ഇനിയെങ്കിലും ജോലി...! കേരള ഹാൻഡ്ബാൾ ടീം ക്യാപ്റ്റന് സര്‍ക്കാര്‍ അവഗണന
ദേശീയ ഹാന്‍ഡ് ബോള്‍ ടീം ക്യാപ്റ്റന്‍ എസ് ശിവപ്രസാദിന് ജോലി നല്‍കാതെ സര്‍ക്കാര്‍ അവഗണന
കൂടെയുള്ളവർക്കെല്ലാം സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോഴും കടുത്ത അവഗണന നേരിടുകയാണ് ദേശീയ ഹാന്‍ഡ് ബോള്‍ താരമായ ശിവപ്രസാദ്. പന്ത്രണ്ട് വര്‍ഷം മുമ്പ് ജോലിക്കുള്ള ലിസ്റ്റില്‍ പേര് വന്നപ്പോള്‍, ഏറ്റവും പ്രായം കുറഞ്ഞ ആളായതിനാല്‍ ജോലി നൽകാതെ മാറ്റി നിർത്തി. പന്ത്രണ്ടാം വയസ്സിൽ ബാളുമായി കോർട്ടിൽ ഇറങ്ങിയ ശിവപ്രസാദ് ഈ 33 ആം വയസ്സിലും കളത്തിലുണ്ട്, ഒരു സർക്കാർ ജോലിയെന്ന സ്വപ്നവുമായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇപ്പോഴും ശിവപ്രസാദിന് നേരെ മുഖം തിരിക്കുന്നതിനാല്‍ സര്‍ക്കാര്‍ ജോലി ഇനിയും മോഹമായി മാത്രം അവശേഷിക്കുകയാണ്.
ഹാന്‍ഡ് ബോള്‍ കൈപ്പിടിയിലൊതുക്കിയെങ്കിലും ജീവിതം ഇന്നും കൈപ്പിടിയിലൊതുക്കാന്‍ പാടുപെടുകയാണ് ഈ ചെറുപ്പക്കാരന്‍. ഇരുപത്തിരണ്ട് വര്‍ഷമായി ഹാന്‍ഡ്ബോള്‍ താരമാണ് തിരുവനന്തപുരം സ്വദേശിയായ ശിവപ്രസാദ്. പന്ത്രണ്ടാം വയസില്‍ തുടങ്ങിയ ഹാന്‍ഡ്ബോള്‍ കമ്പം മുപ്പത്തിമൂന്നാം വയസിലും ഒട്ടും കുറയാതെ ശിവപ്രസാദിലുണ്ട്. പക്ഷേ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി ഇന്നും ഈ കായിക താരത്തിന് കൈപ്പിടിയിലെത്തിയിട്ടില്ല. 2009ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ലിസ്റ്റില്‍ പേര് ഉണ്ടായിരുന്നിട്ടും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ശിവപ്രസാദ് തഴയപ്പെട്ടു.
കേരളാ ക്യാപ്റ്റനായ ശിവപ്രസാദ് നിലവില്‍ ഇന്ത്യന്‍ ടീമിന്‍റെയും നായകനാണ്. ഉസബക്കിസ്ഥാനില്‍ നടന്ന ഇന്‍ഡിപെന്‍ഡന്‍റ് ഹാന്‍ഡ് ബോള്‍ ടൂര്‍ണമെന്‍റ്, ഇരുപതാമത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ടീമിലെ ആദ്യ മലയാളി താരം കൂടിയാണ് ശിവപ്രസാദ്. കോര്‍ട്ടിലെ കടമ്പകളെ മറികടന്ന് മുന്നേറാന്‍ ശിവപ്രസാദിന് അസാമാന്യ മിടുക്കുണ്ട്. പക്ഷേ അത് ജീവിതത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഇടപെടണം.