മെസിക്ക് മൂന്ന് മത്സരങ്ങൾ നഷ്ടമാവും; സ്ഥിരീകരിച്ച് മയാമി കോച്ച്
മയാമിക്കായി ഒമ്പത് മത്സരത്തില്‍ കളത്തിലിറങ്ങിയ ലിയോ ഒറ്റ മത്സരത്തിലാണ് ഇതുവരെ വലകുലുക്കാതെ പോയത്
ഇന്റർമയാമിയിൽ സൂപ്പർ താരം ലയണൽ മെസിയുടെ മിന്നും പ്രകടനങ്ങൾ തുടരുകയാണ്. മെസി എത്തിയ ശേഷം മയാമി ഒറ്റ മത്സരത്തിൽ പോലും പരാജയം എന്താണെന്ന് അറിഞ്ഞിട്ടില്ല. സൂപ്പർ താരത്തിന്റെ മികവിൽ ലീഗ്‌സ് കപ്പിൽ കിരീടം ചൂടിയ മയാമി മേജർ ലീഗിലും വിജയവഴിയിൽ തിരിച്ചെത്തി. ഇപ്പോഴിതാ മയാമി ആരാധകരെ ആശങ്കയിലാക്കി കോച്ച് ടാറ്റ മാർട്ടിനോ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.
സെപ്റ്റംബറിൽ ഇന്റർമയാമിയുടെ മൂന്ന് മത്സരങ്ങൾ മെസിക്ക് നഷ്ടമാവുമെന്ന് ടാറ്റ മാർട്ടിനോ പറഞ്ഞു. കഴിഞ്ഞ ദിവസം ന്യൂയോർക്ക് റെഡ് ബുൾസിനെതിരായ മത്സരത്തിന് ശേഷമാണ് കോച്ച് ആരാധകരെ ഇക്കാര്യം അറിയിച്ചത്. ദേശീയ ടീമിനായി കളിക്കേണ്ടതിനാലാണ് താരത്തിന്‍റെ സേവനം ടീമിന് ലഭിക്കാത്തത്.
അടുത്ത മാസം മുതൽ ആരംഭിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ താരം അർജന്റീനക്കായി ബൂട്ടണിയും. സെപ്റ്റംബറിൽ ബൊളീവിയയെയും ഇക്വഡോറിനേയും നേരിടുന്ന അർജന്റീന ഒക്ടോബറിൽ പെറുവിനേയും പരാഗ്വെയെയും നേരിടും. നവംബറില്‍ ബ്രസീലിനെയും ഉറുഗ്വെയെയും നേരിടാനുള്ളതിനാല്‍ ആ സമയത്തരങ്ങേറുന്ന മയാമിയുടെ മത്സരങ്ങളും മെസ്സിക്ക് നഷ്ടമാവും.
മേജര്‍ ലീഗ് സോക്കറിലെ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ അവസാന സ്ഥാനത്തായിരുന്ന മയാമി കഴിഞ്ഞ ദിവസത്തെ വിജയത്തോടെ 14 ാം സ്ഥാനത്തേക്ക് കയറിയിരുന്നു. മേജര്‍ ലീഗ് സോക്കറില്‍ തോൽവിയുടെ പടുകുഴിയിലായിരുന്ന ഇൻർ മയാമി മെസ്സി എത്തിയതിൽ പിന്നെ തോല്‍വി എന്താണെന്ന് പോലും അറിഞ്ഞിട്ടില്ല. തുടർച്ചയായ ഒൻപതാം മത്സരത്തിലാണ് മയാമി ജയിച്ച് കയറുന്നത്. മെസ്സിയുടെ ചിറകിലേറി ചരിത്രത്തിലാദ്യമായി ലീഗ്സ് കപ്പിൽ മുത്തമിട്ട മയാമി യു.എസ്.ഓപൺ കപ്പ് ഫൈനലിലും പ്രവേശിച്ചു.
മയാമിക്കായി ഒമ്പത് മത്സരത്തില്‍ കളത്തിലിറങ്ങിയ ലിയോ ഒറ്റ മത്സരത്തിലാണ് ഇതുവരെ വലകുലുക്കാതെ പോയത്. അടിച്ചതൊക്കെ പൊന്നും വിലയുള്ള ഗോളുകള്‍. ചരിത്രത്തിലാദ്യമായി ക്ലബ്ബിന്‍റെ ഷെല്‍ഫിലേക്ക് ഒരു ട്രോഫിയെത്തിയത് ലിയോ മാജിക്കിലൂടെയാണ്. ലീഗ്സ് കപ്പിലെ മികച്ച താരവും ടോപ് സ്കോററുമൊക്കെ മെസ്സി തന്നെയായിരുന്നു. ടൂർണമെന്റിൽ പത്ത് ഗോളുകളാണ് ലിയോ അടിച്ച് കൂട്ടിയത്.