''സ്ട്രൈക്റേറ്റ് ഉയര്‍ത്താനാണ് സഞ്ജു ശ്രമിച്ചത്, നിസ്വാര്‍ഥനായ ക്രിക്കറ്ററാണദ്ദേഹം''; പ്രശംസയുമായി മുന്‍ വിക്കറ്റ് കീപ്പര്‍

''സഞ്ജു വ്യക്തിഗത പ്രകടനത്തേക്കാളുപരി ടീമിന്‍റെ നേട്ടത്തിനായാണ് കളിച്ചത്. പലതവണ സഞ്ജു അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്...''

Update: 2022-06-02 05:33 GMT
Advertising

പല കോണുകളില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലും സഞ്‍ജു സാംസണ് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സബ കരീം. ഐ.പി.എല്‍ ഫൈനലില്‍ ഗുജറാത്തിനെതിരെ ടോസ് ലഭിച്ചിട്ടും ബാറ്റിങ് തെരഞ്ഞെടുത്ത സഞ്ജുവിന്‍റെ തീരുമാനവും ഫൈനലിലെ താരത്തിന്‍ മോശം  ബാറ്റിങും വലിയ തരത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനിടയിലാണ് സഞ്ജുവിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സബ കരീം രംഗത്തെത്തുന്നത്.

''സഞ്ജു ഇത്തവണ സ്വയം നവീകരിച്ചിരിക്കുന്നു. അദ്ദേഹമൊരു നിസ്വാർത്ഥനായ ക്രിക്കറ്ററാണ്. ഉയർന്ന സ്ട്രൈക്ക് റേറ്റ് നിലനിർത്താനും വേഗത്തില്‍ റൺസ് സ്കോർ ചെയ്യാനും മികച്ച ബൗളർമാര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടാനുമാണ് സഞ്ജു ശ്രമിച്ചത്. സഞ്ജു വ്യക്തിഗത പ്രകടനത്തേക്കാളുപരി ടീമിന്‍റെ നേട്ടത്തിനായാണ് കളിച്ചത്. പലതവണ സഞ്ജു അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഫൈനല്‍ പോലെയുള്ള വലിയ ഉത്തരവാദിത്തങ്ങള്‍ വേണ്ട കളികളില്‍ റൺസ് കണ്ടെത്തുവാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ലെന്ന് സമ്മതിക്കുന്നു. പക്ഷേ അദ്ദേഹത്തിന്‍റെ ബാറ്റിങ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്, ടൈമിങ്ങും... നായകന്‍റെ ഉത്തരവാദിത്തം കൂടി ലഭിച്ചപ്പോള്‍ സഞ്ജുവിൻ്റെ ബാറ്റിങ് കൂടുതല്‍ നന്നായിട്ടുണ്ട്. കൂടുതൽ സ്ഥിരതയുള്ള ബാറ്ററായി അയാള്‍  മാറിയിരിക്കുന്നു". സബ കരിം പറഞ്ഞു.

സീസണിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ എത്തിച്ചത് സഞ്ജുവിന്‍റെ നായകമികവാണ്. ടൂര്‍ണമെന്‍റില്‍ സാംസൺ 28.62 ശരാശരിയിൽ 146.79 സ്ട്രൈക്ക് റേറ്റിൽ സഞ്ജു 458 റൺസും നേടിയിരുന്നു. പക്ഷേ താരത്തിന്‍റെ സ്ഥിരതയില്ലായ്മയും സ്കോറിങിന് വേഗം കൂട്ടാന്‍ ശ്രമിക്കുമ്പോള്‍ പുറത്താകുന്നതുമെല്ലാം ആരാധകരെ നിരാശപ്പെടുത്തിയുരുന്നു. ഐ.പി.എല്ലിനിടെ പ്രഖ്യാപിച്ച ഇന്ത്യൻ ടീമിന്‍റെ വിദേശ പര്യടനത്തിനുള്ള ടീമിലും സഞ്ജുവിന് ഇടംലഭിച്ചിരുന്നില്ല. ഒരുപാട് റൺസ് സ്കോര്‍ ചെയ്യുകയല്ല തൻ്റെ ലക്ഷ്യമെന്നും ടീമിന് ഗുണകരമായ ഇന്നിങ്സ് കളിച്ച പരമാവധി വേഗത്തില്‍ റൺസ് കണ്ടെത്താനാണ് താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും സഞ്ജു വ്യക്തമാക്കിയിരുന്നു.

വലിയ ഇന്നിങ്സുകൾ കളിച്ച് സ്കോര്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും രണ്ട് അര്‍ധസെഞ്ച്വറികളടക്കം സീസണിൽ 458 റൺസ് സഞ്ജു സ്കോര്‍ ചെയ്തിരുന്നു. സഞ്ജുവിൻ്റെ വെടിക്കെട്ട് ബാറ്റിങ് മറ്റു ബാറ്റര്‍ക്ക് സമ്മര്‍ദമില്ലാതെ ബാറ്റുവീശാനും സഹായകരമായി. ഈ സീസണിലെ പ്രകടനത്തോടെ മറ്റൊരു നാഴികക്കല്ലും സഞ്ജു പിന്നിട്ടിരുന്നു. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി ഏറ്റവുമധികം റൺസ് കണ്ടെത്തുന്ന താരമെന്ന നേട്ടമാണ് സഞ്ജുവിനെ തേടിയെത്തിയത്.



Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News