കോഹ്ലിയുടെ മകൾക്കുനേരെ ബലാത്സംഗ ഭീഷണി: സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ

ടി20 ലോകകപ്പിൽ ഇന്ത്യ പാകിസ്താനോട് തോറ്റതിനു പിറകെ മുഹമ്മദ് ഷമിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടന്ന വ്യാപകമായ വിദ്വേഷപ്രചാരണങ്ങളെ വിമർശിച്ചതിനാണ് വിരാട് കോഹ്ലിയുടെ മകള്‍ക്കുനേരെ ബലാത്സംഗഭീഷണിയുണ്ടായത്

Update: 2021-11-10 13:00 GMT
Editor : Shaheer | By : Web Desk
Advertising

വിരാട് കോഹ്ലിയുടെ മകൾക്കുനേരെ ബലാത്സംഗ ഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശിയായ രാംനാഗേഷ് ശ്രീനിവാസാണ് മുംബൈ പൊലീസിന്റെ പിടിയിലായത്. സോഫ്റ്റ്‌വെയർ എൻജിനീയറാണിയാള്‍.

കഴിഞ്ഞ മാസം ടി20 ലോകകപ്പിൽ പാകിസ്താനോട് ഇന്ത്യ തോറ്റതിനു പിറകെ ഇന്ത്യൻ താരം മുഹമ്മദ് ഷമിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിദ്വേഷ പ്രചാരണം നടന്നിരുന്നു. ഷമിക്കെതിരായ സൈബർ ആക്രമണങ്ങളെ വിമർശിച്ച് നായകൻ വിരാട് കോഹ്ലിയും രംഗത്തെത്തി. ഇതോടെയാണ് സമൂഹമാധ്യമങ്ങളിൽ വലിയൊരു വിഭാഗം കോഹ്ലിക്കെതിരെ തിരിഞ്ഞത്. ഇതിനിടയിൽ കോഹ്ലി-അനുഷ്‌ക ദമ്പതികളുടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെതിരെ ബലാത്സംഗ ഭീഷണിയുമുണ്ടായി.

23കാരനായ രാംനാഗേഷ് ഹൈദരാബാദിൽ വച്ചാണ് അറസ്റ്റിലായത്. ഇയാളെ മുംബൈയിലെത്തിച്ചിട്ടുണ്ട്. ഹൈദരാബാദിൽ ഒരു ഫുഡ് ഡെലിവറി ആപ്പ് കമ്പനിയിൽ തൊഴിലാളിയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

ബലാത്സംഗ ഭീഷണിക്കേസില്‍ ഡൽഹി വനിതാ കമ്മീഷൻ ഇടപെട്ടിരുന്നു. കേസിലെ നിയമനടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കമ്മീഷന്‍ ഡൽഹി പൊലീസിന് നോട്ടീസ് നൽകി. കുറ്റാരോപിതന്റെ വിശദാംശങ്ങൾ തേടിയ കമ്മീഷൻ കേസുമായി ബന്ധപ്പെട്ട് കൈക്കൊണ്ട നിയമനടപടികളുടെ വിശദാംശങ്ങളും അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News