ഹാമിഷ് റോഡ്രിഗ്വസ്; ഒരു ഐതിഹാസിക തിരിച്ചുവരവിന്‍റെ കഥ

കോപ്പ അമേരിക്ക കലാശപ്പോരിലെത്തി നിൽക്കുന്ന കൊളംബിയയെ ആറ് അസിസ്റ്റും ഒരു ഗോളുമായി മുന്നിൽ നിന്ന് നയിച്ച അയാൾ ക്യാപ്റ്റൻ ആം ബാൻഡണിഞ്ഞ് തന്നെ എഴുതിത്തള്ളിയവർക്ക് മുന്നിൽ തല ഉയർത്തി നിൽക്കുന്നുണ്ടിപ്പോൾ

Update: 2024-07-12 03:54 GMT

james rodriguez

Advertising

2014 ജൂൺ 29. ബ്രസീലിയൻ മണ്ണ് ലോകകപ്പിന്റെ ആരവങ്ങളിലായിരുന്നു. വിശ്വപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയം യുറുഗ്വായ് കൊളംബിയ പ്രീക്വാർട്ടർ പോരാട്ടത്തിനായി ഒരുങ്ങി നിന്നു. കളി തുടങ്ങി 28ാം മിനിറ്റിൽ ഹാമിഷ് റോഡ്രിഗസ്വിന്റെ ഗോളിൽ കൊളംബിയ മുന്നിലെത്തി. എന്നാൽ ആ കളിയിലെ ഏറ്റവും മനോഹര നിമിഷം പിറന്നത് രണ്ടാം പകുതിയിലാണ്.

കളിയുടെ 50ാം മിനിറ്റ്. യുറുഗ്വായ് ഗോൾമുഖത്തേക്ക് കൊളംബിയയുടെ ഒരു മുന്നേറ്റം. ജുവാൻ ക്വഡ്രാഡോയുടെ ഹെഡ്ഡർ ഹാമിഷ് റോഡ്രിഗസ് നെഞ്ചിൽ സ്വീകരിക്കുന്നു. പന്തേറ്റ് വാങ്ങും മുമ്പ് ഞൊടിയിടയിൽ തലയൊന്ന് വെട്ടിത്തിരിഞ്ഞ് തന്നെ മാർക്ക് ചെയ്യാൻ ആരെങ്കിലുമുണ്ടോ എന്ന് നോക്കുന്നുണ്ട് റോഡ്രിഗ്വസ്. പിന്നെ പോസ്റ്റിന്റെ 25 വാര അകലെ നിന്നൊരു ഇടങ്കാലൻ വോളി. യുറുഗ്വൻ ഗോൾകീപ്പറെ മറികടന്നാ പന്ത് പോസ്റ്റിന്റെ വലതു മൂലയിലേക്ക് തുളഞ്ഞു കയറി. ലോകകപ്പ് ചരിത്രം കണ്ടതിൽ ഏറ്റവും മികച്ച ഗോളുകളിലൊന്നിനാണ് മാരക്കാന സാക്ഷിയായത്. മരക്കാന ഗാലറിയെ ഒരു നിമിഷത്തേക്ക് സ്തബ്ധമാക്കിക്കളഞ്ഞ ആ ഗോൾ പിന്നീടാ ലോകകപ്പിലെ മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു. ആ വർഷത്തെ ഫിഫയുടെ പുഷ്‌കാസ് അവാർഡും ആ ഗോളിനെ തേടിയെത്തി.

ഒരു പതിറ്റാണ്ടിനിപ്പുറം അതേ യുറുഗ്വെയെ തകർത്ത് ഹാമിഷ് റോഡ്രിഗ്വസിന്റെ ചിറകിലേറി കൊളംബിയ കോപ്പയുടെ കലാശപ്പോരിലേക്ക് മാർച്ച് ചെയ്യുമ്പോൾ വിസ്മൃതിയിൽ മറഞ്ഞു തുടങ്ങിയൊരു പന്താട്ടക്കാരന്റെ ഉയിർത്തെഴുന്നേൽപ്പിന് കൂടി സാക്ഷിയാവുകയാണ് ഫുട്‌ബോൾ ലോകം. അതെ ഹാമിഷ് ഡേവിഡ് റോഡ്രിഗ്വസ്. കോപ്പക്ക് മുമ്പ് അയാളിപ്പോൾ ഏത് വൻകരയിലാണ് പന്ത് തട്ടുന്നത് എന്ന് പോലും ചോദിച്ചവരുണ്ട് ഫുട്‌ബോൾ ലോകത്ത്.

