കേരളാ ഒളിമ്പിക്സിന് തലസ്ഥാനത്ത് തുടക്കം; ചടങ്ങിൽ മേരി കോമിന് ആദരം
പി.ആർ ശ്രീജേഷ്, രവി ദഹിയ, ബജ്രങ്ങ് പൂനിയ എന്നിവരും ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി
തിരുവനന്തപുരം: പ്രൗഢഗംഭീരമായ ചങ്ങുകളോടെ പ്രഥമ കേരള ഒളിമ്പിക്സിന് തുടക്കം. കായിക മന്ത്രി വി അബ്ദുറഹിമാൻ മേള ഉദ്ഘാടനം ചെയ്തു. മേരി കോമിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി കേരള ഒളിമ്പിക് അസോസിയേഷൻ ആദരിച്ചു. നാളെ മുതൽ മത്സരങ്ങൾ തുടങ്ങും.
സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് മാർച്ച് പാസ്റ്റായിട്ടാണ് ഉദ്ഘാടന വേദിയിലേക്ക് താരങ്ങളും അതിഥികളും എത്തിയത്. മേരി കോമിനൊപ്പം പി.ആർ ശ്രീജേഷ്, രവി ദഹിയ, ബജ്രങ്ങ് പൂനിയ എന്നിവരും ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി.
കായികശേഷിയുള്ള പുതു തലമുറയെ വാർത്തെടുക്കണമെന്നും അതിനുള്ള തുടക്കമായി കേരള ഗെയിംസ് മാറട്ടെയെന്നുമാണ് മേള ഉദ്ഘാടനം ചെയ്ത് മന്ത്രി അബ്ദുറഹ്മാന്‍ പറഞ്ഞത്. മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, ജി.ആർ അനിൽ, ആന്റണി രാജു , വി ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി ജോയ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. നാളെ തുടങ്ങുന്ന ഗെയിംസിൽ 24 ഇനങ്ങളിലായി ഏഴായിരത്തോളം കായിക താരങ്ങൾ പങ്കെടുക്കും.