ആ കോലൻ മുടിക്കാരനെ ടീമിലെടുക്കാൻ ഗാംഗുലിക്ക് പത്ത് ദിവസം ആലോചിക്കേണ്ടി വന്നു: ധോണിയെ ടീമിലെടുത്തതിനെ കുറിച്ച് മുൻ സെലക്ടർ
'ദ കാർട്‍ലി & കരിശ്മ ഷോയിൽ സംസാരിക്കുകയായിരുന്നു കിരൺ മോർ.
മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹീന്ദ്രസിങ് ധോണിയെ ടീമിലെടുത്തതിനെ കുറിച്ച് മനസ് തുറന്ന് സെലക്ടർ കിരൺ മോർ. രാഹുൽ ദ്രവിഡിന് പറ്റിയ ഒരു പകരക്കാരനെ തേടുന്ന ഘട്ടത്തിലാണ് ധോണി ടീമിൽ എത്തുന്നതെന്ന് കിരൺ മോർ പറഞ്ഞു. എന്നാൽ ധോണിയെ ടീമിലെടുക്കുന്നതിനെ കുറിച്ച് അന്നത്തെ ടീം ക്യാപ്റ്റൻ ഗാംഗുലിയെ പറഞ്ഞ് മനസിലാക്കാൻ നന്നേ പാടുപെട്ടെന്നും മോർ പറഞ്ഞു.
'ദ കാർട്‍ലി & കരിശ്മ ഷോയിൽ സംസാരിക്കുകയായിരുന്നു കിരൺ മോർ. എം.എസ് ധോണിയെ ആദ്യമായി ഇന്ത്യൻ ക്യാമ്പിൽ പരിചയപ്പെടുത്തുന്നത് കിരൺ മോർ ആയിരുന്നു. മികച്ചൊരു വിക്കറ്റ് കീപ്പർ - ബാറ്റ്മാനെ ഇന്ത്യ തേടി കൊണ്ടിരിക്കുന്ന നേരമായിരുന്നു അത്. ടീമിന് അന്ന് ഒരു പവർ ഹിറ്ററെ ആവശ്യമായിരുന്നു. ആറാമതോ ഏഴാമതോ ഇറങ്ങി പെട്ടെന്ന് 40 -50 റൺസ് നേടാൻ സാധിക്കുന്ന ഒരു കളിക്കാരൻ. കൂടാതെ, രാഹുൽ ദ്രാവിഡിന് ഒരു പിൻഗാമിയും.
എന്നാൽ എല്ലാത്തിനുമപരിയായി, ധോണിയെന്ന പുത്തൻ താരത്തെ ടീമിലെടുക്കുന്നതിനെ കുറിച്ച് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ബോധ്യപ്പെടുത്തുന്നതായിരുന്നു വലിയ വെല്ലുവിളിയെന്ന് കിരൺ പറഞ്ഞു. ഈസ്റ്റ് സോണിലെ വിക്കറ്റ് കീപ്പർ ബാറ്റ്മാൻ ദീപ്ദാസ് ഗുപ്തയെ ടീമിലെടുക്കാനായിരുന്നു ഗാംഗുലി കണക്കുകൂട്ടിയിരുന്നത്.
തന്റെ സഹപ്രവർത്തകരാണ് ആദ്യമായി ധോണിയെ കുറിച്ച് പറയുന്നതെന്ന് കിരൺ മോർ പറയുന്നു. ആദ്യമായി ധോണിയെ കാണാൻ ചെന്നപ്പോൾ, 130 റൺസുമായി ക്രീസിലുള്ള ധോണിയെ ആണ് കണ്ടത്. അപ്പോൾ ടീം സ്കോർ 170 റൺസായിരുന്നു. ആ കളിക്കാരൻ ഇന്ത്യൻ ടീമിന്റെ വിക്കറ്റിന് പിന്നിലുണ്ടാകണം എന്ന് ഞാൻ ഉറപ്പിച്ചു. ഗാംഗുലിയോട് ഇതേ കുറിച്ച് സൂചിപ്പിച്ചു. എന്നാൽ നീണ്ട പത്ത് ദിവസത്തെ ചർച്ചക്ക് ശേഷമാണ് ഗാംഗുലി ധോണിക്ക് ടീമിലേക്ക് പച്ചകൊടി വീശിയത്.
2004ൽ ശ്രീലങ്കക്കെതിരെ നടന്ന ഇന്ത്യ എ ടീമിന്റെ ടൂർണമെന്റിലാണ് ധോണി തന്റെ വരവറിയിക്കുന്നത്. രണ്ട് സെഞ്ച്വറികളും ഒരു അർധ ശതകവും ഉൾപ്പടെ 362 റൺസാണ് ഏഴ് മത്സരങ്ങളിൽ നിന്ന് ധോണി അടിച്ചുകൂട്ടിയത്.