ഇത്തിഹാദിൽ ആഴ്സനലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി
ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിനായുളള നിർണ്ണായക പോരാട്ടത്തിൽ ആഴ്സനലിനെതിരെ തകർപ്പൻ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. മാഞ്ചസ്റ്റർ സിറ്റക്കായി കെവിൻ ഡിബ്രുയിൻ ഇരട്ട ഗോളുകൾ (7,54, മിനുട്ടുകളിൽ) നേടിയപ്പോൾ, മറ്റ് ഗോളുകൾ ജോൺ സ്റ്റോൺസ് (45+1), ഏർലിംഗ് ഹാളണ്ട് (90+5) എന്നിവർ നേടി. ആഴ്സനലിനായി 86-ാം മിനുറ്റിൽ റോബ് ഹോൾഡിംഗാണ് ആശ്വാസ ഗോൾ നേടിയത്. ഇന്നത്തെ വിജയത്തോടെ ലീഗിൽ ആഴ്സനലുമായുളള പോയിന്റ് വ്യത്യാസം രണ്ടായി കുറക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞു.
It's advantage Man City in the Premier League title race 🏆✅ pic.twitter.com/iEYkQspsxA
— Sky Sports Premier League (@SkySportsPL) April 26, 2023
മത്സരം ചൂട് പിടിച്ച് തുടങ്ങുന്നതിനു മുമ്പ് തന്നെ 7-ാം മിനുറ്റിൽ കെവിൻ ഡിബ്രൂയിനായിരുന്നു സിറ്റിയുടെ ആദ്യ ഗോൾ നേടിയത്. പ്രതിരോധനിരയിൽ നിന്ന് ഉയർന്നു വന്ന പന്ത് മൈതാന മധ്യത്ത് വെച്ച് സ്വീകരിച്ച ഹാളണ്ട് കൃത്യമായ പാസ് ഡിബ്രൂയിനു നൽകുന്നു, പന്തുമായി ഒറ്റക്ക് കുതിച്ച താരം ബോക്സിനു പുറത്തു നിന്ന് മികച്ചൊരു ഷോട്ട് ഉതിർത്തതോടെ ആഴ്സനലിന്റെ ഗോൾ കീപ്പർക്ക് യാതൊരു അവസരവും അതിനു മുന്നിലുണ്ടായില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി താരത്തിന്റെ ആറാം ഗോളാണിത്. 25-ാം മിനുറ്റിൽ ഇതിനു സമാനമായ അവസരം ഡിബ്രൂയിനു ഒരിക്കൽ കൂടി ലഭിച്ചെങ്കിലും ബെൻ വൈറ്റ് ഗണ്ണേഴ്സിന്റെ രക്ഷക്കെത്തി. രണ്ടു മിനുറ്റുകൾക്ക് ശേഷം ഹാളണ്ടിനും മികച്ച അവസരം ലഭിച്ചെങ്കിലും ആഴ്സനലിന്റെ ഗോൾ കീപ്പർ റാംസീഡെൽ ആ അവസരം തട്ടിയകറ്റി. ഒരു ഗോൾ നേടിയെങ്കിലും ആദ്യ പകുതിയിൽ തന്നെ ലീഡ് ഉയർത്താനായി സിറ്റി നിരന്തരം ആഴ്സനൽ ഗോൾ മുഖത്തേക്ക് മുന്നേറ്റം നടത്തിക്കൊണ്ടിരുന്നു. അതിന്റെ ഫലം മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ പകുതിക്ക് വിസിൽ മുഴങ്ങുന്നതിനു മുമ്പ് കിട്ടുകയും ചെയ്തു. ആദ്യ പകുതിയിലെ ഇഞ്ചുറി സമയത്ത് കെവിൻ ഡിബ്രൂയിനെ എടുത്ത ഫ്രീകിക്ക് ജോൺ സ്റ്റോൺസ് മികച്ച ഹെഡറിലൂടെ വലയിലെത്തിച്ചു. ആദ്യം ലെെൻ റഫറി ഗോൾ അനുവദിച്ചില്ലെങ്കിലും വാർ പരിശോധനയിലൂടെ പിന്നീട് ഗോൾ അനുവദിച്ചു.
