ഐപിഎൽ രണ്ടാംഘട്ടം സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ; പ്രഖ്യാപനം ഉടൻ
മത്സരങ്ങൾക്ക് വേദിയാകുക യുഎഇ; 29ന് നടക്കുന്ന ബിസിസിഐയുടെ പ്രത്യേക യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പാതിവഴിയിൽ നിർത്തിവച്ച ഐപിഎൽ 14-ാം സീസൺ സെപ്റ്റംബറിൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ യുഎഇയിൽ വച്ചാകും അവശേഷിക്കുന്ന മത്സരങ്ങൾ നടക്കുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ബിസിസിഐ പൂർത്തീകരിച്ചതായാണ് റിപ്പോർട്ട്.
ഒരു ദേശീയമാധ്യമമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 29ന് നടക്കുന്ന ബിസിസിഐയുടെ പ്രത്യേക പൊതുയോഗത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്. ഇതിന്റെ ഭാഗമായി ഓഗസ്റ്റിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളുടെ തിയതി പുനക്രമീകരിക്കുന്ന കാര്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി ബിസിസിഐ ചർച്ച നടത്തിവരികയാണ്. രണ്ട്, മൂന്ന് ടെസ്റ്റുകൾക്കിടയിലുള്ള ഇടവേള കുറയ്ക്കാനാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടയിൽ ഒൻപതു ദിവസത്തെ ഇടവേളയാണ് നിലവിലെ ഫിക്‌സ്ചർ പ്രകാരമുള്ളത്.
ഇനി 31 മത്സരങ്ങളാണ് ഐപിഎല്ലിൽ പൂർത്തിയാക്കാനുള്ളത്. ലീഗ് ഘട്ടവും നോക്കൗട്ട് മത്സരങ്ങളും ഇതിൽ ഉൾപ്പെടും. ടി20 ലോകകപ്പ് ഉടൻ തന്നെ വരാനുള്ളതിനാൽ വാരാന്ത്യങ്ങളിൽ രണ്ടു മത്സരങ്ങൾ നടത്തിയാകും ഐപിഎൽ വേഗത്തിൽ പൂർത്തിയാക്കുക. ടി20 ലോകകപ്പിന്റെ ആതിഥ്യവുമായി ബന്ധപ്പെട്ടും ആശങ്ക തുടരുന്നതിനാൽ ഐപിഎല്ലിന്റെ വിഷയത്തിൽ പെട്ടെന്നു തന്നെ തീരുമാനം കൈക്കൊള്ളാനാകും ബിസിസിഐ ശ്രമിക്കുക.