ്റ് പണ്ഡിതന്മാരുടെ നെറ്റി ചുളിപ്പിച്ച ഐറ്റം. ഒരു 24 വയസുകാരന്‍ പയ്യന്‍ ലോക ക്രിക്കറ്റിനെ തനിക്ക് ചുറ്റും വലിച്ചടുപ്പിക്കുകയാണ്. അരങ്ങേറി പത്ത് ഇന്നിങ്സുകള്‍ പോലും തികച്ചില്ല, അതിന് മുമ്പ് ആ ഇംഗ്ലണ്ടുകാരന്‍റെ പേരിനൊപ്പം എഴുതപ്പെട്ട റെക്കോര്‍ഡുകള്‍ കണ്ട് ലോകം അമ്പരന്നിരിക്കുകയാണ്.
അരങ്ങേറിയത് മാസങ്ങള്‍ക്ക് മുന്‍പ്, കളിച്ചത് ആകെ ഒന്‍പത് ഇന്നിങ്സുകള്‍, സ്കോര്‍ ചെയ്തത് 807 റണ്‍സ്...! ആവറേജ് നൂറ് റണ്‍സിനും മുകളില്‍. ഒന്‍പത് ഇന്നിങ്സുകളില്‍ നിന്ന് 800 റണ്‍സ് എന്ന നേട്ടത്തിലെത്തുന്ന ആദ്യ താരം കൂടിയാണ് ബ്രൂക്ക്. മറികടന്നത് അരങ്ങേറിയ ആദ്യ കാലങ്ങളില്‍ ഇന്ത്യയുടെ ക്രിക്കറ്റ് സെന്‍സേഷന്‍ ആയിരുന്ന വിനോദ് കാംബ്ലിയുടെ റെക്കോര്‍ഡാണ്.
വെറും 803 പന്തുകളില്‍ നിന്നാണ് ഹാരി ബ്രൂക്ക് 800 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിലാണ് ബ്രൂക്ക് റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. നാലാം സെഞ്ച്വറി കുറിച്ച ബ്രൂക്ക് ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ 184 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി നേട്ടത്തിലേക്ക് കൂടിയാണ് താരത്തിന്‍റെ കുതിപ്പ്. ടെസ്റ്റ് ആണെങ്കില്‍ പോലും ഏകദിന ശൈലിയില്‍ ബാറ്റു വീശുന്ന ബ്രൂക്കിന്‍റെ കരിയര്‍ സ്ട്രൈക് റേറ്റ് നൂറിനോടടുത്താണ്.
ന്യൂസിലന്‍ഡിനെതിരായ ഇന്നിങ്സില്‍ 169 പന്തില്‍ 24 ബൌണ്ടറിയും അഞ്ച് സിക്സറുമുള്‍പ്പെടെയായിരുന്നു ബ്രൂക്കിന്‍റെ ബ്രൂട്ടല്‍ ഹിറ്റിങ്(184*).
ആരാണ് ഹാരി ബ്രൂക്?
അരങ്ങേറി മാസങ്ങള്‍ക്കുള്ളില്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയമായി മാറിയ ഹാരി ബ്രൂക് ഇംഗ്ലണ്ടിന്‍റെ അണ്ടര്‍-19 ടീമിലൂടെയാണ് അന്താരാഷ്ട്ര തലത്തിലേക്ക് എത്തുന്നത്. പിന്നീട് ഇംഗ്ലണ്ടിന്‍റെ കൌമര സംഘത്തിന്‍റെ ക്യാപ്റ്റനായ ബ്രൂക്ക് അലിസ്റ്റര്‍ കുക്കിന് ശേഷം അണ്ടര്‍ ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനുമായി. ആ വര്‍ഷം തന്നെ ഐ.സി.സി ലോകക്രിക്കറ്റിലെ റൈസിങ് സ്റ്റാര്‍ പുരസ്കാരത്തിനും ബ്രൂക്കിനെ തെരഞ്ഞെടുത്തു. 239 റണ്‍സുമായി ആ ലോകകപ്പിലെ ഇംഗ്ലണ്ടിന്‍റെ ടോപ് റണ്‍സ്കോററും ബ്രൂക്ക് ആയിരുന്നു.
വൈകാതെ ഹാരി ബ്രൂക്കിനെ തേടി ഇംഗ്ലണ്ട് സീനിയര്‍ ടീമിന്‍റെ വിളിയെത്തി. 2022 ജനുവരിയില്‍ വിന്‍ഡീസിനെതിരെയായിരുന്നു ഹാരി ബ്രൂക്കിന്‍റെ ടി20 അരങ്ങേറ്റം. വൈകാതെ തന്നെ ഏകദിന-ടെസ്റ്റ് ടീമിലേക്കും ബ്രൂക്കിനെ തെരഞ്ഞെടുത്തു. 2022 ടി20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമംഗം കൂടിയാണ് ബ്രൂക്.
ഇംഗ്ലണ്ടിന്‍റെ പാകിസ്താന്‍ പര്യടനത്തിലാണ് ഹാരി ബ്രൂക് എന്ന പേര് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം ചര്‍ച്ചയായത്. റാവല്‍പിണ്ടി ടെസ്റ്റില്‍ പാകിസ്തനെതിരെ ഹാരി ബ്രൂക് തന്‍റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി സ്വന്തമാക്കി. രണ്ട് ഇന്നിങ്സുകളിലുമായി 240 റണ്‍സാണ് ബ്രൂക് അന്ന് അടിച്ചുകൂട്ടിയത്. പിന്നീടങ്ങോട്ട് ആ യുവതാരത്തിന്‍റെ ദിനങ്ങളായിരുന്നു വരാനിരുന്നത്. മുള്‍ത്താന്‍ ടെസ്റ്റിലും ബ്രൂക് സെഞ്ച്വറി നേടി. കറാച്ചിയിലെ മൂന്നാം ടെസ്റ്റിലും ബ്രൂക്കിന്‍റെ ബാറ്റില്‍ നിന്ന് സെഞ്ച്വറി പിറന്നു. തുടര്‍ച്ചയായ മൂന്ന് ടെസ്റ്റുകളില്‍ സെഞ്ച്വറി നേട്ടം. അതും വിദേശ മണ്ണില്‍.
ഐ.പി.എല്‍ ലേലത്തിലും തീപിടിപ്പിച്ച താരം
കഴിഞ്ഞ ഐ.പി.എല്‍ താരലേലത്തില്‍ വിലയേറിയ താരങ്ങളിലൊരാളായിരുന്നു ബ്രൂക്. ഇംഗ്ലീഷ് ബാറ്റര്‍ ഹാരി ബ്രൂക്കിനുവേണ്ടി ഫ്രാഞ്ചേസികള്‍ കാശ് വാരിയെറിയുകയായിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ ശക്തമായ മല്‍സരമാണ് നടന്നത്. ഒടുവില്‍ 13 കോടി 25 ലക്ഷം രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ബ്രൂക്കിനെ സ്വന്തമാക്കിയത്.