കൊടുത്താല്‍ കൊല്ലത്തും കിട്ടും; റൂസോക്ക് കോഹ്ലിയുടെ വായടപ്പന്‍ മറുപടി

ബാറ്റിനെ തോക്ക് രൂപത്തിൽ തോളിൽ വച്ച് പഞ്ചാബ് കിങ്‌സ് ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചായിരുന്നു റൂസോയുടെ ആഘോഷം

Update: 2024-05-10 10:24 GMT
Advertising

പ്ലേ ഓഫിലേക്ക് വിദൂര സാധ്യതകളേ അവശേഷിക്കുന്നുള്ളൂ എങ്കിലും അവസാന നിമിഷങ്ങളിൽ ആളിക്കത്തുന്ന ആർ.സി.ബി. ആരാധകർക്ക് നൽകുന്ന ആവേശം ചെറുതല്ല. കഴിഞ്ഞ ദിവസം പഞ്ചാബിനെ അവരുടെ തട്ടകത്തിൽ 60 റൺസിനാണ് ഡുപ്ലെസിസും സംഘവും തകർത്തത്. അർധ സെഞ്ച്വറികളുമായി കളംനിറഞ്ഞ വിരാട് കോഹ്ലിയും രജത് പഠീധാറും ചേർന്നാണ് ബംഗളൂരുവിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ 17ാം ഓവറിൽ തന്നെ മുഴുവൻ പഞ്ചാബ് ബാറ്റർമാരുടെ കൂടാരം കയറി.

ധരംശാല ചില ആവേശക്കാഴ്ചകൾക്കും ഇന്നലെ സാക്ഷിയായി. മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ തന്നെ പ്രഭ്‌സിംറാനെ കൂടാരം കയറ്റി സ്വപ്‌നിൽ സിങ് ബാംഗ്ലൂരിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. എന്നാൽ പിന്നീട് ക്രീസിലെത്തിയ റിലി റൂസോ നേരിട്ട ആദ്യ പന്ത് മുതൽ തന്നെ ടോപ് ഗിയറിലായിരുന്നു. സ്വപ്‌നിലിന്റെ അവസാന രണ്ട് പന്തുകളും അതിർത്തി കടത്തിയ റൂസോ തന്റെ നിലപാട് പ്രഖ്യാപിച്ചു. മുഹമ്മദ് സിറാജെറിഞ്ഞ നാലാം ഓവറിൽ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം അടിച്ചെടുത്തത് 18 റൺസ്. കാമറൂൺ ഗ്രീനെറിഞ്ഞ എട്ടാം ഓവറിൽ തുടരെ ഫോറും സിക്‌സും പറത്തി അർധ സെഞ്ച്വറിയിൽ തൊട്ടു റൂസോ. വെറും 22 പന്തിൽ നിന്നാണ് താരം അർധ സെഞ്ച്വറി കുറിച്ചത്.

തന്റെ അർധ സെഞ്ച്വറി മൈതാനത്ത് വ്യത്യസ്തമായൊരു രീതിയിലാണ് റൂസോ ആഘോഷിച്ചത്. ബാറ്റിനെ തോക്ക് രൂപത്തിൽ തോളിൽ വച്ച് പഞ്ചാബ് കിങ്‌സ് ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചായിരുന്നു താരത്തിന്റെ ആഘോഷം. ഇത് ബംഗളൂരു സൂപ്പര്‍ താരം  വിരാട് കോഹ്ലിയെ ചൊടിപ്പിച്ചു. കരൺ ശർമയുടെ തൊട്ടടുത്ത ഓവറിലും റൂസോ തന്റെ വെടിക്കെട്ട് തുടരുകയായിരുന്നു. രണ്ടും മൂന്നും പന്തുകൾ ദക്ഷിണാഫ്രിക്കൻ താരം തുടരെ ഫോറും സിക്‌സും പറത്തി. എന്നാൽ ആ ഓവറിലെ അവസാന പന്തിൽ റൂസോക്ക് പിഴച്ചു. വിൽ ജാക്‌സിന് ക്യാച്ച് നൽകി താരം പുറത്തേക്ക്. റൂസോയുടെ പുറത്താവൽ വിക്കറ്റ് നേടിയ കരൺ ശർമയേക്കാൾ ആഘോഷിച്ചത് വിരാട് കോഹ്ലിയാണ്. തന്റെ കൈകൾ തോക്കിന്റെ രൂപത്തിലാക്കിയായിരുന്നു കോഹ്ലിയുടെ ആഘോഷം. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ തരംഗമായി.

നേരത്തേയും തന്നെയോ ടീമിനെയോ പരിഹസിച്ചുള്ള ആഘോഷങ്ങൾക്ക് കോഹ്ലി മൈതാനത്ത് വച്ച് അതേ നാണയത്തിൽ മറുപടി കൊടുക്കുന്ന കാഴ്ചകൾ ആരാധകർ കണ്ടിട്ടുണ്ട്. 2019 ൽ വിൻഡീസ് ബോളർ കെസറിക് വില്യംസിനെതിരെ കോഹ്ലി നടത്തിയ നോട്ട് ബുക്ക് ആഘോഷം ആരാധകർ ഇപ്പോഴും മറന്നിട്ടില്ല. ഇന്ത്യ വിൻഡീസ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെയായിരുന്നു ആരാധകരെ അമ്പരിപ്പിച്ച കോഹ്ലിയുടെ ആഘോഷം. വില്യംസിനെ സിക്‌സർ പറത്തിയ ശേഷം വില്യംസ് മൈതാനത്ത് പലർക്കുമെതിരെ നടത്തിയ സെലിബ്രേഷൻ കോഹ്ലി അനുകരിച്ചു. മത്സര ശേഷം ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ 2017 ൽ വിൻഡീസിൽ വച്ച് നടന്നൊരു പരമ്പരയിൽ തന്നെ പുറത്താക്കിയപ്പോൾ വില്യംസ് ഇത് പോലെ ആഘോഷിച്ചിരുന്നു എന്നായിരുന്നു കോഹ്ലിയുടെ മറുപടി.

മൂന്ന് വർഷമൊക്കെ ഇക്കാര്യം കോഹ്ലി മനസ്സിൽ കൊണ്ടു നടക്കുമെന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല എന്നായിരുന്ന ഇതിന്  വില്യംസിന്റെ മറുപടി. 'മൈതാനത്ത് വച്ച് എന്നോട് വാക്‌പോരിന് വന്ന കോഹ്ലിയോട് വായടച്ച് ബാറ്റ് ചെയ്യൂ കുട്ടികളേക്കാളും കഷ്ടമാണല്ലോ നിങ്ങളുടെ കാര്യം എന്ന് ഞാൻ പറഞ്ഞു. ഇതോടെ അയാൾ കൂടുതൽ പ്രകോപിതനായി. അയാൾ പിന്നീടെന്നെ തലങ്ങും വിലങ്ങും പ്രഹരിച്ചു. കോഹ്ലിയുമായുള്ള വാക്‌പോര് നിമിത്തം എന്റെ ശ്രദ്ധയെല്ലാം പതറി. പിറ്റേ ദിവസത്തെ ഇന്ത്യൻ പത്രങ്ങൾ കണ്ട ഞാൻ ഞെട്ടി. അത് നിറയേ എന്റെ ചിത്രവും കോഹ്ലിയുടെ ആഘോഷവുമായിരുന്നു. ഇതെന്നെ ഏറെ നിരാശയിലാഴ്ത്തി'- വില്യംസ് പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News