ആറ് ലിറ്റർ പാല് കുടിക്കുന്ന നീളന്‍ മുടിയുള്ള റാഞ്ചിക്കാരൻ പയ്യന്‍; ആ പഴയ ധോണി ഇതാ...
നീളന്‍ മുടിക്കാരന്റെ കൂറ്റനടിയിൽ ഇന്ത്യൻ ആരാധകർ മൂക്കത്ത് വിരൽ വെച്ചു. ബാറ്റ് ചുഴറ്റി അയാൾ ബോൾ ഗാലറി കടത്തി. ഇടക്ക് ഹെൽമെറ്റഴിച്ച് തന്റെ മുടിയൊന്ന് ഒതുക്കി
ഇന്ത്യൻ ജഴ്സിയിൽ അന്നുവരെ കാണാത്ത തരത്തിലുള്ള ശരീരപ്രകൃതം, ആറ് ലിറ്റർ പാല് കുടിക്കുന്ന ക്രിക്കറ്റർ എന്ന് മാധ്യമങ്ങൾ ചാർത്തിക്കൊടുത്ത വിശേഷണം, വിക്കറ്റിന് പിന്നിലെ ചടുലത. മഹേന്ദ്ര സിങ് ധോണി എന്ന ആ റാഞ്ചിക്കാരൻ ക്രിക്കറ്റ് പ്രേമികളുടെ സ്വന്തം മഹിയായി മാറിയ കാലം. നീളം മുടിക്കാരന്റെ കൂറ്റനടിയിൽ ഇന്ത്യൻ ആരാധകർ മൂക്കത്ത് വിരൽ വെച്ചു. ക്രീസിൽ നിന്ന് ബാറ്റ് ചുഴറ്റി അയാൾ ബോൾ ഗാലറി കടത്തി. ഇടക്ക് ഹെൽമെറ്റഴിച്ച് തന്റെ മുടിയൊന്ന് ഒതുക്കി. മഹേന്ദ്രസിങ് ധോണിയുടെ ഹെലിക്കോപ്റ്റർ ഷോട്ടിനൊപ്പം ആ മുടിയും ശ്രദ്ധിക്കപ്പെട്ടു. മികച്ച ബാറ്റിങ്ങിനും കീപ്പിങ്ങിനും ഫിറ്റ്നസിനുമൊപ്പം ചെമ്പൻ നിറത്തിലുള്ള നീളൻ മുടിയും ധോണിയ്ക്ക് കരിയറിന്റെ ആരംഭത്തിൽ തന്നെ നിരവധി ആരാധകരെ സമ്മാനിച്ചു. പിന്നീട് വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്തതിന് ശേഷം ധോണി മുടിവെട്ടിയൊതുക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ പഴയ ലുക്കിലേക്ക് എത്തിയ ധോണിയാണ് സോഷ്യൽ മീഡിയയിലെ ട്രെൻഡിങ്.
2007ലെ വിന്റേജ് ധോണിയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരു പരസ്യ ചിത്രീകരണത്തിന് വേണ്ടിയാണ് ധോണി പഴയ ലുക്കിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. സെലിബ്രിറ്റി ഹെയർസ്‌റ്റൈലിസ്റ്റ് ആലിം ഹക്കിമാണ് ധോണിയുടെ രൂപമാറ്റത്തിന് പിന്നിൽ.
ധോണിയുടെ പുതിയ രൂപഭാവം കാണിക്കുന്ന നിരവധി ചിത്രങ്ങൾ ആലിം ഹക്കിം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. 'ഞാൻ മഹിയുടെ വലിയ ആരാധകനായിരുന്നു. ഭായിയുടെ മുടിക്ക് ഒരു പുതിയ ടെക്സ്ചറും നിറവും സൃഷ്ടിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് ശരിക്കും ഞാൻ ആസ്വദിച്ചു ചെയ്തതാണ്. ആലിം ഹക്കിം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
2005-06 ഇന്ത്യയുടെ പാകിസ്താൻ പര്യടനത്തിനിടെ അന്നത്തെ പാക് പ്രസിഡന്റായ പർവേസ് മുഷറഫ് വരെ ധോണിയുടെ ലുക്കിനെ പ്രശംസിച്ചിരുന്നു. ആ നീളൻ മുടി ഒരിക്കലും വെട്ടിക്കളയരുതെന്നായിരുന്നു മുഷറഫ് ആവശ്യപ്പെട്ടത്. 2007ൽ ഇന്ത്യ ടി20 ലോകകപ്പ് ഉയർത്തിയപ്പോൾ ധോണി നീളൻ മുടിയായിരുന്നു. ധോണിയുടെ പുതിയ രൂപമാറ്റത്തിന്‍റെ പോസ്റ്റ് ഒരു മണിക്കൂറിനുള്ളിൽ 70,000 ലൈക്കുകൾ നേടിയത്.