കലാശപ്പോരിലെത്തി നിൽക്കുന്ന കൊളംബിയയെ ആറ് അസിസ്റ്റും ഒരു ഗോളുമായി മുന്നിൽ നിന്ന് നയിച്ച അയാൾ ക്യാപ്റ്റൻ ആം ബാൻഡണിഞ്ഞ് തന്നെ എഴുതിത്തള്ളിയവർക്ക് മുന്നിൽ തല ഉയർത്തി നിൽക്കുന്നുണ്ടിപ്പോൾ അമേരിക്കൻ മൈതാനങ്ങളിൽ. യുറുഗ്വെക്കിതിരായ സെമിയിൽ കൊളംബിയ നേടിയ ഏക ഗോളിനും വഴിയൊരുക്കിയത് റോഡ്രിഗ്വസാണ്. ആ അസിസ്റ്റോടെ സാക്ഷാൽ ലയണൽ മെസ്സി 2021 ൽ കുറിച്ചൊരു റെക്കോർഡാണ് അയാൾ പഴങ്കഥയാക്കിയത്. ഒരു കോപ്പ ടൂർണമെന്റിൽ ഏറ്റവും അധികം അസിസ്റ്റ് നൽകുന്ന താരമെന്ന ചരിത്ര നേട്ടം റോഡ്രിഗ്വസിനെ തേടിയെത്തി. ഇക്കുറി കൊളംബിയ ജയിച്ച മിക്ക മത്സരങ്ങളിലും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുമ്പോൾ തന്റെ പഴയ കളിക്കാലങ്ങളെ അയാൾ മനോഹരമായി വീണ്ടെടുക്കുന്ന കാഴ്ചകളാണ് നമ്മൾ മൈതാനങ്ങളിൽ കണ്ടത്. അതെ... ആരാധകരിപ്പോൾ ഒരേ സ്വരത്തിൽ പറയുന്നു.... ഹാമിഷ് റോഡ്രിഗ്വസ് ഈസ് ബാക്ക്.

എഫ്.സി പോർട്ടോ, എ.എസ് മൊണോക്കോ, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക്, എവർട്ടൺ. പേരുകേട്ട പല ക്ലബ്ബൂകൾക്ക് വേണ്ടിയും പന്ത് തട്ടിയിരുന്ന ഹാമിഷ് റോഡ്രിഗ്വസ് പെട്ടെന്നൊരു സുപ്രഭാതത്തിൽ ഫുട്ബോൾ ലോകത്ത് നിന്ന് അപ്രത്യക്ഷമായി പോയതൊന്നുമല്ല. നിരന്തരമായി വേട്ടയാടിയ പരിക്കുകൾ. പരിശീലകരുടെ പ്ലാനുകളിൽ ഇടംലഭിക്കാതെ പോയ കളിക്കാലങ്ങൾ. അവസരങ്ങൾ കുറഞ്ഞ് സൈഡ് ബെഞ്ചിലായിപ്പോയ സീസണുകൾ. റോഡ്രിഗ്വസ് പതിയെ പതിയെ ആരാധകരുടെ ഓർമകളിൽ നിന്ന് ഇല്ലാതായി തുടങ്ങുകയായിരുന്നു.

