പാകിസ്താനെതിരെ പിറക്കാനിരിക്കുന്നത് ചരിത്രം; കോഹ്ലിക്ക് വേണ്ടത് വെറും 12 റൺസ്
ടി20 ലോകകപ്പില്‍ ഇക്കുറി അത്ര നല്ല തുടക്കമല്ല കോഹ്ലിക്ക് ലഭിച്ചത്
ലോകകപ്പുകളിലെ ഇന്ത്യാ പാക് പോരാട്ടങ്ങൾ എക്കാലവും ആരാധകരെ ആവേശക്കൊടുമുടി കയറ്റാറുണ്ട്. ലോകകപ്പുകളുടെ ചരിത്രത്തിലെ ക്ലാസിക് പോരാട്ടങ്ങളിലൊക്കെ ഇന്ത്യക്ക് പാകിസ്താന് മുകളിൽ കൃത്യമായ മേൽകൈ ഉണ്ട്. നാളെ ഒരിക്കൽ കൂടി വിശ്വവേദിയിൽ ഇന്ത്യ പാകിസ്താനെ നേരിടാനൊരുങ്ങുമ്പോൾ എല്ലാ കണ്ണുകളും നീളുന്നത് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയിലേക്കാണ്. പാകിസ്താനെതിരെ വലിയ ട്രാക്ക് റെക്കോർഡുള്ള കോഹ്ലിക്ക് വലിയൊരു നാഴികക്കല്ലിൽ തൊടാൻ ഇനി വെറും 12 റൺസ് മാത്രം മതി.
ടി20 ക്രിക്കറ്റിലെ ഇന്ത്യ-പാക് പോരാട്ടങ്ങളില്‍ ഏറ്റവും വലിയ റൺവേട്ടക്കാരൻ കോഹ്ലിയാണ്. 81.33 ശരാശരിയിൽ 488 റൺസാണ് പാകിസ്താനെതിരെ മാത്രം കോഹ്ലിയുടെ സമ്പാദ്യം. അഞ്ച് അർധ സെഞ്ച്വറികൾ കോഹ്ലി പാക് പടക്കെതിരെ കുറിച്ചിട്ടുണ്ട്. പാകിസ്താനെതിരെ 500 എന്ന മാന്ത്രിക സംഖ്യയിൽ തൊടാന്‍ ഇനി കോഹ്ലിക്ക് വേണ്ടത് 12 റൺസ്.
ഇതിൽ ഏറ്റവും കൗതുകകരമായ വസ്തുത ഇന്ത്യാ പാക് പോരാട്ടങ്ങളിൽ മറ്റൊരു കളിക്കാരനും 200 റൺസിന് മുകളിൽ സ്‌കോർ ചെയ്തിട്ടില്ല എന്നതാണ്. കോഹ്ലിക്ക് പുറകിൽ രണ്ടാം സ്ഥാനത്തുള്ള മുഹമ്മദ് രിസ്വാന് 197 റൺസാണ് ഉള്ളത്.
ടി20 ലോകകപ്പുകളുടെ ചരിത്രത്തിലും കോഹ്ലി തന്നെയാണ് ഏറ്റവും വലിയ റൺവേട്ടക്കാരൻ. എന്നാൽ ഇക്കുറി അത്ര നല്ല തുടക്കമല്ല സൂപ്പർ താരത്തിന് ലഭിച്ചത്. ദുർബലരായ അയർലന്റിനെതിരെ വെറും ഒരു റൺസിനാണ് കോഹ്ലി പുറത്തായത്. എന്നാൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധസെഞ്ച്വറിക്കരുത്തിൽ ഇന്ത്യ ഏഴോവർ ബാക്കി നിൽക്കേ അനായാസ ജയം കുറിച്ചു. പാകിസ്താനാവട്ടെ അമേരിക്ക നൽകിയ അപ്രതീക്ഷിത ഷോക്കിന്റെ ഞെട്ടലിലാണ് ഇന്ത്യയെ നേരിടാനെത്തുന്നത്. യു.എസ്സിനെതിരെ നാണംകെട്ട തോൽവി വഴങ്ങിയ പാകിസ്താന് ഇന്ത്യക്കെതിരെ വിജയത്തിൽ കുറഞ്ഞ ലക്ഷ്യമൊന്നുമില്ല. നിലവിലെ ഫോമിൽ പാകിസ്താന് മുൻ പാക് താരമടക്കമുള്ളവരൊന്നും സാധ്യത കൽപ്പിക്കുന്നില്ല.