നെയ്‌മർ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കോ?
ഈ സീസണിൽ 29 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്
ബ്രസീലിയൻ സൂപ്പർ താരം നെയ്‌മർ ഈ സീസൺ അവസാനം പി.എസ്.ജി വിടുകയാണെങ്കിൽ താരം പ്രീമിയർ ലീഗിലേക്ക് ചേക്കാറാനുളള സാധ്യത വർദ്ധിക്കുന്നു. ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകളുമായി ബദ്ധപ്പെട്ടാണ് പുതിയ അഭ്യൂഹങ്ങൾ വരുന്നത്.
ഈ വർഷമാദ്യം പി.എസ്.ജി മേധാവികളുമായുള്ള ചർച്ചയിൽ ബ്രസീലിയൻ താരത്തിന്റെ ഭാവിയെക്കുറിച്ച് ചെൽസി സഹ ഉടമ ടോഡ് ബോഹ്‌ലി ചോദിച്ചതായി പറയപ്പെടുന്നു. ഈ സീസണിൽ 29 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. എന്നാൽ ഫെബ്രുവരി 19 മുതൽ കണങ്കാലിന് പ്രശ്‌നത്തെത്തുടർന്ന് മത്സരങ്ങളിൽ പങ്കെടുത്തില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് നിരവധി മാസങ്ങളായി നെയ്മറിന്റെ അവസ്ഥ നിരീക്ഷിക്കുകയും ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരത്തിന്റെ ലഭ്യതയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. എന്നാൽ യുണൈറ്റഡിന്റെ വിൽപന നടപടികൾ പുരോഗമിക്കുന്നതിനാൽ ഈ നീക്കം തടസ്സപ്പെട്ടു. ഈ നീക്കം അടുത്ത സീസണിനു മുന്നോടിയായി ഇനിയും ഉയർന്നു വരാനിടയുണ്ട്.
നെയ്മറിന് 2025 വരെ പി.എസ്.ജിയിൽ ഒരു കരാറുണ്ട്. അദ്ദേഹത്തിന്റെ കരാറിൽ 12 മാസം അധികം നീട്ടാൻ സാധ്യതയുണ്ട്. ഈ സീസൺ മുഴുവൻ പരിക്കുമായി പുറത്തായ താരം അടുത്ത സീസണിലെ ഇനി മത്സരങ്ങളിലേക്ക് തിരിച്ചു വരുകയൊളളൂ. മെസ്സിയും പി.എസ്.ജി വിടാനുളള സാധ്യതയുളളതിനാൽ നെയ്‌മർ കൂടി പോയാൽ ടീമിന് തിരിച്ചടിയാകും.