2010 ൽ പോർച്ചുഗീസ് വമ്പന്മാരായ എഫ്.സി പോർട്ടോ സൈൻ ചെയ്ത ശേഷമാണ് ലോക ഫുട്‌ബോളിലെ പല വമ്പൻ ക്ലബ്ബുകളും റോഡ്രിഗ്വസിനെ ശ്രദ്ധിച്ച് തുടങ്ങിയത്. മൂന്ന് സീസൺ പോർട്ടോക്കായി കളിച്ച റോഡ്രിഗ്വസ് ഇക്കാലയളവിൽ യുവേഫ യൂറോപ്പ ലീഗ് അടക്കം എട്ട് ട്രോഫികളാണ് ടീമിന്റെ ഷെൽഫിലെത്തിച്ചത്. 2013 ൽ എ.എസ് മൊണോക്കോയിലേക്ക്.... അക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം യൂറോപ്പ്യൻ ഫുട്‌ബോളിലെ പല ശക്തികളും റോഡ്രിഗ്വസിന് വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു. മൊണോക്കോക്കായി ഒറ്റ സീസണിലാണ് റോഡ്രിഗ്വസ് പന്ത് തട്ടിയത്. ആ സീസണിൽ ടീമിനായി ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരം റോഡ്രിഗ്വസായിരുന്നു.

2014 ഹാമിഷ് റോഡ്രിഗ്വസിന്റെ കരിയറിലെ ഏറ്റവും മികച്ച വർഷമായിരുന്നു. ബ്രസീലിയൻ മണ്ണിലരങ്ങേറിയ ലോകകപ്പിൽ ഹാമിഷ് റോഡ്രിഗ്വസ് എന്ന പ്രതിഭയുടെ മിന്നലാട്ടങ്ങൾ ഫുട്‌ബോൾ ലോകം കൺനിറയെ കണ്ടു. ഗ്രൂപ്പ് ഘട്ടം മുതൽ ക്വാർട്ടർ വരെ കൊളംബിയയുടെ മുഴുവൻ മത്സരങ്ങളിലും അയാൾ വലകുലുക്കി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഗ്രീസിനെതിരെ രണ്ട് അസിസ്റ്റും ഒരു ഗോളും... ഐവറി കോസ്റ്റിനെതിരെ ഒരു ഗോളും ഒരു അസിസ്റ്റും... ജപ്പാനെതിരെ രണ്ട് അസിസ്റ്റും ഒരു ഗോളും.

ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കഴിയുമ്പോഴേക്കും അയാൾ ഫുട്‌ബോൽ ലോകത്തെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നായി. പ്രീക്വാർട്ടറിൽ ലാറ്റിനമേരിക്കൻ കരുത്തരായ യുറുഗ്വെയെ കൊളംബിയ തകർത്തെറിയുമ്പോൾ മത്സരത്തിൽ പിറന്ന രണ്ട് ഗോളുകളും റോഡ്രിഗ്വസിന്റെ ബൂട്ടിൽ നിന്നായിരുന്നു. എന്നാൽ ക്വാർട്ടറിൽ ബ്രസീലിന് മുന്നിൽ കൊളംബിയ വീണു. ആ മത്സരത്തിൽ കൊളംബിയ നേടിയ ഏക ഗോളും റോഡ്രിഗ്വസ് തന്നെയാണ് നേടിയത്. മത്സര ശേഷം നിറകണ്ണുകളുമായി മൈതാനത്ത് നിൽക്കുന്ന റോഡ്രിഗ്വസിനെ ഡേവിഡ് ലൂയിസ് ആശ്വസിപ്പിക്കുന്ന ചിത്രങ്ങൾ വൈറലായി. കൊളംബിയയുടെ പോരോട്ടം ക്വാർട്ടറിലവസാനിച്ചെങ്കിലും റോഡ്രിഗ്വസിന്റെ ഗോളടി മികവിനെ മറികടക്കാൻ ആ ലോകകപ്പിൽ പന്ത് തട്ടിയിരുന്ന ഫുട്‌ബോൾ ലോകത്തെ ഇതിഹാസങ്ങൾക്കാർക്കുമായില്ല. അങ്ങനെ കലാശപ്പോരിനൊടുവിൽ ബ്രസീൽ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് റോഡ്രിഗ്വസിനെ തേടിയെത്തി.