Back-to-back Premier League games with a goal for John Stones 💥 pic.twitter.com/RoQJggvlPR
— B/R Football (@brfootball) April 26, 2023
രണ്ടാം പകുതിയിൽ 54-ാം മിനുറ്റിൽ കെവിൻ ഡിബ്രൂയിൻ തന്റെ രണ്ടാമത്തെെ ഗോൾ നേടി ടീമിന്റെ ലീഡ് മൂന്നായി ഉയർത്തിയതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് മത്സരം ഏകദേശം ഉറപ്പിക്കാനായി. 86-ാം മിനുറ്റിൽ റോബ് ഹോൾഡിംഗ് ആഴ്സനലിനായി ഗോൾ നേടിയെങ്കിലും മത്സരത്തിലേക്ക് തിരിച്ചു വരാൻ അപ്പോഴേക്കും സമയം ഗണ്ണേഴ്സിനു നഷ്ടമായിരുന്നു. മത്സരം അവസാനിക്കുന്നതിനു സെക്കന്റുകൾ ശേഷിക്കെ ഏർലിംഗ് ഹാളണ്ട് ആഴ്സനലിനു മുകളിൽ സിറ്റിയുടെ അവസാന ആണിയും അടിച്ചു ഗോൾ പട്ടിക പൂർത്തിയാക്കി. താരത്തിന്റെ പ്രീമിയർ ലീഗിലെ 33-ാം ഗോളാണിത്. ആൻഡി കോളും (1993-94), അലൻ ഷിയററും (1994-95) സ്ഥാപിച്ച 34 ഗോളുകളുടെ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് റെക്കോർഡ് 29 ലീഗ് മത്സരങ്ങളിൽ നിന്ന് ഇതിനകം തന്നെ 33 ഗോളുകൾ നേടിയ താരം മറികടക്കുമെന്ന് ഉറപ്പാണ്.
.@ManCity in the driving seat 🚘#MCIARS pic.twitter.com/yYtzlfzdnB
— Premier League (@premierleague) April 26, 2023
നേരത്തെ ഈ സീസണിൽ ലീഗിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ആഴ്സനലിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചിരുന്നു. 2015-നു ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വിജയിക്കാൻ കഴിയാതിരുന്ന ആഴ്സനലിന്റെ കാത്തിരിപ്പ് ഇനിയും കൂടും. ഇന്നത്തെ മത്സരം വിജയിച്ചതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 31- മത്സരങ്ങളിൽ നിന്ന് 73- പോയിന്റ് നേടാനായി. 75- പോയിന്റുമായി ആഴ്സനലാണ് ഒന്നാമതെങ്കിലും സിറ്റിയേക്കാളും രണ്ട് മത്സരം അധികം അവർ കളിച്ചിട്ടുണ്ട്.
മറ്റ് പ്രീമിയർ ലീഗ് മത്സരങ്ങൾ
മുൻ ചാമ്പ്യൻമാരായ ചെൽസി ഇന്ന് വീണ്ടും പരാജയപ്പെട്ടു. എതിരില്ലാത്ത രണ്ടു ഗോളിന് ബ്രെൻഡ്ഫോർഡായിരുന്നു ചെൽസിയെ പരാജയപ്പെടുത്തിയത്. താത്കാലിക പരിശീലകൻ ലംപാർഡിന് കീഴിൽ ഇതു വരെ ഒറ്റ മത്സരവും ജയിക്കാൻ ടീമിനു കഴിഞ്ഞിട്ടില്ല. വോൾവ്സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെയും ആസ്റ്റൺ വില്ല എതിരില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ചപ്പോൾ, ഒന്നിനെതിരെ മൂന്ന് ഗോളിനു നോട്ടിംഗ്ഹാം ഫോറസ്റ്റ് ബ്രൈറ്റനെയും ഒന്നിനെതിരെ രണ്ട് ഗോളിനു ലിവർപൂൾ വെസ്റ്റ്ഹാമിനെയും പരാജയപ്പെടുത്തി. ലീഡ്സ് യുണൈറ്റഡ് ലെസ്റ്റർ സിറ്റി മത്സരം 1-1 സമനിലയിൽ കലാശിച്ചു.