2014 ജൂലൈ 22. ലോകകപ്പിലെ മിന്നും പ്രകടനങ്ങൾക്ക് ശേഷം സ്പാനിഷ് അതികായരായ റയൽ മാഡ്രിഡ് 63 മില്യൺ പൗണ്ടെന്ന റെക്കോർഡ് തുകക്ക് ഹാമിഷിനെ സാന്റിയാഗോ ബെർണബ്യൂവിലെത്തിച്ചു. ആറ് വർഷത്തേക്കായിരുന്നു കരാർ. കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ മാഡ്രിഡിൽ തുടക്ക കാലത്ത് മികച്ച പ്രകടനങ്ങളാണ് ആ 22 കാരൻ പുറത്തെടുത്തത്. ആദ്യ മൂന്ന് സീസണുകളിൽ നൂറിലേറെ മത്സരങ്ങൾ കളിച്ച റോഡ്രിഗ്വസ് 36 ഗോളുകളും 42 അസിസ്റ്റുകളും റയൽ ജേഴ്‌സിയിൽ തന്റെ പേരിൽ എഴുതിച്ചേർത്തു. എന്നാൽ ആഞ്ചലോട്ടി റയൽ വിട്ടതിന് ശേഷം പരിശീല വേഷമേറ്റെടുത്ത റഫ ബെനിറ്റിസിന് കീഴിൽ റോഡ്രിഗ്വസിന് അത്ര നല്ല കാലമായിരുന്നില്ല. റോഡ്രിഗ്വസിന്റെ കളിമികവിൽ ബെനിറ്റിസ് എപ്പോഴും സംശയാലുവായിരുന്നു. അതിനിടെ നിരന്തരമായ പരിക്കുകൾ റോഡ്രിഗ്വസിന്റെ കരിയറിൽ വില്ലൻ വേഷത്തിൽ അവതരിച്ച് കൊണ്ടിരുന്നു.

2017 ൽ ലോണടിസ്ഥാനത്തിൽ റോഡ്രിഗ്വസ് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനൊപ്പം ചേർന്നു. അന്ന് ബയേണിന്റെ പരിശീലക വേഷത്തിൽ കാർലോ ആഞ്ചലോട്ടിയായിരുന്നു. ആ സീസണിൽ ബയേണിന്റെ ബുണ്ടസ് ലീഗ കിരീട നേട്ടത്തിൽ നിർണായക പങ്കാണ് ജെയിംസ് വഹിച്ചത്. 23 മത്സരങ്ങളിൽ നിന്ന് 7 ഗോളും 11 അസിസ്റ്റും റോഡ്രിഗ്വസ് സീസണിൽ കുറിച്ചു. 2019 ൽ പ റയലിലേക്ക് തന്നെ തിരിച്ചെത്തിയ റോഡ്രിഗ്വസിന് സാന്റിയാഗോ ബെർണബ്യൂവിൽ പ്രത്യേകിച്ച് റോളൊന്നുമുണ്ടായിരുന്നില്ല.

2020  ൽ റയൽ വിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ എവർട്ടണൊപ്പം ചേർന്ന റോഡ്രിഗ്വസിന്റെ കളിക്കാലങ്ങൾ പതിയെ പതിയെ അസ്തമിച്ച് തുടങ്ങുകയായിരുന്നു. 2021 ൽ അൽ റയ്യാൻ. 2022 ൽ ഒളിമ്പിയാകോസ്, 2023 ൽ സാവോ പോളോ. ഈ വർഷം കോപ്പക്ക് മുമ്പ് വരെ താഴേക്ക് കൂപ്പ് കുത്തിക്കൊണ്ടിരുന്ന റോഡ്രിഗ്വസിന്റെ കരിയർ ഗ്രാഫ് പെട്ടെന്നാണ് കുതിച്ചുയർന്നത്. അതെ അയാൾ ചിലത് വീണ്ടെടുത്ത് തുടങ്ങുകയാണ്. തന്റെ രാജ്യത്തിന് കോപ്പ അമേരിക്ക കിരീടം കൂടി നേടിക്കൊടുത്താൽ ഫുട്‌ബോൾ ലോകത്ത് പിന്നെ വീരപരിവേഷമായിരിക്കും അയാൾക്ക് എന്നുറപ്പ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - ഹാരിസ് നെന്മാറ

contributor

Similar News